മാനവരാശി ഇന്ന് എത്തിനില്‍ക്കുന്ന നേട്ടങ്ങള്‍ക്കെല്ലാം കാരണം ശാസ്ത്രവും സാങ്കേതികവിദ്യയും തന്നെയാണ്. എന്നാല്‍ സഹസ്രാബ്ദങ്ങളിലൂടെ മനുഷ്യന്‍ രൂപപ്പെടുത്തിയ ധര്‍മ്മബോധവും മൂല്യവും നന്മയുമൊക്കെ നിരാകരിച്ചുകൊണ്ട് ശാസ്ത്രത്തിനു പുറകേയുള്ള പാച്ചില്‍ അവനെ വീണ്ടും പ്രാകൃതമനുഷ്യനായി മാറ്റുകയേ ഉള്ളൂ. മൂല്യങ്ങളില്ലാത്ത ശാസ്ത്രം തകര്‍ക്കുന്നത് മനുഷ്യന്‍ ഇന്നുവരെ നേടിയ എല്ലാ ധര്‍മ്മശാസ്ത്രങ്ങളേയുമായിരിക്കും.
പയ്യന്നൂരില്‍ പ്രസവവാര്‍ഡിലെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയിലൂടെ പ്രചരിപ്പിക്കുന്നതിന് കാരണമായത് മൂല്യബോധം നഷ്ടപ്പെട്ട ചിലരുടെയെങ്കിലും ചെയ്തികളായിരിക്കും. പ്രസവവാര്‍ഡില്‍നിന്നുള്ള ദൃശ്യങ്ങള്‍ മൊബൈല്‍ഫോണ്‍ ക്യാമറയില്‍ പകര്‍ത്തി സോഷ്യല്‍മീഡിയ വഴി പ്രചരിപ്പിക്കുകയായിരുന്നു. പ്രസവം എന്ന ജീവരാശിയുടെ ഏറ്റവും പവിത്രമായ ഒരു കര്‍മ്മത്തെയാണ് അധമവികാരത്തിന് വഴിപ്പെട്ട് മൊബൈല്‍ഫോണിലൂടെ പകര്‍ത്തിപ്രചരിപ്പിക്കുന്നതിന് ഇടയാക്കിയത്. പയ്യന്നൂര്‍ ഗവണ്‍മെന്റ് ആശുപത്രിയില്‍ ഒന്നരമാസംമുമ്പാണ് സംഭവം ഉണ്ടായത്. ഇതുസംബന്ധിച്ച് യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ മൂന്ന് ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ ഏഴുപേര്‍ക്കെതിരെ കേസെടുത്തു. ഇക്കാര്യം അടിയന്തിരമായി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആരോഗ്യമന്ത്രിയും ആവശ്യപ്പെട്ടിണ്ട്.
ഏറ്റവും സ്വകാര്യമായ പ്രസവം എന്ന കര്‍മ്മംപോലും മൊബൈല്‍ഫോണിലൂടെ പകര്‍ത്തിയെന്നത് അത്യന്തം ഗൗരവം അര്‍ഹിക്കുന്ന കാര്യമാണ്. ശ്രദ്ധയില്‍പ്പെട്ടതുകൊണ്ടുമാത്രമാണ് ഇക്കാര്യം വാര്‍ത്താ പ്രാധാന്യം നേടിയത്. എന്നാല്‍ ഇതിനുമുമ്പും ഇത്തരത്തില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയില്ലാ എന്ന് എങ്ങനെ ഉറപ്പുപറയാനാകും. ഡോക്ടര്‍മാരുടെ ശ്രദ്ധയില്‍പ്പെടാതെ ഇത്തരത്തില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയിട്ടുണ്ടെങ്കില്‍ തീര്‍ച്ചയായും ആശുപത്രികളിലെ പ്രസവമുറികളിലെ സുരക്ഷ കൂടുതല്‍ കര്‍ശനമാക്കേണ്ടിയിരിക്കുന്നു. അതല്ല ഡോക്ടര്‍മാരുടെ അറിവോടെയാണ് ഇത്തരമൊരു നടപടിയുണ്ടായതെങ്കില്‍ അത്തരക്കാരെ ആതുരസേവകരെന്ന് ഒരിക്കലും വിശേഷിപ്പിക്കാനാകില്ല. ഡോക്ടര്‍മാരെ ദൈവികമായ പരിവേഷത്തോടെ കാണുന്നവരാണ് ജനങ്ങളില്‍ ഭൂരിഭാഗവും. എന്നാല്‍ ആ ഗണത്തില്‍പ്പെട്ട ഡോക്ടര്‍ എണ്ണത്തില്‍ കുറവാണ്. ഇപ്പോഴും ഒരു വിഭാഗം ഡോക്ടര്‍മാര്‍ തങ്ങളുടെ കര്‍മ്മമേഖലയായ ആതുരസേവനത്തെ ഏറ്റവും പുണ്യപ്രവര്‍ത്തനമായി കണക്കാക്കിത്തന്നെയാണ് മുന്നോട്ടുപോകുന്നത്. എന്നാല്‍ ഇവരുടെയിടയ്‌ക്കൊക്കെ അധമവികാരമുള്ളവര്‍ ഉണ്ട് എന്നാണ് ഈ സംഭവം വ്യക്തമാക്കുന്നത്.
ഇതുസംബന്ധിച്ച് കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിസ്വീകരിക്കാന്‍ തയ്യാറാകണം. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ടിലെ ജാമ്യമില്ലാവകുപ്പനുസരിച്ചാണ് കേസെടുത്തിരിക്കുന്നത്. എന്നാല്‍ തെറ്റുകാര്‍ ശിക്ഷിക്കപ്പെടുമെന്ന് ഉറപ്പാക്കുന്നതരത്തിലാകണം പോലീസ് മുന്നോട്ടുപോകേണ്ടത്. പ്രസവമുറികളിലെ സ്വകാര്യതപോലും സോഷ്യല്‍മീഡിയവഴി പ്രചരിപ്പിക്കുക എന്ന ഹീനകര്‍മ്മം പ്രബുദ്ധമായ ഒരു ജനതയ്ക്കും ഒരിക്കലും ഭൂഷണമല്ല. കേരളം പൂര്‍ണ്ണ സാക്ഷരത കൈവരിച്ചു എന്നാണ് അഭിമാനിക്കുന്നത്. എന്നാല്‍ പ്രബുദ്ധതയും മൂല്യബോധവും കേരളത്തിന്റെ മണ്ണില്‍നിന്ന് അപ്രത്യക്ഷമാകുന്നോ എന്നാണ് ഈ സംഭവം വിരല്‍ചൂണ്ടുന്നത്.
Discussion about this post