സര്‍വപ്രതാപത്തില്‍ വാണുകൊണ്ടു ലോകംമുഴുവന്‍ തന്റെ കാല്‍കീഴിലാണെന്ന് വിശ്വസിക്കുകയും അഹന്തയുടെയും ധാര്‍ഷ്ട്യത്തിന്റെയും പ്രതിരൂപമായി തമിഴ്‌നാട് അടക്കിഭരിക്കുകയും ചെയ്ത ജയലളിതയുടെ ഇപ്പോഴത്തെ സ്ഥിതി സ്വയംകൃതാനര്‍ത്ഥമാണ്. ‘കാലം മാറിവരും കാറ്റിന്‍ഗതിമാറും’ എന്നത് ഒരു സിനിമാഗാനമാണെങ്കിലും അതിന്റെ അര്‍ത്ഥതലങ്ങള്‍ വളരെ വലുതാണ്. സിംഹാസനത്തില്‍നിന്ന് ഒരിക്കലും ഇറങ്ങേണ്ടിവരില്ലെന്നു ധരിച്ച ജയലളിത ഇന്ന് ബംഗളുരുവിലെ പരപ്പന അഗ്രഹാര ജയിലില്‍ അഴിയെണ്ണുകയാണെന്നുത് ഭരണാധികാരികള്‍ക്കും പൊതു പ്രവര്‍ത്തകര്‍ക്കുമുള്ള ഒരു താക്കീതാണ്.
അനധികൃത സ്വത്തുസമ്പാദനക്കേസിലാണ് ജയലളിതയെ നാലുവര്‍ഷം തടവിനും നൂറുകോടിരൂപ പിഴയടക്കാനും വിധിച്ചത്. കൂട്ടുപ്രതികളായ തോഴി ശശികല, ഇളവരശി, സുധാകരന്‍ എന്നിവര്‍ക്ക് നാലുവര്‍ഷം തടവുകൂടാതെ പത്തുകോടിരൂപവീതം പിഴയും വിധിച്ചിട്ടുണ്ട്. ചരിത്രത്തിലെ ഏറ്റവും വലിയ പിഴശിക്ഷയാണ് ജയലളിതയ്ക്കുമേല്‍ ചുമത്തിയിരിക്കുന്നത്. ശിക്ഷാകാലയളവായ നാലുവര്‍ഷത്തിനുപുറമേ ജനപ്രാതിനിധ്യനിയമമനുസരിച്ച് പിന്നീട് ആറുവര്‍ഷംകൂടി ഒരു തെരഞ്ഞെടുപ്പിലും ജയലളിതയ്ക്കു മത്സരിക്കാനാവില്ല. പത്തുവര്‍ഷക്കാലം ഇനി ജയലളിതയ്ക്ക് ഒരര്‍ത്ഥത്തില്‍ രാഷ്ട്രീയവനവാസമാണ്. ഇപ്പോള്‍ പനീര്‍ശെല്‍വത്തെ മുഖ്യമന്ത്രിയാക്കി ഭരണം തുടരാനാണ് ജയലളിതയുടെ പുറപ്പാട്. എന്നാല്‍ എത്രകാലം റിമോര്‍ട്ട്കണ്‍ട്രോള്‍ ജയലളിതയുടെ കൈകളില്‍ ഭദ്രമായിരിക്കുമെന്ന് വ്യക്തമല്ല.
ദേശീയരാഷ്ട്രീയത്തിലുണ്ടായിരിക്കുന്ന ചലനങ്ങള്‍ ദ്രാവിഡരാഷ്ട്രീയത്തിന്റെ ഈറ്റില്ലമായ തമിഴ്‌നാട്ടിലും മാറ്റങ്ങള്‍ക്കിടയാക്കുമെന്നുറപ്പാണ്. സുബ്രഹ്മണ്യസ്വാമിയാണ് ജയലളിതയക്കെതിരെയുള്ള കേസിനു തുടക്കമിട്ടതെങ്കിലും ഡി.എം.കെ.സര്‍ക്കാരാണ് കേസെടുത്തത്. എന്നാല്‍ ടു.ജി.സ്‌പെക്ട്രം കേസില്‍ ഒന്നേമുക്കാല്‍ ലക്ഷം കോടിയുടെ അഴിമതി ആരോപണത്തില്‍ മുങ്ങിനില്‍ക്കുകയാണ് ഡി.എം.കെ. ആ നിലയില്‍ തമിഴ്‌നാട്ടില്‍ ഇരുദ്രാവിഡ കക്ഷികളും അഴിമതിയുടെ പര്യായമാി മാറിക്കഴിഞ്ഞു. സൗജന്യങ്ങള്‍ നല്‍കി കണ്ണില്‍ പൊടിയിട്ടുകൊണ്ട് ജനങ്ങളുടെ കണ്ണിലുണ്ണിയാകാനുള്ള ശ്രമമാണ് കഴിഞ്ഞകുറേനാളുകളായി ജയലളിത നടത്തിവന്നത്. ഇതിന്റെ പ്രതിഫലനമാണ് ജയയെ ശിക്ഷിച്ചപ്പോള്‍ അവിടെ ഉണ്ടായ അക്രമസംഭവങ്ങള്‍. എന്നാല്‍ അതൊക്കെ താല്‍ക്കാലികമായ ചില വിക്ഷോഭങ്ങളായി കെട്ടടങ്ങും; തുടര്‍ന്ന് മാറ്റത്തിന്റെ കാറ്റ് വീശിതുടങ്ങുമെന്നും ഉറപ്പാണ്. അഴിമതിവിമുക്തവും ജനക്ഷേമകരവുമായ ഒരു ഭരണമാണ് നരേന്ദ്രമോഡി സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്നത്. ആ ആശയങ്ങളുടെ ഓളങ്ങള്‍ തമിവ്‌നാട് രാഷ്ട്രീയത്തിലും ഉണ്ടാകാതെവയ്യ.
അഴിമതിയെന്ന ദുര്‍ഭൂതം ഗ്രസിച്ച ഭാരതത്തിലെ രാഷ്ട്രീയരംഗത്തെ ശുദ്ധീകരിക്കാനുള്ള വലിയൊരു ശ്രമമാണ് നീതിപീഠത്തിന്റെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നത്. ഇക്കാര്യത്തില്‍ സുബ്രഹ്മണ്യസ്വാമിയും വിധിപറഞ്ഞ ജഡ്ജി ജോണ്‍ മൈക്കിള്‍ ഡി ‘ കുനയും ചരിത്രത്തിന്റെ ഭാഗമാകുകയാണ്. എല്ലാ സമ്മര്‍ദ്ദങ്ങളെയും അതിജീവിച്ചുകൊണ്ട് സത്യത്തിന്റെയും നീതിയുടെയും ഭാഗത്തുനിന്നുകൊണ്ടാണ് വിധിയുണ്ടായിരിക്കുന്നത്. ദേശീയപതാക പറപ്പിച്ച കാറില്‍ സംസ്ഥാനമുഖ്യമന്ത്രിയായി കോടതിക്കുമുന്നില്‍ വന്നിറങ്ങിയ ജയലളിതയ്ക്കുപോകേണ്ടിവന്നത് ജയലിലേക്കാണ് എന്നത് ഭാരതത്തിലെ ജുഡീഷ്യറിയുടെ ശക്തിയാണു തെളിയിക്കുന്നത്. ഇത് ഭരണകൂടത്തിന് നേതൃത്വം നല്‍കുന്നവരും രാഷ്ട്രീയപ്രവര്‍ത്തകരും പൊതുപ്രവര്‍ത്തകരുമൊക്കെ എപ്പോഴും ഓര്‍ക്കേണ്ട ഒന്നാണ്. തങ്ങള്‍ വഹിക്കുന്ന സ്ഥാനം ജനങ്ങള്‍ വിശ്വസിച്ചേല്‍പ്പിച്ചതാണെന്നും പൊതുമുതലില്‍ ഒരു രൂപപോലും കട്ടെടുക്കാനുളളതല്ലെന്നും സ്വന്തം താല്‍പര്യത്തിനും പണംസമ്പാദനത്തിനും അധികാരസ്ഥാനങ്ങള്‍ ദുരുപയോഗപ്പെടുത്തരുതെന്നും ഈ വിധി ഓര്‍മ്മിപ്പിക്കുന്നു. നീണ്ട പതിനെട്ടുവര്‍ഷത്തെ നിയമപോരാട്ടത്തിനുശേഷമാണ് വിധിയുണ്ടായിരിക്കുന്നതെന്നത് എത്രകാലം കഴിഞ്ഞാലും അഴിമതിക്കാര്‍ക്ക് അഴി എണ്ണേണ്ടിവരും എന്നുകൂടിയുള്ള മുന്നറിയിപ്പാണ്.
Discussion about this post