സ്വാമി വിവേകാനന്ദന്‍ 1893-ല്‍ അമേരിക്കയിലെ ഷിക്കാഗോയില്‍ നടത്തിയ വിശ്വപ്രശസ്തമായ പ്രസംഗം ലോകചരിത്രത്തിന്റെ ഗതിയില്‍ത്തന്നെ സാരമായ മാറ്റംവരുത്തിയ ഒന്നായിരുന്നു. ഭാരതീയ സംസ്‌കാരത്തെക്കുറിച്ച് പാശ്ചാത്യലോകത്തിന്റെ മൂഢവിശ്വാസങ്ങളെ തകര്‍ത്തെറിഞ്ഞ വിസ്‌ഫോടകാത്മകമായ വാക്പ്രവാഹമായിരുന്നു വിവേകാനന്ദന്റേത്. അന്നുവരെ ലോകം ശ്രവിക്കാത്ത ഉജ്ജ്വല വാഗ്‌ധോരണിയില്‍ അമേരിക്കയും പാശ്ചാത്യലോകവും ത്രസിച്ചുനിന്നു. ആത്മീയതയുടെ ഔന്നത്യത്തില്‍ നില്‍ക്കുന്ന ഭാരതത്തിലേക്ക് മതപ്രചാരണത്തിന് മിഷണറിമാരെ അയയ്ക്കുന്നത് സൂര്യപ്രഭയ്ക്കുമുന്നില്‍ മെഴുകുതിരി വെട്ടവുമായി കടന്നുചെല്ലുന്നതുപോലെയെന്നാണ് അന്ന് ഒരു പാശ്ചാത്യപണ്ഡിതന്‍ അഭിപ്രായപ്പെട്ടത്.
ശ്രീരാമകൃഷ്ണ പരമഹംസന്റെ തപശ്ചക്തിമുഴുവന്‍ ഏറ്റുവാങ്ങിയ ശിഷ്യനായ നരേന്ദ്രന്‍ ഭാരതത്തിന്റെ ആയിരം വര്‍ഷത്തെ അടിമത്വത്തിന്റെ ചങ്ങലക്കെട്ടിനെ ആത്മീയശക്തികൊണ്ടു തകര്‍ത്തെറിയുകയായിരുന്നു. കൃത്യം 121 വര്‍ഷം എത്തുമ്പോള്‍ മറ്റൊരു നരേന്ദ്രന്‍ അമേരിക്കയുടെ മണ്ണില്‍ ഭാരതത്തിന്റെ ധര്‍മ്മപതാക പാറിച്ചുകൊണ്ട് ആധുനിക ലോകത്തിന്റെ ചരിത്രപുരുഷനായി മാറുകയാണ്. ആ വര്‍ഷത്തിനുപോലും ഈശ്വരീയമായ ഒരു പ്രത്യേകതയുണ്ട്.
നരേന്ദ്രമോഡിയുടെ അമേരിക്കന്‍ സന്ദര്‍ശനം ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാഷ്ട്രവും ഏറ്റവും ശക്തമായ ജനാധിപത്യരാഷ്ട്രവും തമ്മിലുള്ള ഐക്യത്തിലൂടെയും പങ്കുവയ്ക്കലിലൂടെയും ലോകത്തിന് പുതിയ മാതൃക സൃഷ്ടിക്കുകയാണ്. ലോകസാമ്പത്തിക ശക്തിയായി വളരുന്ന ഭാരതത്തിന്റെ ദ്രുതപ്രയാണം തിരിച്ചറിയുന്ന അമേരിക്ക ഭാരതത്തെ തങ്ങളോടൊപ്പം നിര്‍ത്തേണ്ടതിന്റെ അനിവാര്യത നേരത്തെതന്നെ മനസ്സിലാക്കിയിരുന്നു. ഇരുപത്തിയൊന്നാം നൂറ്റാണ്ട് ഭാരതത്തിന്റേതായിരിക്കുമെന്ന് മോഡിതന്നെ അമേരിക്കന്‍മണ്ണില്‍നിന്ന് പറയുമ്പോള്‍ ആ വാക്കുകളിലൂടെ യാഥാര്‍ത്ഥ്യമാകുന്നത് മഹര്‍ഷി അരവിന്ദിന്റെ കഴിഞ്ഞനൂറ്റാണ്ടിലെ പ്രവചനമാണ്.
ലോകത്തെ ഏറ്റവും ശ്രദ്ധേയമായ പത്രങ്ങളിലൊന്നായ വാഷിങ്ടണ്‍പോസ്റ്റില്‍ നരേന്ദ്രമോഡിയും ബരാക് ഒബാമയും സംയുക്തമായി എഴുതിയ മുഖപ്രസംഗം പുതുമയും അതേസമയം ഭാരതത്തിന് ലോകഗതിയിലുള്ള പ്രാധാന്യം വെളിപ്പെടുത്തുന്നതുംകൂടിയാണ്. ഷിക്കാഗോയിലെ ലോകമത പാര്‍ലമെന്റില്‍ സ്വാമി വിവേകാനന്ദന്‍ നടത്തിയ പ്രസംഗത്തെ അനുസ്മരിപ്പിക്കുന്ന മുഖപ്രസംഗം ഇരുരാജ്യങ്ങളും ഉയര്‍ത്തിപ്പിടിക്കുന്ന പൊതുമൂല്യങ്ങളും താല്പര്യങ്ങളും പ്രതിഫലിപ്പിക്കുന്നു.
ചൊവ്വാദൗത്യത്തിലെ ഉജ്ജ്വല വിജയത്തിനുശേഷം നരേന്ദ്രമോഡി നടത്തിയ അമേരിക്കന്‍ ജൈത്രയാത്ര ഒരു പുതുയുഗത്തിന്റെ ആരംഭമാണ്. വന്‍ വ്യവസായികളെ ഭാരതത്തിലേക്ക് ക്ഷണിക്കാന്‍ ഈ സന്ദര്‍ശനത്തിലൂടെ മോഡിക്കു കഴിഞ്ഞു. ഭാരതത്തിന്റെ ഭൗതിക സാഹചര്യങ്ങള്‍ വിപ്ലവാത്മകമായി മാറ്റുന്നതിന് അമേരിക്കന്‍ സന്ദര്‍ശനത്തിലൂടെ മോഡി ലക്ഷ്യമിട്ടിരുന്നു. അക്കാര്യത്തില്‍ അദ്ദേഹം വിജയംകണ്ടുവെന്നത് ഉറപ്പാണ്. മോഡിയുടെ സന്ദര്‍ശനത്തിന് അമേരിക്ക എത്രമാത്രം പ്രാധാന്യം നല്‍കി എന്നതിനുള്ള തെളിവാണ് വാഷിങ്ടണിലെ മാര്‍ട്ടിന്‍ ലൂഥര്‍കിംഗ് സ്മാരകം മോഡി സന്ദര്‍ശിച്ചപ്പോള്‍ പ്രോട്ടോക്കോള്‍ മറികടന്നുകൊണ്ട് ബരാക് ഒബാമ അദ്ദേഹത്തെ അനുഗമിച്ചത്.
നവരാത്രി നാളുകളിലാണ് ബരാക് ഒബാമ അമേരിക്കയുടെ മണ്ണില്‍ ഭാരതത്തിന്റെ പദമുദ്ര ചാര്‍ത്തിയത്. അവിടെയും ഭാരതീയ സംസ്‌കാരത്തിന്റെ മഹിമ എന്തെന്ന് അദ്ദേഹത്തിന് വെളിപ്പെടുത്തി. വൈറ്റ്ഹൗസില്‍ അത്യപൂര്‍വ്വമായി മാത്രം ഒരുക്കുന്ന ഗംഭീരമായ സ്വകാര്യ വിരുന്നില്‍ മോഡിയുടെ മുന്നിലുണ്ടായിരുന്നത് ഒഴിഞ്ഞപാത്രമായിരുന്നു. നവരാത്രിവ്രതത്തിലായിരുന്ന മോഡി ചൂടുവെള്ളം കുടിക്കുകമാത്രമേ ചെയ്തുള്ളൂ. നാലുപതിറ്റാണ്ടായി തുടര്‍ന്നുവരുന്ന വ്രതം മുടക്കാന്‍ അമേരിക്കന്‍മണ്ണില്‍പോലും മാഡി തയ്യാറായില്ല.
ഷിക്കാഗോയിലെ പ്രസംഗത്തിലൂടെ ഒരു നരേന്ദ്രന്‍ ഉറങ്ങിക്കിടന്ന ഭാരതത്തെ ഉണര്‍ത്തിയെങ്കില്‍ 121ര്‍ഷം എത്തുമ്പോള്‍ മറ്റൊരു നരേന്ദ്രന്‍ എല്ലാ അര്‍ത്ഥത്തിലും ഭാരതത്തെ ലോകത്തിന്റെ നെറുകയില്‍ പ്രതിഷ്ഠിക്കാനുള്ള ജൈത്രയാത്രയിലാണ്. അതിന്റെ ഉജ്ജ്വലമായ തുടക്കമാണ് മോഡിയുടെ വിശ്വം കീഴടക്കിയ അമേരിക്കന്‍ യാത്ര.
Discussion about this post