തിരുവനന്തപുരം: പരമപൂജനീയ ജഗദ്ഗുരു സ്വാമിസത്യാനന്ദസരസ്വതി തൃപ്പാദങ്ങളുടെ 79-ാം ജയന്തി ആഘോഷത്തോടനുബന്ധിച്ച് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയില്‍ (സ്വാമി സത്യാനന്ദസരസ്വതി നഗര്‍) ജയന്തി സമ്മേളനം (ശ്രീ സത്യാനന്ദഗുരുസമീക്ഷ) നടന്നു. സമ്മേളനത്തിന് ശ്രീരാമദാസ ആശ്രമം അദ്ധ്യക്ഷന്‍ സ്വാമി ബ്രഹ്മപാദാനന്ദസരസ്വതി ദീപപ്രോജ്വലനം നിര്‍വഹിച്ചു. ബിജെപി സംസ്ഥാനപ്രസിഡന്റ് വി.മുരളീധരന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു.
ഹൈന്ദവജനസമൂഹത്തിന് സ്വാമി സത്യാനന്ദസരസ്വതി തൃപ്പാദങ്ങളുടെ സംഭാവനകള്‍ വിലപ്പെട്ടതാണെന്നും അത് തിരിച്ചറിഞ്ഞ് മുന്നോട്ടുപോകേണ്ടതുണ്ടെന്നും വി.മുരളീധരന്‍ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. ശബരിമല വികസനത്തിന് കാര്യമായി ശ്രദ്ധകേന്ദ്രീകരിക്കുന്നില്ലെന്നും ഹിന്ദുവിന്റെ ആവശ്യങ്ങള്‍ക്ക് സര്‍ക്കാര്‍ വിലകല്‍പിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഡോ.അയ്യപ്പന്‍നായര്‍ അദ്ധ്യക്ഷനായിരുന്ന സമ്മേളനത്തില്‍ ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍സെക്രട്ടറി ഇ.എസ്.ബിജു മുഖ്യപ്രഭാഷണം നടത്തി. കൊട്ടിയൂര്‍ പാലുകാച്ചി മലയിലും ശ്രീപദ്മനാഭസ്വാമിയുടെ ആറാട്ടുകടവായ ശംഖുംമുഖത്തും ഹിന്ദുസമൂഹത്തിനു നേരെയുണ്ടായ വെല്ലുവിളികളെ സധൈര്യം നേരിട്ട സന്യാസിവര്യനായിരുന്നു സ്വാമിജി തൃപ്പാദങ്ങളെന്ന് ഇ.എസ്.ബിജു അനുസ്മരിച്ചു. ഗുരുനാഥന്റെ കര്‍മപദ്ധതികള്‍ ഹിന്ദുസമൂഹം ഏറ്റെടുത്തു നടപ്പിലാക്കിയില്ലെങ്കില്‍ കനത്ത വെല്ലുവിളികളെ നേരിടേണ്ടിവരുമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
സമ്മേളനത്തില്‍ പി.അശോക് കുമാര്‍, പ്രൊഫ.വട്ടപ്പറമ്പില്‍ ഗോപിനാഥപിള്ള, ചാര്‍ട്ടേഡ് അക്കൗണ്ടന്റ് രഞ്ജിത് കാര്‍ത്തികേയന്‍, ഡോ.പി.പി.വാവ, നീറമണ്‍കര വാസുദേവന്‍, പൂന്തുറ ശ്രീകുമാര്‍, അഡ്വ.മോഹന്‍കുമാര്‍, ഡോ.പൂജപ്പുര കൃഷ്ണന്‍നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു. വിശ്വശാന്തി ഷോഡശാഹയജ്ഞം ജനറല്‍ കണ്‍വീനര്‍ ബ്രഹ്മചാരി പ്രവിത് കുമാര്‍ കൃതജ്ഞത രേഖപ്പെടുത്തി.
Discussion about this post