സമ്പൂര്‍ണ്ണ മദ്യ നിരോധനം എന്ന യാഥാര്‍ത്ഥ്യത്തിലേക്ക് കേരളം ചുവടുവച്ചിരിക്കുകയാണ്. എന്നാല്‍ എസ്.എന്‍.ഡി.പി.യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് സമ്പൂര്‍ണ്ണ മദ്യ നിരോധനത്തിനോട് യോജിപ്പില്ല എന്നുമാത്രമല്ല ബാറുകള്‍ പൂട്ടിയതിനെതിരെയും ശക്തമായ നിലപാടുമായി മുന്നോട്ടുപോകുകയാണ്. മദ്യം ഉണ്ടാക്കുന്നവരെയും വില്‍ക്കുന്നവരെയും കഴിക്കുന്നവരെയും ഒറ്റപ്പെടുത്തണമെന്നായിരുന്നു ശ്രീനാരായണ ഗുരുദേവന്‍ ആഹ്വാനം ചെയ്തത്. ആ ഗുരുവര്യന്‍ ജന്മം നല്‍കിയ പ്രസ്ഥാനത്തിന്റെ അമരത്തിലിരുന്നുകൊണ്ടാണ് വെള്ളാപ്പള്ളി നടേശന്‍ മദ്യത്തിനുകൂലമായ ശക്തമായ നിലപാടു സ്വീകരിച്ചിരിക്കുന്നത്. ഇന്നലെ ശിവഗിരിയില്‍ നടന്ന ശ്രീനാരായണഗുരു മഹാസമാധി വാര്‍ഷിക ചടങ്ങിനിടെ എസ്.എന്‍.ഡി.പി. നിലപാടിനെതിരെ ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ രംഗത്തെത്തിയത് ശ്രദ്ധേയമാണ്.
ശ്രീ നാരായണ ഭക്തര്‍ക്ക് ഉള്‍ക്കൊള്ളാവുന്നതല്ല വെള്ളാപ്പള്ളി നടേശന്റെ മദ്യനയമെന്നും ഇതുവ്യക്തിപരമാകാമെന്നും അല്ലങ്കില്‍ മറ്റാരുടെയെങ്കിലും അഭിപ്രായമാകാമെന്നുമാണ് സ്വാമി പറഞ്ഞത്. എസ്.എന്‍.ഡി.പിക്ക് മദ്യനയത്തിന്റെ കാര്യത്തില്‍ ശിവഗിരി മഠത്തിന്റെ പിന്‍തുണയില്ലെന്ന് അസന്നഗ്ദ്ധമായ ഭാഷയില്‍ത്തന്നെ അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഇതിനെതിരെ വെള്ളാപ്പള്ളി രംഗത്തുവന്നത് മഠത്തിന്റെ നിലപാടുകള്‍ ശരിവയ്ക്കുന്നതാണ്. ശിവഗിരിമഠം രാഷ്ട്രീയ ആദര്‍ശങ്ങളുടെ പ്രാചാരണത്തിന്റെ വേദിയാക്കരുതെന്നുപറഞ്ഞുകൊണ്ടാണ് തന്റെ നിലപാടിനെ ന്യായീകരിക്കാന്‍ വെള്ളാപ്പള്ളി ശ്രമിക്കുന്നത്. രാഷ്ട്രീയ പ്രചാരണങ്ങള്‍ക്ക് സന്യാസിമാര്‍ അവസരം നല്‍കരുതെന്നും അപ്രായോഗികമായതിനാല്‍ മദ്യനയത്തോടുള്ള പ്രചാരണം തുടരുമെന്നുമാണ് വെള്ളാപ്പള്ളി തുറന്നടിച്ചിരിക്കുന്നത്. ഇവിടംകൊണ്ടും നിര്‍ത്താത്ത വെള്ളാപ്പള്ളി പറയുന്നത് ശിവഗിരമഠത്തിനും മദ്യവ്യവസായികളുടെ സഹായം ലഭിച്ചിട്ടുണ്ടെന്നും സമുദായത്തിന്റെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് മദ്യവ്യവസായികള്‍ സഹായിക്കുന്നുണ്ടെന്നുമാണ്. ശ്രീനാരായണഗുരു കുത്തകകളില്‍നിന്ന് സഹായം സ്വീകരിച്ചിരുന്നതായി പറഞ്ഞുകൊണ്ട് ആ മഹാത്മാവിനെയും ആക്ഷേപിക്കാന്‍ വെള്ളാപ്പള്ളി അവസരം കണ്ടെത്തി.
ഏതെങ്കിലും സമുദായമോ സംഘടനയോ മദ്യനിരോധനത്തിനെതിരായ നിലപാട് സ്വീകരിച്ചാല്‍ ശിവഗിരിമഠം ഗുരുദര്‍ശനത്തില്‍ ഉറച്ചുനില്‍ക്കുമെന്നും സംസ്ഥാനത്ത് സമ്പൂര്‍ണ്ണ മദ്യ നിരോധനമാണ് ആഗ്രഹിക്കുന്നതെന്നുമുള്ള സ്വാമി ഋതംഭരാനന്ദയുടെ വാക്കുകള്‍ സമൂഹത്തിന്റെയും നാളത്തെ തലമുറയുടെയും നന്മ ആഗ്രഹിക്കുന്ന ഏതൊരു മനുഷ്യനും നെഞ്ചിലേറ്റുമെന്നുറപ്പാണ്. ലക്ഷക്കണക്കിന് യുവാക്കളെ മദ്യത്തിന്റെ നീരാളിക്കൈകളിലേക്ക് തള്ളിയിട്ട് അതില്‍നിന്ന് കിട്ടുന്ന വരുമാനത്തിന്റെ ചില്ലിക്കാശുകൊണ്ട് സമുദായത്തിന്റെ ക്ഷേമപ്രവര്‍ത്തനം നടത്തുന്നതുകൊണ്ട് ആര്‍ക്കാണ് ഫലം? മദ്യമെന്ന തിന്മയെ കേരളത്തിന്റെ മണ്ണില്‍നിന്നും എന്നെന്നേക്കുമായി ഒഴിവാക്കാനുള്ള ശ്രമത്തില്‍ വെള്ളാപ്പള്ളി നടേശന്‍ പുറംതിരിഞ്ഞുനില്‍ക്കുന്നത് സമുദായ താല്പര്യംമൂലമാണെന്ന് ബുദ്ധിയുള്ള ആര്‍ക്കും ചിന്തിക്കാന്‍ കഴിയില്ല. അദ്ദേഹത്തിന്റെ വ്യക്തിപരമായ നേട്ടങ്ങള്‍ തന്നെയാണ് ഈ നിലപാടിനുപിന്നിലാണെന്നത് പച്ചയായ സത്യമാണ്.
തൊട്ടുകൂടായ്മയുടെയും തീണ്ടിക്കൂടായ്മയുടെയും മനുഷ്യത്വരഹിതമായ ഒരു കാലഘട്ടത്തില്‍ കേരളത്തിലെ ഈഴാവാദി പിന്നോക്കസമുദായങ്ങളെ പുരോഗതിയുടെ പാതയിലേക്ക് കൈപിടിച്ചു നടത്താന്‍ തന്റെ തപശ്ചക്തിയും കര്‍മ്മശേഷിയും ഉപയോഗിക്കുമ്പോള്‍തന്നെ സമുദായത്തെ നശിപ്പിക്കുന്ന മദ്യത്തിനെതിരെകൂടി ശ്രീനാരായണഗുരു ഓര്‍മ്മിപ്പിച്ചത് അതിന്റെ ഭവിഷ്യത്ത് മുന്നില്‍ക്കണ്ടുകൊണ്ടുതന്നെയാണ്. അതിനെയാണ് എസ്.എന്‍.ഡി.പിയോഗം എതിര്‍ക്കുന്നതെങ്കില്‍ ശ്രീ നാരായണദര്‍ശനത്തോട് എസ്.എന്‍.ഡി.യോഗത്തിനും വെള്ളപ്പള്ളി നടേശനും കൂറുണ്ടെന്ന് പറയാനാവില്ല. ശ്രീനാരായണ ധര്‍മ്മസംഘവും എസ്.എന്‍.ഡി.പിയോഗവും രണ്ടുവഴികളിലാണ് സഞ്ചരിക്കുന്നതെന്ന് മദ്യനയത്തിലെ നിലപാടുകളോടെ വ്യക്തമായി. ശ്രീനാരായണ ദര്‍ശനമില്ലാത്ത എസ്.എന്‍.ഡി.പിയോഗം ആത്മാവില്ലാത്ത ഒരു പ്രസ്ഥാനം മാത്രമാണെന്ന് മനസ്സിലാക്കാനുള്ള വിവേകം അതിനെ നയിക്കുന്നവര്‍ക്ക് ഉണ്ടാവണം.
Discussion about this post