മലയാളികളുടെ എക്കാലത്തെയും അഹങ്കാരങ്ങളില്‍ ഒന്നാണ് യേശുദാസ് എന്ന മഹാഗായകന്‍. തലമുറകളായി ആ ഗന്ധര്‍വ്വ ശബ്ദത്തില്‍ മലയാളികള്‍ അഭിരമിക്കുകയാണ്. മലയാളികള്‍ സ്വപ്‌നങ്ങള്‍ കാണുകയും പ്രേമത്തിന്റെ പട്ടുനൂല്‍ നെയ്യുകയും വിരഹത്തിന്റെ കണ്ണീരൊഴുക്കുകയുമൊക്കെ ചെയ്യുന്നത് ഇന്നും ആ ഗന്ധര്‍വ്വനാദത്തിലൂടെയാണ്. പലപ്പോഴും യേശുദാസ് എന്ന മഹാഗായകന്‍ പൊതുകാര്യങ്ങളില്‍ തുറന്നടിക്കാറുണ്ട്. എന്നാല്‍ സ്ത്രീകള്‍ ജീന്‍സ് ധരിക്കുന്നതു സംബന്ധിച്ച് കഴിഞ്ഞദിവസം തലസ്ഥാനത്തു നടന്ന ഒരു പൊതു ചടങ്ങില്‍ പറഞ്ഞത് വന്‍ വിവാദമായിരിക്കുകയാണ്. മാത്രമല്ല, സോഷ്യല്‍ നെറ്റ് വര്‍ക്കുകളിലൂടെ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെപ്പോലും വലിച്ചിഴച്ചുകൊണ്ട് വ്യക്തിഹത്യയുടെ തലത്തോളം ഈ പ്രശ്‌നം ചെന്നെത്തി. എഴുപത്തിനാല് വയസ്സ് പിന്നിട്ട വ്യക്തിയാണ് യേശുദാസ്. പക്ഷേ യൗവന സുരഭിലമായ ആ ശബ്ദം കേള്‍ക്കുമ്പോള്‍ ഇപ്പോഴും യേശുദാസിന് ചെറുപ്പമെന്നാണ് നാമൊക്കെ കരുതുന്നത്.
പത്മശ്രീ നല്‍കി ഭാരതം ആദരിക്കുകയും പ്രായംകൊണ്ട് പക്വത നേടുകയും ചെയ്ത യേശുദാസിനെ ശുഭ്രവസ്ത്രം ധരിച്ചല്ലാതെ ഇന്നുവരെ കാണാന്‍ കഴിഞ്ഞിട്ടില്ല. ഒരിക്കലും അദ്ദേഹം ജീന്‍സ് ധരിച്ചിട്ടുമുണ്ടാവില്ല. എന്നാല്‍ എല്ലാ പ്രശ്‌നങ്ങളിലും കയറി അഭിപ്രായം പറയുന്ന വ്യക്തിയുമല്ല യേശുദാസ്. ഒരുപക്ഷേ പറയാതിരിക്കാന്‍ തക്കവണ്ണമുള്ള അന്തപ്രേരണകൊണ്ടാകാം അദ്ദേഹം സ്ത്രീകള്‍ ജീന്‍സ് ധരിക്കുന്നതു സംബന്ധിച്ച് തുറന്നടിച്ചത്. മറച്ചുവയ്‌ക്കേണ്ടതിനെ മറച്ചുവയ്ക്കണമെന്നും അതാണ് സ്ത്രീയുടെ സൗമ്യതയെന്നുമാണ് യേശുദാസ് പറഞ്ഞത്. ഭാരത സ്ത്രീയുടെ ഭാവശുദ്ധി നശിപ്പിക്കുന്നതാണ് ജീന്‍സ് ധാരണം എന്ന തിരിച്ചറിവായിരിക്കാം യേശുദാസിനെക്കൊണ്ട് ഇങ്ങനെ പറയിച്ചത്. ഇതിനെതിരെ മഹിളാ കോണ്‍ഗ്രസ്സും എസ്.എഫ്.ഐയും ഡിഫിയുമൊക്കെ രംഗത്തെത്തി. ഇപ്പോള്‍ അദ്ദേഹത്തിനെതിരെ പോലീസ് സ്‌റ്റേഷനില്‍ പരാതിയുമായി. രാഷ്ട്രീയ ജനതാദള്‍ വനിതാ വിഭാഗം ദേശീയ സെക്രട്ടറി അനു ചാക്കോയാണ് തമ്പാനൂര്‍ പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.
ജീന്‍സ് ധാരണംകൊണ്ട് ഉണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ സംബന്ധിച്ച് നേരത്തെ തന്നെ വിവാദങ്ങളുയര്‍ന്നിരുന്നു. അമേരിക്കയിലും ജര്‍മ്മനിയിലുമൊക്കെ നിരോധിച്ച വസ്ത്രമാണ് ജീന്‍സ്. വന്ധ്യത മാത്രമല്ല ക്യാന്‍സറിനു വരെ ജീന്‍സിലടങ്ങിയിരിക്കുന്ന രാസവസ്തുക്കള്‍ കാരണമാകുമെന്നാണ് കണ്ടെത്തിയിട്ടുള്ളത്. പാശ്ചാത്യ രാജ്യങ്ങളില്‍ ജനങ്ങള്‍ ജീന്‍സ് ധാരണത്തില്‍നിന്നും പുറകോട്ടു പോകുമ്പോള്‍ ഭാരതത്തില്‍ അത് യുവാക്കളുടെ ഹരമായി മാറുകയാണ്. ഇപ്പോള്‍ വ്യാപകമായി പെണ്‍കുട്ടികള്‍ മാത്രമല്ല മുതിര്‍ന്ന സ്ത്രീകള്‍പോലും ജീന്‍സ് ധരിക്കാന്‍ തുടങ്ങിയിരിക്കുന്നു. പാശ്ചാത്യ ജീന്‍സ് കമ്പനികളുടെ വലിയ മാര്‍ക്കറ്റായി ഭാരതം മാറി. പാശ്ചാത്യര്‍ ഭാരതീയ സംസ്‌ക്കാരത്തിന്റെ മൂല്യങ്ങള്‍ തിരിച്ചറിയുകയും അത് ഉള്‍ക്കൊള്ളാന്‍ ശ്രമിക്കുകയും ചെയ്യുമ്പോഴാണ് പടിഞ്ഞാറന്‍ നാട് ഉപേക്ഷിച്ച വസ്ത്രധാരണത്തെപ്പോലും നാം അനുകരിക്കുന്നത്.
വസ്ത്രം ധരിക്കുന്നത് വ്യക്തിയുടെ മൗലികാവകാശമാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍ അത് ശരീരത്തിന്റെ അവയവ പ്രദര്‍ശനത്തിനുള്ള ഉപാധിയല്ല എന്ന് വ്യക്തി സ്വാതന്ത്ര്യത്തെക്കുറിച്ച് വീമ്പിളക്കുന്നവര്‍ മറന്നുപോകുന്നു. മറയ്‌ക്കേണ്ടത് മറയാക്കാന്‍ തന്നെയാണ് വസ്ത്രം ധരിക്കുന്നത്. അത് അങ്ങനെ അല്ലാതായി മാറിയതുകൊണ്ടാണ് യേശുദാസിന് ഇത്തരത്തില്‍ പ്രതികരിക്കേണ്ടിവന്നത്. എന്തായാലും ഈ വിവാദത്തിലൂടെ ജീന്‍സിനെതിരായ ഒരു വികാരം സൃഷ്ടിക്കാന്‍ കഴിഞ്ഞു എന്നത് നല്ല കാര്യമാണ്. യേശുദാസിന്റെ അഭിപ്രായത്തോട് വിയോജിക്കാന്‍ ആര്‍ക്കും സ്വാതന്ത്ര്യമുണ്ട് എന്നാല്‍ ഇക്കാര്യത്തില്‍ സോഷ്യല്‍ മീഡിയകളിലൂടെ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെ വലിച്ചിഴച്ചുകൊണ്ടുവന്ന് വ്യക്തിഹത്യ നടത്തുന്നത് സംസ്‌കാര സമ്പന്നരെന്നഭിമാനിക്കുന്ന മലയാളിക്ക് എന്തായാലും ഭൂഷണമല്ല.
യേശുദാസിനെതിരെ പ്രതികരിച്ചുകൊണ്ട് സ്വയം ആളാകാന്‍ ശ്രമിക്കുന്ന ചിലരും ഇക്കൂട്ടത്തിലുണ്ട്. പരാതി നല്‍കിയ ആര്‍.ജെ.ഡി വനിതാവിഭാഗം സെക്രട്ടറിയെ അക്കൂട്ടത്തിലേ പെടുത്താനാകു. എഴുപത്തിനാലുകാരനായ യേശുദാസ് സദുദ്ദേശത്തോടെ പറഞ്ഞ ഒരു വിഷയത്തെ ഉള്‍ക്കൊള്ളുന്നതിനും അതിലെ ശരി തെറ്റുകള്‍ വിവേചിച്ചറിയുന്നതിനും ശ്രമിക്കാതെ വിവാദത്തിന്റെ പുറകേ പോകുന്നത് തികച്ചും ബുദ്ധിശൂന്യതയാണ്. ഈ പ്രശ്‌നത്തില്‍ ഞങ്ങള്‍ യേശുദാസിനോടൊപ്പമാണ്. വസ്ത്രധാരണം പ്രതിഫലിപ്പിക്കുന്നത് ഒരു നാടിന്റെ സംസ്‌കാരമാണ്. പുരോഗമനത്തിന്റെ പേരില്‍ അത് ഇല്ലാതാക്കാനുള്ള ശ്രമം നാടിന്റെ മൂല്യങ്ങളെ തിരസ്‌ക്കരിക്കലാണ്. അതുകൊണ്ടുതന്നെ യേശുദാസ് പറഞ്ഞത് ആയിരംവട്ടം ശരിയാണ്.
Discussion about this post