രാഷ്ട്രീയത്തില്‍ എതിര്‍പ്പാകാം; എന്നാല്‍ വെറുപ്പിന്റെ രാഷ്ട്രീയം ജനാധിപത്യത്തിലെ കളങ്കിതമുഖമാണ്. എതിര്‍പ്പുപോലും ജനാധിപത്യപ്രക്രിയയുടെ വളര്‍ച്ചയ്ക്ക് ഉതകുന്നതരത്തിലായിരിക്കണം. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയെ പ്രകീര്‍ത്തിക്കുകയും അദ്ദേഹത്തിന്റെ പരിപാടികളോട് ആദരവ് പ്രകടിപ്പിക്കുകയും ചെയ്തതിന്റെ പേരില്‍ കെ.പി.സി.സി നേതൃത്വം ശശിതരൂരിന്റെ മൂക്കുചെത്താനുള്ള പുറപ്പാടിലാണ്. ‘ആദര്‍ശധീരനാ’യ വി.എം.സുധീരനും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുമൊക്കെ ഇന്നു യോഗം ചേര്‍ന്നത് തരൂരിന് എതിരെ ഇക്കാര്യത്തില്‍ എന്തോ ശക്തമായ തീരുമാനമെടുക്കാനായിരുന്നു. എന്നാല്‍ മൂക്കുചെത്താനുള്ള കത്തിക്ക് മൂര്‍ച്ച ഇല്ലെന്ന് അറിഞ്ഞ് അതിനുള്ള നിയോഗം ഹൈക്കമാന്‍ഡിന് വിട്ടുകൊണ്ട് നല്ലപിള്ള ചമയുകയായിരുന്നു മൂവരും.
ഭാരതീയ ജനതാപാര്‍ട്ടിയുടെ നയങ്ങളോടും പരിപാടികളോടും കോണ്‍ഗ്രസ്സുകാര്‍ക്ക് വിയോജിപ്പുണ്ടാവുക സ്വാഭാവികമാണ്. എന്നാല്‍ തെരഞ്ഞെടുക്കപ്പെട്ട ഭാരതത്തിന്റെ പ്രധാനമന്ത്രിയാണ് മോഡി. അദ്ദേഹം പ്രതിനിധീകരിക്കുന്നത് പ്രഥമമായി ഭാരതത്തെയാണ്. ഭാരതത്തിന്റെ പ്രതിപുരുഷനായാണ് അദ്ദേഹം ചരിത്രമായിതീര്‍ന്ന അമേരിക്കന്‍ സന്ദര്‍ശനം നടത്തിയത്. ഭാരതത്തിന്റെ പ്രതിച്ഛായ വിശ്വത്തോളമുയര്‍ത്തിയ മോഡിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തെ ശശിതരൂര്‍ പ്രശംസിച്ചിരുന്നു. മോഡിയുടെ പല നടപടികളിലും അദ്ദേഹം അനുകൂല മനോഭാവം പ്രകടിപ്പിക്കുകയും ചെയ്തു. ഏറ്റവും ഒടുവില്‍ സ്വച്ഛഭാരതം പദ്ധതിയില്‍ പ്രധാനമന്ത്രിയുടെ വെല്ലുവിളി ഏറ്റെടുക്കുകയായിരുന്നു. ഇതോടെയാണ് തരൂരിനെതിരെ സംസ്ഥാനകോണ്‍ഗ്രസ് ഘടകം പടയൊരുക്കം തുടങ്ങിയത്.
ഭാരതം ഇന്ന് ഒരു ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ പാതയിലാണ്. എന്നാല്‍ കോണ്‍ഗ്രസ്സുകാര്‍ക്ക് ഇത് അംഗീകരിക്കാന്‍ മടിയാണ്. തങ്ങള്‍ക്ക് ചെയ്യാന്‍ കഴിയാതെപോയതൊക്കെ ജനപങ്കാളിത്തത്തോടെ നടപ്പിലാക്കാന്‍ ശ്രമിക്കുമ്പോള്‍ അസഹിഷ്ണുതയും അസൂയയുംമൂലം നല്ലതിനെയൊക്കെ അംഗീകരിക്കാനുള്ള മനസുപോലും കോണ്‍ഗ്രസ്സിന് നഷ്ടമായി.
ദിനാചരണത്തിലും വാരാചരണത്തിലുമൊക്കെയായി ഗാന്ധിജയന്തി വെറും അനുഷ്ഠാനമായി ഒതുക്കിയപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി ഭാരതത്തിന്റെ മണ്ണില്‍ ശുചിത്വത്തിന്റെ പുതിയ കര്‍മ്മകാണ്ഡം തുറന്നുകൊണ്ട് നവഭാരതം സൃഷ്ടിക്കാന്‍ ഒരു ചുവടുവയ്ക്കുകയാണ് ചെയ്തത്. ഈ മഹത്തും ബൃഹത്തുമായ പ്രചാരണത്തിന് ശശിതരൂര്‍, സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, കമല്‍ഹാസന്‍ തുടങ്ങിയ പ്രശസ്തരോട് ഇതിനുള്ള വെല്ലുവിളി ഏറ്റെടുക്കാന്‍ മോഡി ആവശ്യപ്പെടുകയായിരുന്നു. ഈ വ്യക്തികള്‍ മാത്രമല്ല മറ്റുപല പ്രമുഖരും ശുചിത്വഭാരതത്തിനുള്ള ലക്ഷ്യനിര്‍വഹണത്തിന് തങ്ങളുടെ പങ്കാളിത്തം വാഗ്ദാനം ചെയ്യുകയും ചെയ്തു. മോഡി വെല്ലുവിളി ഏറ്റെടുത്തതാണ് ഇപ്പോള്‍ കോണ്‍ഗ്രസ്സുകാരെ ചൊടിപ്പിച്ചിരിക്കുന്നത്.
രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ സ്വാതന്ത്ര്യസമരകാലത്തുതന്നെയുള്ള ലക്ഷ്യങ്ങളിലൊന്നായിരുന്നു ശുചിത്വഭാരതമെന്നത്. ഈ പരിപാടിയെ പിന്‍താങ്ങിയ തരൂരിനെതിരെയുള്ള നീക്കം ഗാന്ധിജിയെ നിഷേധിക്കുന്നതിനു തുല്യമാണ്. സ്വച്ഛഭാരതം പരിപാടിക്കു കിട്ടുന്ന ജനപങ്കാളിത്തവും പ്രചാരണവുമാണ് കോണ്‍ഗ്രസ്സുകാരെ ചൊടിപ്പിച്ചിരിക്കുന്നത്. ലോകസഭാംഗവും കോണ്‍ഗ്രസ്സിന്റെ വക്താവുമാണ് ശശിതരൂര്‍. അതിനുമൊക്കെ അപ്പുറം ലോകപ്രശസ്തനായ എഴുത്തുകാരനുമാണ് അദ്ദേഹം. ആ പ്രതിച്ഛായയില്‍തന്നെയാണ് അദ്ദേഹത്തിന് എം.പി.യായി മത്സരിക്കാന്‍ അവസരം നല്‍കിയത്.
നല്ലതിനെയൊക്കെ അംഗീകരിക്കാനുള്ള വിശാലമനസ്സ് ഒരുപക്ഷേ ശശിതരൂരിന് ഉണ്ടാകാം. ലോകവ്യാപകമായി യാത്രചെയ്യുകയും ലോകരാഷ്ട്രീയത്തിന്റെ ഗതിമാറ്റത്തെക്കുറിച്ച് തിരിച്ചറിവുമുള്ള ശശിതരൂര്‍ കോണ്‍ഗ്രസ്സിന്റെ ഇടുങ്ങിയ ചിന്താഗതിയെ മറികടക്കുമ്പോള്‍ അത് നേതൃത്വത്തിലുണ്ടാക്കുന്ന അമര്‍ഷമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. കേരളം നിരസിച്ച ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ പ്രതിനിധിയെ പ്രശംസിക്കുന്നു എന്നാണ് രമേശ് ചെന്നിത്തല പറഞ്ഞത്. നരേന്ദ്രമോഡി പ്രധാനമന്ത്രിയാണെന്നകാര്യം രമേശ് ചെന്നിത്തല മറന്നുപോയെന്നുതോന്നുന്നു.
രാഷ്ട്രീയ ശത്രുക്കള്‍ നല്ലതുചെയ്താലും എതിര്‍ക്കണമെന്നത് വെറുപ്പിന്റെ തത്വശാസ്ത്രമാണ്. കോണ്‍ഗ്രസുകാര്‍ അങ്ങനെ ശീലിച്ചുപോയി. അതിന്റെ പ്രതിഫലനമാണ് ശശിതരൂരിനെതിരെ നീങ്ങുന്നതിന് കാരണമായത്. അതും ഗാന്ധിജി വിഭാവനം ചെയ്ത ഒരു പദ്ധതി നടപ്പിലാക്കാന്‍ ശ്രമിക്കുന്നതിന്റെ പേരില്‍. കോണ്‍ഗ്രസ് ഗാന്ധിജിയില്‍നിന്ന് എന്നേ അകന്നുപോയി എന്നുമാത്രമല്ല ഗാന്ധിജിയെ മറക്കുകയും ചെയ്തിരിക്കുന്നു.
Discussion about this post