നിയമസഭയിലേക്ക് മഹാരാഷ്ട്രയിലും ഹരിയാനയിലും നടന്ന തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പി നേടിയ ഉജ്ജ്വല വിജയത്തെ പാര്‍ട്ടി ആദ്ധ്യക്ഷന്‍ നിതിന്‍ ഗഡ്കരി വിശേഷിപ്പിച്ചത് കോണ്‍ഗ്രസ്‌രഹിത ഭാരതത്തിലേക്കുള്ള മുന്നേറ്റമെന്നാണ്. ലോകസഭാ തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് ഭൂരിപക്ഷം നേടി അധികാരത്തിലെത്തിയശേഷം നടന്ന ചില ഉപതെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിക്ക് പരാജയം ഉണ്ടായപ്പോള്‍ ആഹ്ലാദിച്ച പ്രതിപക്ഷ രാഷ്ട്രീയ കക്ഷികളെയും രാഷ്ട്രീയ നിരീക്ഷകന്മാരെയും ഹിന്ദുത്വവിരുദ്ധ മാദ്ധ്യമങ്ങളെയും ഈ വിജയം അമ്പരപ്പിച്ചിരിക്കുകയാണ്. ഭാരതം പുതിയൊരു ദിശയിലേക്കു നീങ്ങുന്നു എന്നതിന്റെ തെളിവാര്‍ന്ന ചിത്രമാണ് രണ്ടു സംസ്ഥാനങ്ങളിലും ഉണ്ടായ വിജയം.
ഹരിയാനയില്‍ ആദ്യമായാണ് ബി.ജെ.പി അധികാരത്തിലെത്തുന്നത്. അവിടെ നാല്‍പ്പത്തിയേഴ് സീറ്റുകളില്‍ വിജയിച്ച് കേവലം ഭൂരിപക്ഷം നേടിയെങ്കില്‍ മഹാരാഷ്ട്രയില്‍ 112 സീറ്റുകളില്‍ വിജയിച്ച് ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറി. കേവല ഭൂരിപക്ഷത്തിന് 23സീറ്റുകളുടെ മാത്രം കുറവാണ് മഹാരാഷ്ട്രയില്‍. ഇരു സംസ്ഥാനങ്ങളിലും ഒറ്റയ്ക്കു മത്സരിച്ചുകൊണ്ടാണ് ബി.ജെ.പി ഈ അതുല്യനേട്ടം കൈവരിച്ചത്.
നരേന്ദ്രമോഡിയുടെ പ്രഭാവം ഈ തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചു എന്നത് തര്‍ക്കമറ്റ സംഗതിയാണ്. കേന്ദ്രത്തില്‍ ചെറിയൊരു കാലയളവുകൊണ്ടുതന്നെ പ്രവര്‍ത്തനിരതമായ ഒരു സര്‍ക്കാരാണെന്നു തെളിയിച്ച ബി.ജെ.പിക്ക് ഇരു സംസ്ഥാനങ്ങളിലെയും ജനങ്ങള്‍ പിന്തുണ നല്‍കുകയായിരുന്നു. സോണിയാഗാന്ധിയുടെ മകള്‍ പ്രിയങ്കയുടെ ഭര്‍ത്താവ് റോബര്‍ട്ട് വധേര ഉള്‍പ്പെട്ട ഭൂമി തട്ടിപ്പ് സംഭവം ഹരിയാനയില്‍ കോണ്‍ഗ്രസിന് തിരിച്ചടിയാവുന്നതിന് പ്രധാന കാരണമായി.
ഭാരതത്തിന്റെ വ്യവസായ തലസ്ഥാനമായ മഹാരാഷ്ട്രയില്‍ ബി.ജെ.പിക്കുണ്ടായ മുന്നേറ്റം ഭാരതം എങ്ങോട്ടുനീങ്ങുന്നു എന്നതിന്റെ സൂചനകൂടിയാണ്. ഭാരത രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിന്റെ കാലം കഴിഞ്ഞു എന്ന് വിലയിരുത്തുന്ന ചില രാഷ്ട്രീയ നിരീക്ഷകര്‍ ഉണ്ട്. എന്നാല്‍ അതിനോട് പൂര്‍ണ്ണമായി യോജിക്കാന്‍ കഴിഞ്ഞില്ലെങ്കിലും മതേതരത്വത്തിന്റെ മേലങ്കിയില്‍ ന്യൂനപക്ഷ പ്രീണനവും ഭൂരിപക്ഷ അവഗണനയുമെന്ന നയം കോണ്‍ഗ്രസ് ഉപേക്ഷിക്കാത്തിടത്തോളം തിരിച്ചടികളുടെ തുടര്‍ച്ചമാത്രമാകും ഇനിയുള്ള കോണ്‍ഗ്രസിന്റെ ചരിത്രം.
ജനാധിപത്യ ഭാരതത്തിന്റെ ഭാവി ബി.ജെ.പിയുടെ കൈകളിലാണ് ഭദ്രമെന്ന് തിരിച്ചറിയുന്നതിന്റെകൂടി സൂചനയാണ് ഇരുസംസ്ഥാനങ്ങളിലും ഉണ്ടായത്. മോഡിയുടെ അമേരിക്കന്‍ സന്ദര്‍ശനം ലോകരാജ്യങ്ങള്‍ക്കിടയില്‍ ഭാരതത്തിന്റെ സ്ഥാനം അഭിമാനാര്‍ഹമായി ഉയര്‍ത്തി. ഇതിനുപുറകേ അതിര്‍ത്തിയില്‍ പാകിസ്ഥാന്റെ ഭാഗത്തുനിന്നുണ്ടായ പ്രകോപനങ്ങള്‍ക്ക്തക്ക തിരിച്ചടി നല്‍കാന്‍ നരേന്ദ്രമോഡി സൈന്യത്തിന് പൂര്‍ണ്ണ അധികാരം നല്‍കിയത് ദേശസ്‌നേഹികളുടെ ആകെ ആദരവിന് കാരണമായി. ഇക്കാര്യത്തില്‍ ഒരു നിമിഷംപോലും പാഴാക്കാതെ, തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഇടയില്‍ നില്‍ക്കുമ്പോള്‍തന്നെ മോഡി നിര്‍ദ്ദേശം നല്‍കുകയും അതിര്‍ത്തിയിലേക്ക് ഒരു കാബിനറ്റ് മന്ത്രിയെ അയയ്ക്കുകയും ചെയ്തു. മാത്രമല്ല ഡല്‍ഹിയില്‍ ഇക്കാര്യങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ആഭ്യന്തരമന്ത്രി രാജ്യനാഥ്‌സിംഗിനേയും ചുമതലപ്പെടുത്തി. ഇതിലൂടെ ഉറച്ച തീരുമാനങ്ങള്‍ എടുക്കാനുള്ള ബി.ജെ.പി സര്‍ക്കാരിന്റെ കഴിവ് വ്യക്തമാകുകയായിരുന്നു. മാത്രമല്ല സൈനികരുടെ മനോവീര്യം ഉയര്‍ത്തുന്നതിനും ഇതു കാരണമായി. ഇതുവരെ പാകിസ്ഥാന്റെ വെടികൊള്ളാന്‍മാത്രം വിധിക്കപ്പെട്ട സൈനീകര്‍ക്ക് ശക്തമായി തിരിച്ചടിക്കാന്‍കൂടി അവസരം നല്‍കി.
ഭാരതത്തില്‍ മാറ്റത്തിന്റെ കാറ്റ് ശക്തമായി വീശുകയാണ്. ഒരു നവഭാരത സൃഷ്ടിയാണ് ബി.ജെ.പിയുടെ ലക്ഷ്യം. ദേശീയതയില്‍ ഊന്നിയ ഭാരതത്തിന്റെ പുതിയ രൂപകല്‍പനയ്ക്ക് ജനകോടികള്‍ അര്‍പ്പണബോധത്തോടെ പിന്നിലുണ്ടെന്നതാണ് ഈ തെരഞ്ഞെടുപ്പ് വ്യക്തമാക്കുന്നത്. ആ ധാര്‍മ്മിക ദൗത്യം ഏറ്റെടുക്കുമ്പോള്‍, ഗ്രാമീണഭാരതത്തിന്റെ ഹൃദയത്തുടിപ്പ് ഏറ്റുവാങ്ങുകയും ദരിദ്രനാരായണന്മാരുടെ മുഖം എപ്പോഴും ഓര്‍മ്മിക്കുകയും ചെയ്തുകൊണ്ട്, വിനയാന്വിതമായി ജനസേവനത്തിന്റെ പാതയിലൂടെ മുന്നോട്ടുപോകുകയാണ് ബി.ജെ.പിയുടെ ചരിത്രനിയോഗം എന്ന് മറക്കരുത്.
Discussion about this post