തിരുവനന്തപുരം: ലഹരിവിരുദ്ധപ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും ഇതില്‍ യാതൊരു വിട്ടുവീഴ്‌ചയും ചെയ്യില്ലെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. മദ്യത്തിന് കൂടുതല്‍ നികുതി ചുമത്തുമെന്നും മദ്യത്തിന്റെ ലഭ്യത കുറയ്‌ക്കുകയും വില കൂട്ടുകയും ചെയ്യുന്നതോടെ സമൂഹത്തില്‍ മദ്യം മൂലം നേരിടുന്ന വിപത്തുകള്‍ കുറയ്‌ക്കാനാവുമെന്നും അദ്ദേഹം പറഞ്ഞു. ക്‌ളീന്‍ കാമ്പസ് സേഫ് കാമ്പസ് പദ്ധതിയുടെ തിരുവനന്തപുരം മേഖലാ സമ്മേളനം പേരൂര്‍ക്കട എസ്‌എപി പരേഡ് ഗ്രൗണ്ടില്‍ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഈ തലമുറയേയും വരും തലമുറകളെയും മദ്യം, മയക്കുമരുന്ന് എന്നിവയില്‍ നിന്ന് രക്ഷിക്കാനും ശുചിത്വമുള്ള, സുരക്ഷിതമായ കാമ്പസ് ഉറപ്പുവരുത്താനുമാണ് ഈ പദ്ധതിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ക്‌ളീന്‍ കാമ്പസ് സേഫ് കാമ്പസ് പദ്ധതി തുടങ്ങിയ ശേഷം സ്‌കൂളുകളിലെ ലഹരിവിരുദ്ധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി 4451 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 4329 അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്‌തിട്ടുണ്ടെന്ന് ചടങ്ങില്‍ അദ്ധ്യക്ഷനായിരുന്ന ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. സ്‌കൂള്‍ യുവജനോത്സവത്തിന്റെ ഭാഗമായി ലഹരിവിരുദ്ധപ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച വിഷയങ്ങള്‍ക്ക് പ്രതേ്യക ഊന്നല്‍ നല്‌കുമെന്നും അദ്ദേഹം പറഞ്ഞു. പദ്ധതിയുടെ ബ്രാന്റ് അംബാസഡറായ മമ്മൂട്ടി ലോഗോ പ്രകാശനം നിര്‍വഹിച്ചു. വിവിധ സ്‌കൂളുകളില്‍ നിന്ന് വന്ന പതിനായിരത്തോളം വിദ്യാര്‍ത്ഥികള്‍ക്ക് അദ്ദേഹം ലഹരിവിരുദ്ധപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ലഹരിയ്‌ക്ക് അടിമയായി ബോധം നഷ്‌ടപ്പെടുത്തുമ്പോള്‍ ജീവിക്കാനും ലോകം കാണാനുമുള്ള മനോഹരമായ നിമിഷങ്ങളാണ് നഷ്‌ടമാകുന്നതെന്ന് മമ്മൂട്ടി കുട്ടികളെ ഓര്‍മിപ്പിച്ചു. സ്‌കൂളുകളില്‍ പൗരബോധം ഊട്ടിയുറപ്പിക്കുന്ന തരത്തിലുള്ള പാഠ്യപദ്ധതികള്‍ ഉള്‍പ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. മമ്മൂട്ടിയുടെ മൈ ട്രീ ചാലഞ്ച് പ്രകാരം കുട്ടികള്‍ക്ക് വൃക്ഷത്തൈകള്‍ വിതരണം ചെയ്‌തു. പദ്ധതിയ്‌ക്കായി മുന്‍ ചീഫ് സെക്രട്ടറി കെ ജയകുമാര്‍ രചിച്ച തീം സോങ് വിദ്യാഭ്യാസമന്ത്രി പി കെ അബ്‌ദുറബ്ബ് ഡി ഐജി പി. വിജയന് നല്‍കി പ്രകാശനം ചെയ്‌തു.
പദ്ധതിയുടെ ബ്രോഷര്‍ ആരോഗ്യമന്ത്രി വി എസ് ശിവകുമാര്‍ ഐ ജി മനോജ് എബ്രഹാമിന് നല്‌കി പ്രകാശനം ചെയ്‌തു. പദ്ധതിയുടെ വെബ്‌സൈറ്റ് ഉദ്‌ഘാടനം പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ നിര്‍വഹിച്ചു. സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍ അവതരിപ്പിച്ച ദൃശ്യശ്രാവ്യ വിരുന്നോടെ ആരംഭിച്ച ഉദ്‌ഘാടനചടങ്ങില്‍ സംസ്ഥാന പോലീസ് മേധാവി കെ എസ് ബാലസുബ്രഹ്മണ്യം റിപോര്‍ട്ട് അവതരിപ്പിച്ചു. ലഹരിവിരുദ്ധസന്ദേശം പങ്കുവച്ചു കൊണ്ട് ഷാജി കടയ്‌ക്കല്‍ അവതരിപ്പിച്ച മാജിക് സമ്മേളനത്തില്‍ ശ്രദ്ധേയമായി. മുഖ്യമന്ത്രിയുടെ കയ്യിലേല്‌പിച്ച ഗ്‌ളാസിലുള്ള മദ്യം വെള്ളമാക്കി മാറ്റുന്ന ഇന്ദ്രജാലം സദസ്സിന്റെ കയ്യടി നേടി.
വി ശിവന്‍കുട്ടി എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അന്‍സജിതാ റസല്‍, ആഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി നിവേദിത പി ഹരന്‍, ജില്ലാ കളക്‌ടര്‍ ബിജു പ്രഭാകര്‍, ഉന്നതഉദേ്യാഗസ്ഥര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പദ്ധതിയോടനുബന്ധിച്ച് നടത്തിയ മത്സരങ്ങളിലെ വിജയികള്‍ക്കും യോഗത്തിനു മുമ്പു നടന്ന ഘോഷയാത്രയില്‍ മികച്ച പ്രകടനം കാഴ്‌ചവച്ച സ്‌കൂളുകള്‍ക്കും ഉള്ള സമ്മാനദാനവും ചടങ്ങില്‍ നടന്നു.
Discussion about this post