കുടിവെള്ളം ഉള്‍പ്പടെ നികൂതിഭാരം കുത്തനെകൂട്ടിക്കൊണ്ട് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ജനങ്ങളുടെ നടുവൊടിക്കുന്ന തരത്തില്‍ നികുതി വര്‍ദ്ധന വരുത്തിയിരിക്കുകയാണ്. നിത്യോപയോഗ സാധനങ്ങള്‍ക്ക് വിലക്കയറ്റംകൊണ്ട് പൊറുതിമുട്ടിയ ജനങ്ങളെ കൊല്ലാക്കൊല ചെയ്യാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ ഒരുതരത്തിലും അംഗീകരിക്കാനാവില്ല. തിന്മയുടെ അടയാളമായ മദ്യത്തില്‍നിന്നുള്ള വരുമാനം കുറഞ്ഞു എന്നപേരിലാണ് ഈ കടുംകൈ ജനങ്ങള്‍ക്ക് നേരെ പ്രയോഗിച്ചിരിക്കുന്നത്.
മദ്യം സമ്പൂര്‍ണ്ണമായി കേരളത്തില്‍നിന്നും ഒഴിവാക്കുന്നതിലൂടെ എന്തുനഷ്ടമുണ്ടായാലും മനുഷ്യ നന്മയില്‍ വിശ്വാസമുള്ള ഒരു മനുഷ്യനും അതിനോടു സഹകരിക്കാതിരിക്കില്ല. ആ നിലയില്‍ ചെറിയതോതില്‍ നികുതിഭാരം താങ്ങാന്‍ സമൂഹത്തില്‍ ശാന്തിയും സമാധാനവുമൊക്കെ ആഗ്രഹിക്കുന്ന ഏതൊരു പൗരനും സ്വമനസാലെ സന്നദ്ധമാകുകയും ചെയ്യും. എന്നാല്‍ ആയിരക്കണക്കിന് കോടി രൂപയുടെ നികുതി കുടിശ്ശിക പിരിച്ചെടുക്കാനുള്ളപ്പോഴാണ് അതിനൊന്നും മുതിരാതെ കുടിവെള്ളക്കരം 50മുതല്‍ 60ശതമാനംവരെ കൂട്ടിക്കൊണ്ട് സര്‍ക്കാര്‍ ജനങ്ങളോട് വെല്ലുവിളി നടത്തിയിരിക്കുന്നത്. സര്‍ക്കാര്‍ സേവനത്തിന് ഈടാക്കുന്ന പത്തുമുതല്‍ ആയിരം രൂപവരെയുള്ള ഫീസുകള്‍ ഇരട്ടിയാക്കാനാണ് തീരുമാനം. പതിനായിരത്തിനുമേല്‍ 25ശതമാനമാണ് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. 369കോടി രൂപയാണ് ഇതിലൂടെ കണ്ടെത്തുന്നത്. ഭൂമിയുടെ ക്രയവിക്രയവുമായി ബന്ധപ്പെട്ട സ്റ്റാമ്പ്ഡ്യൂട്ടിയാണ് ഭീമമായ വര്‍ദ്ധനവരുത്തിയ മറ്റൊരു രംഗം. ഭാഗപത്രം, ഒഴിമുറി എന്നിവയ്ക്കു ഒരു ശതമാനവും ഇഷ്ടദാനം, ധനനിശ്ചയം എന്നിവയ്ക്ക് ഭൂമിവിലയുടെ രണ്ടുശതമാനവുമാണ് ഡ്യൂട്ടി ഇടാക്കുക. ഭൂമിയുടെ ന്യായവിലകൂട്ടാനും തീരുമാനിച്ചിരിക്കുകയാണ്. ഇതിലൂടെ സാധാരണക്കാരന് ഒരു സെന്റ്ഭൂമിപോലും ഇനി വാങ്ങുക എന്നത് അപ്രാപ്യമായിത്തീരും. ഭൂനികുതിയും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. സാധാരണക്കാരനെ ബാധിക്കുന്ന സമസ്ത മേഖലകളിലും നികുതിഭാരം അടിച്ചേല്‍പ്പിച്ചുകൊണ്ട് ജനങ്ങളെപിഴിയാനുള്ള തീരുമാനം ഒരു ജനാധിപത്യ സര്‍ക്കാരിനും ഭൂഷണമല്ല.
കൂടുതല്‍ വിഭവസമാഹരണം നടത്താന്‍ ബഡ്ജറ്റിലൂടെ 1500കോടിരൂപയുടെ നികുതി ചുമത്തിയിരുന്നു. അതിനുപുറമേയാണ് നിയമസഭചേരാതെ 2100കോടിയുടെ അധികനികുതി സര്‍ക്കാര്‍ ഉത്തരവിലൂടെ നടപ്പാക്കുന്നത്. ഇതിനെതിരെ പ്രതിപക്ഷ നേതാവ് രംഗത്തുവരുകയും ഇതുസംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ അടിയന്തിരമായി നിയമസഭ വിളിച്ചുകൂട്ടുകയും ചെയ്യണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. അദ്ദേഹം തന്നെ പറഞ്ഞത് മദ്യത്തില്‍നിന്നുള്ള വരുമാനം ഒട്ടുംതന്നെ കുറഞ്ഞിട്ടില്ലെന്നാണ്. പ്ലാനില്‍ വകകൊള്ളിക്കാത്ത പുതിയ പദ്ധതികളൊന്നും സര്‍ക്കാര്‍ നടപ്പാക്കാതെ എങ്ങനെയാണ് കേരളം കടക്കെണിയില്‍ പെട്ടതെന്ന പ്രതിപക്ഷനേതാവിന്റെ ചോദ്യം പ്രസക്തമാണ്.
ജനങ്ങളുടെ മേല്‍ നികുതിഭാരം ഏര്‍പ്പെടുത്താനുള്ള തീരുമാനത്തില്‍നിന്നും സര്‍ക്കാര്‍ പുറകോട്ടുപോകണം. അതേ സമയം അധികനികുതി അടയ്ക്കരുതെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ ആഹ്വാനം ജനാധിപത്യ വിരുദ്ധമെന്നേ പറയാന്‍ കഴിയൂ. സ്വാതന്ത്ര്യ സമരകാലഘട്ടത്തില്‍ നികുതിനിഷേധമെന്ന ആയുധം പ്രയോഗിച്ചത് ബ്രിട്ടീഷുകാരെ ഭാരതത്തില്‍നിന്നു കെട്ടുകെട്ടിക്കാനാണ്. എന്നാല്‍ പ്രതിപക്ഷത്തെ മുഖ്യകക്ഷി എന്നനിലയില്‍ സി.പി.എമ്മിന് ആര്‍ജ്ജവമുണ്ടെങ്കില്‍ ശക്തമായ പ്രക്ഷോഭത്തിലൂടെ നീതി വര്‍ദ്ധനയ്‌ക്കെതിരെ രംഗത്തുവരികയാണ് വേണ്ടത്. മറിച്ച് നികുതി നിഷേധത്തിന് ആഹ്വാനം ചെയ്തത് നിയമവ്യവസ്ഥ നിലനില്‍ക്കുന്ന ഒരു രാജ്യത്ത് അരാജകത്വം സൃഷ്ടിക്കാനേ ഇടയാക്കൂ എന്നത് മറക്കരുത്.
പ്രതിപക്ഷത്തിന് ഇത്തരത്തില്‍ ഒരായുധം നല്‍കാതെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിന് ജനങ്ങളില്‍ അമിതഭാരമേല്‍പ്പിക്കാതെ മാര്‍ഗ്ഗങ്ങള്‍ സര്‍ക്കാരിന് കണ്ടെത്താമായിരുന്നു. അതാണ് ഭരണാധികാരികള്‍ ചെയ്യേണ്ടത്. ജനങ്ങളെ കൊല്ലാക്കൊല ചെയ്ത് നികുതിഭാരം അടിച്ചേല്‍പ്പിച്ച് പണം കണ്ടെത്താന്‍ ആര്‍ക്കും കഴിയും. അതല്ല ഒരു ഭരണാധികാരിയില്‍ നിന്ന് ജനങ്ങള്‍ പ്രതീക്ഷിക്കുന്നത്.
Discussion about this post