ജമ്മു: കാശ്മീര്‍ അതിര്‍ത്തിഗ്രാമങ്ങളില്‍ പാക്കിസ്ഥാന്‍ സൈന്യം നടത്തിയ കനത്ത ഷെല്ലാക്രമണത്തില്‍ അഞ്ച് ഗ്രാമീണര്‍ കൊല്ലപ്പട്ടു. 34 പേര്‍ക്കു പരിക്കേറ്റു. ജമ്മു ജില്ലയിലെ ആര്‍ണിയ സെക്ടറിലെ പത്ത് ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്കും ജനവാസകേന്ദ്രങ്ങള്‍ക്കും നേരേയാണു ഞായറാഴ്ച രാത്രി പത്തു മുതല്‍ തിങ്കളാഴ്ച രാവിലെ വരെ പാക്കിസ്ഥാന്‍ പ്രകോപനമില്ലാതെ ആക്രമണം നടത്തിയത്. ഇന്ത്യന്‍ സൈന്യം ഉടന്‍ ശക്തമായ തിരിച്ചടി നല്കി.
അത്യന്താധുനിക മോര്‍ട്ടാറുകള്‍ ഉപയോഗിച്ചായിരുന്നു പാക്സൈന്യം ആക്രമണം നടത്തിയത്. പരിക്കേറ്റ 25 പേരെ ജമ്മു ജിഎംസി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൈകുന്നേരം പൂഞ്ചിലെ കെര്‍നിയിലും രാത്രി ഒമ്പതിനു പൂഞ്ചിലെ മങ്കോട്ടെയിലും പാക് വെടിവയ്പുണ്ടായി.
ഇതിനിടെ, നിയന്ത്രണരേഖയില്‍ വടക്കന്‍ കാഷ്മീരിലെ താംഗ്ധര്‍ സെക്ടറില്‍ ഭീകരരുടെ നുഴഞ്ഞുകയറ്റശ്രമം തകര്‍ത്ത സൈന്യം മൂന്നു ഭീകരരെ വധിച്ചു. മൂന്ന് എകെ 37 റൈഫിളുകളും സൈന്യം പിടിച്ചെടുത്തു.
വെള്ളിയാഴ്ച കാഷ്മീര്‍ താഴ്‌വരയിലെ ഗുല്‍മാര്‍ഗ് സെക്ടറിലും ജമ്മുവിലെ പൂഞ്ച് സെക്ടറിലും പാക്കിസ്ഥാന്‍ നടത്തിയ വെടിവയ്പില്‍ ഒരു പെണ്‍കുട്ടി കൊല്ലപ്പെടുകയും ആറു പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. നാലു ദിവസത്തിനിടെ 11 തവണ പാക്കിസ്ഥാന്‍ നടത്തിയ ആക്രമണത്തില്‍ അനേകം വീടുകള്‍ തകരുകയും നിരവധി വളര്‍ത്തുമൃഗങ്ങള്‍ ചത്തൊടുങ്ങുകയും ചെയ്തതായി ആര്‍എസ് പുര സബ് ഡിവിഷണല്‍ പോലീസ് ഓഫീസര്‍ ദേവേന്ദര്‍ സിംഗ് പറഞ്ഞു. അതിര്‍ത്തിയില്‍ ആക്രമണഭീഷണിയില്‍ കഴിയുന്ന ജനങ്ങളെ സുരക്ഷിതസ്ഥാനങ്ങളിലേക്കു മാറ്റുമെന്ന് അദ്ദേഹം പറഞ്ഞു.
നിയന്ത്രണരേഖയില്‍ പൂഞ്ച് ജില്ലയിലെ ഭിംബര്‍ ഗാലി പോസ്റ്റിനു നേര്‍ക്കും പാക് സൈന്യം രാവിലെ എട്ടരയോടെ ആക്രമണം നടത്തി. ഇന്നലെ മാത്രം പാക് സൈന്യം ആറു തവണ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു.
പാക്കിസ്ഥാന്‍ എത്രയും വേഗം വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം അവസാനിപ്പിക്കണമെന്നു കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് ആവശ്യപ്പെട്ടു. പാക്കിസ്ഥാനു തിരിച്ചടി നല്കാന്‍ ഇന്ത്യന്‍ സൈന്യം സജ്ജമാണെന്നു പ്രതിരോധമന്ത്രി അരുണ്‍ ജയ്റ്റ്‌ലി പറഞ്ഞു.
Discussion about this post