ലോകം ഇന്നു നേരിടുന്ന ഏറ്റവും വലിയ വിപത്താണ് ഇസ്ലാമിക ഭീകരവാദം. ഭീകരവാദത്തെ പാകിസ്ഥാന്‍ പ്രത്യക്ഷമായും പരോക്ഷമായും പ്രോത്സാഹിപ്പിക്കുന്നു എന്നത് ലോകത്തിനുമുന്നില്‍ പകല്‍പോലെ വ്യക്തമാണ്. എന്നാലും എപ്പോഴും മാന്യതയുടെ മുഖംമൂടി അണിയാനുള്ള ശ്രമം ആ രാജ്യത്തെ ലോകത്തിനുമുമ്പില്‍ അവഹേളനപാത്രമാക്കുകയാണ്. ഇതിന്റെ ഒടുവിലത്തെ ദൃഷ്ടാന്തമാണ് കാശ്മീര്‍ പ്രശ്‌നത്തില്‍ ഇടപെടണമെന്നുള്ള പാകിസ്ഥാന്റെ ഐക്യരാഷ്ട്രസഭയോടുള്ള അഭ്യര്‍ത്ഥന. എന്നാല്‍ ഇത് പാടേ തള്ളിക്കളഞ്ഞ യു.എന്‍, ഇന്ത്യയും പാക്കിസ്ഥാനും ചര്‍ച്ചകളിലൂടെ ഈ പ്രശ്‌നം പരിഹരിക്കണമെന്നാണ് ആവശ്യപ്പെട്ടത്. ഭാരതത്തിന്റെ ഇന്നോളമുള്ള നിലപാട് ഒന്നുകൂടി ഉറപ്പിക്കുന്നതാണ് യു.എന്റെ ഈ അഭ്യര്‍ത്ഥന.
ഭാരതത്തിലേക്ക് ഭീകരവാദം പാകിസ്ഥാനില്‍നിന്നും കയറ്റി അയക്കുകയാണെന്ന് ലോകത്തിനുമുന്നില്‍ വ്യക്തമായ തെളിവുണ്ട്. കാശ്മീര്‍ വിഷയമാണ് ഇതിന് ആധാരമാക്കുന്നത്. എന്നാല്‍ കാശ്മീര്‍ ഭാരതത്തിന്റെ അഭിവാജ്യഘടകമാണെന്നതാണ് ഭാരതത്തിന്റെ എക്കാലത്തെയും നിലപാട്. പാക് അധീനകാശ്മീര്‍പോലും ഭാരതത്തിന്റെ ഭാഗമാണ്. എന്നിട്ടും ഭാരതം അത് പിടിച്ചെടുക്കാന്‍ ശ്രമിക്കാത്തത് സമാധാനത്തിന്റെ ഈ മണ്ണ് ആക്രമണത്തിന്റെ പാത സ്വീകരിക്കാന്‍ മടിക്കുന്നതുകൊണ്ടാണ്.
ഭൂമിശാസ്ത്രപരമായും സൈനികതന്ത്രപരമായും കാശ്മീര്‍ ഭാരതത്തെ സംബന്ധിച്ചിടത്തോളം അതീവ പ്രാധാന്യമുള്ള ഭൂമിയാണ്. തര്‍ക്കപ്രദേശമായ പാക് അധീനകാശ്മീരിലൂടെ ചൈനയ്ക്ക് റോഡ് നിര്‍മ്മിക്കാന്‍പോലും പാകിസ്ഥാന്‍ അനുവാദം നല്‍കി. ഇതിലൂടെ പാകിസ്ഥാന്റെ വികൃതമുഖമാണ് തെളിയുന്നത്. ഭാരതം നാള്‍ക്കുനാള്‍ സാമ്പത്തികമായി മാത്രമല്ല ശാസ്ത്ര സാങ്കേതകമേഖലകളിലും വന്‍ കുതിച്ചുചാട്ടമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. എന്നാല്‍ പാകിസ്ഥാന്റെ ഊര്‍ജ്ജംമുഴുവന്‍ ഭാരതവിരുദ്ധമനോഭാവം വളര്‍ത്താനായി പാഴാക്കുകയാണ്. ഭാരതം ചൊവ്വാദൗത്യത്തില്‍ ആദ്യതവണതന്നെ വിജയിച്ചപ്പോള്‍ ഫേസ്ബുക്കില്‍ വന്ന ഒരു കമന്റ് ശ്രദ്ധേയമാണ്. ‘ഒന്നിച്ച് സ്വാതന്ത്ര്യംകിട്ടിയ രണ്ടു രാജ്യങ്ങളിലൊന്ന് ചൊവ്വയിലെത്തിയപ്പോള്‍ മറ്റൊന്ന് ഭാരതത്തിലേക്ക് കടക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു’എന്നാണ്.
ഇസ്ലാമിക ഭീകരവാദം പാകിസ്ഥാനില്‍ പ്രോത്സാഹിപ്പിക്കുന്നതിനുപിന്നില്‍ അവിടത്തെ ഐ.എസ്.ഐയും സൈന്യവുമാണ്. ജനാധിപത്യപ്രക്രിയ ആ മണ്ണില്‍നിന്നു തുടച്ചുനീക്കാന്‍ കച്ചകെട്ടി കഴിയുന്നവരാണ് സൈന്യവും ഐഎസ്‌ഐയും. ഭാരതവുമായി സമാധാനം ഉണ്ടാക്കിയാല്‍ ഐ.എസ്.ഐയുടെയും സൈന്യത്തിന്റെയും അമിതപ്രാധാന്യം നഷ്ടപ്പെടുമെന്ന് ഭയക്കുന്നു. ഇക്കാരണംകൊണ്ട് ജനാധിപത്യ മാര്‍ഗ്ഗത്തില്‍ അധികാരത്തിലേറിയ നവാസ്‌ഷെറിഫ് സര്‍ക്കാരിനെപ്പോലും മുള്‍മുനയില്‍നിര്‍ത്തി സമാധാനത്തിന്റെ മാര്‍ഗ്ഗത്തില്‍നിന്നു പിന്‍തിരിപ്പിക്കുകയാണ്. സംഘര്‍ഷഭരിതമായ ഒരു അവസ്ഥ ഭാരതവും പാകിസ്ഥാനും തമ്മില്‍വേണമെന്നാണ് ഐസ്.ഐയും സൈന്യവും എന്നും ആഗ്രഹിക്കുന്നത്.
കാശ്മീര്‍ ആഭ്യന്തരപ്രശ്‌നംമാത്രമാണെന്നാണ് ഭാരതം എന്നും സ്വീകരിച്ചിട്ടുള്ള നിലപാട്. ഈ പ്രശ്‌നത്തില്‍ പുറമേ നിന്നുള്ള ഇടപെടലുകള്‍ ആവശ്യമില്ലെന്ന നിലപാടാണ് അമേരിക്കയുടേത്. ഉഭയകക്ഷി ചര്‍ച്ചകളിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഭാരതം സന്നദ്ധമാകുമ്പോള്‍ മൂന്നാമതൊരു കക്ഷിയെ പ്രശ്‌നത്തില്‍ ഇടപെടീക്കാന്‍ എന്ന വ്യാജേന സംഘര്‍ഷം നിലനിര്‍ത്തുക എന്ന തന്ത്രമാണ് പാക്കിസ്ഥാന്‍ സ്വീകരിച്ചിട്ടുള്ളത്. ഈ കെണി ലോകവും തിരിച്ചറിയുന്നു എന്നതാണ് പാക് അഭ്യര്‍ത്ഥന ഐക്യരാഷ്ട്രസഭ തള്ളിയതിലൂടെ വ്യക്തമാകുന്നത്.
Discussion about this post