തിരുവനന്തപുരം: പന്ത്രണ്ടുവയസ്സിനുതാഴെ പ്രായമുളള കുട്ടികളെ പങ്കെടുപ്പിച്ച് പാരാസെയിലിങ് നടത്തരുതെന്ന് സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മീഷന്‍ ഉത്തരവ് പുറപ്പെടുവിച്ചു. കണ്ണൂര്‍ മുഴുപ്പിലങ്ങാട് ബീച്ചില്‍ 11 മാസം പ്രായമുളള കുട്ടിയെ പാരാസെയിലിങ്ങിന് വിധേയമാക്കിയ സംഭവത്തില്‍ സ്വമേധയാ കൈക്കൊണ്ട കേസ് തീര്‍പ്പാക്കിക്കൊണ്ടാണ് കമ്മീഷന്‍ ഉത്തരവ് പുറപ്പെടുവിച്ചത്.
ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്താല്‍ സ്വീകരിക്കേണ്ട നടപടി സംബന്ധിച്ച് ജില്ലാ പൊലീസ് മേധാവികള്‍ക്ക് നിര്‍ദ്ദേശം നല്‍കാന്‍ സംസ്ഥാന പോലീസ് മേധാവി ഉത്തരവ് പുറപ്പെടുവിക്കണമെന്നും കമ്മീഷന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. സാഹസിക സ്‌പോര്‍ട്‌സും പാരാസെയിലിങും നടത്തുന്നത് സംബന്ധിച്ച് കേന്ദ്ര വിനോദസഞ്ചാരവകുപ്പ് പുറപ്പെടുവിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും അത്തരം സാഹസികപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് ജില്ലാ കളക്റ്ററുടെ അനുവാദം വാങ്ങിയിരിക്കണമെന്നും കമ്മീഷന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. പാരാസെയിലിങ് ഉള്‍പ്പെടെയുളള സാഹസിക സ്‌പോര്‍ട്‌സ് ഇനങ്ങള്‍ നിയന്ത്രിക്കുന്നതിന് നിയമനിര്‍മ്മാണം നടത്തണമെന്ന് ചീഫ് സെക്രട്ടറിയോടും കമ്മിഷന്‍ ആവശ്യപ്പെട്ടു.
Discussion about this post