തിരുവനന്തപുരം: പോലീസിന്റെ ആയുധം ലാത്തിയോ തോക്കോ അല്ലെന്നും അത് ജനങ്ങളുടെ വിശ്വാസം മാത്രമാണെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അഭിപ്രായപ്പെട്ടു. തിരുവനന്തപുരത്ത് ജനമൈത്രി പോലീസ് മദ്യ-മയക്കുമരുന്ന് ഉപഭോഗത്തിനെതിരെ സംഘടിപ്പിച്ച ശില്പശാലയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ഏത് പ്രശ്‌നങ്ങളില്‍ ഇടപെടുമ്പോഴും ജനങ്ങളുടെ വിശ്വാസമാര്‍ജ്ജിച്ച് പ്രവര്‍ത്തിയ്ക്കുവാന്‍ പോലീസിന് കഴിയണമെന്നും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു. ഘട്ടം ഘട്ടമായി സംസ്ഥാനത്ത് മദ്യനിരോധനം നടപ്പിലാക്കുന്ന ഈയവസരത്തിലും വ്യത്യസ്തങ്ങളായ അഭിപ്രായങ്ങള്‍ മാനിച്ചുകൊണ്ടും ജനങ്ങളെ വിശ്വാസത്തിലെടുത്തുമാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. എക്‌സൈസ് മന്ത്രി കെ.ബാബു അധ്യക്ഷനായ ചടങ്ങില്‍ ഡി.ജി.പി. കെ.എസ്.ബാലസുബ്രഹ്മണ്യം, ജനമൈത്രി പോലീസ് നോഡല്‍ ഓഫീസര്‍ ബി.സന്ധ്യ, വിവിധ ജില്ലകളില്‍ നിന്നെത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Discussion about this post