ചണ്ഡീഗഡ്: ഹരിയാന മുഖ്യമന്ത്രിയായി മനോഹര്‍ ലാല്‍ ഖട്ടര്‍ അധികാരമേറ്റു. ദൈവ നാമത്തില്‍ സത്യപ്രതിജ്ഞ ചെയ്താണ് ചുമതലയേറ്റത്. ഹരിയാന ഗവര്‍ണര്‍ കപ്താന് സിംഗ് സോളങ്കി സത്യവാചകം ചൊല്ലിക്കൊടുത്തു. ഖട്ടറിനൊപ്പം രാംവിലാസ് ശര്‍മ്മ, ക്യാപ്റ്റന്‍ അഭിമന്യു, ഒ.പി. ധന്‍കര്‍, അനില്‍ വിജ്, നര്‍വീര്‍ സിംഗ്, കവിത ജെയിന് എന്നിവര്‍ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു.
ഹരിയാന സംസ്ഥാനത്തിന്റെ ചരിത്രത്തിലാദ്യമായാണ് ബിജെപി അധികാരത്തിലെത്തുന്നത്. ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി, ബിജെപി പ്രസിഡന്റ് അമിത് ഷാ, മുതിര്‍ന്ന ബിജെപി നേതാവ് എല്‍.കെ. അദ്വാനി, പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ് സിംഗ് ബാദല്‍, കേന്ദ്രമന്ത്രിമാര്‍, ബിജെപി നേതാക്കള്‍ തുടങ്ങിയ പ്രമുഖര്‍ പങ്കെടുത്തു.
പഞ്ചാബി പാരമ്പര്യമുള്ള ആദ്യ ഹരിയാന മുഖ്യമന്ത്രിയാണ് ആര്‍എസ്എസ് പ്രചാരകനും പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അടുത്ത അനുചരനുമായ മനോഹര്‍ ലാല്‍ ഖട്ടര്‍. ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗമായ മനോഹര്‍ ലാല്‍ ഖട്ടര്‍ 40 വര്‍ഷത്തെ രാഷ്ട്രീയ ജീവിതത്തിനിടെ ആദ്യമായാണു തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. കര്‍ണാല്‍ മണ്ഡലത്തില്‍ നിന്നും 63,000ലധികം വേട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഖട്ടര്‍ ജയിച്ചത്.
40 വര്‍ഷമായി ആര്‍എസ്എസിന്റെയും 30 വര്‍ഷമായി ബിജെപിയുടെയും സന്തത സഹചാരിയാണ് മനോഹര്‍ ലാല്‍ ഖട്ടര്‍. പതിനാലു വര്‍ഷമായി ബിജെപി ജനറല്‍ സെക്രട്ടറി കൂടിയായ ഖട്ടര്‍ 1996ലാണ് ഹരിയാനയില്‍ ബിജെപിയുടെ ചുമതലയേറ്റു പ്രവര്‍ത്തനം ആരംഭിച്ചത്.
Discussion about this post