കാര്‍ട്ടൂണ്‍ മുതല്‍ കഥകളിവരെ വിഷവൈദ്യം മുതല്‍ വേദാന്തംവരെ, സകല കലകളിലും ശാസ്ത്രങ്ങളിലും വല്ലഭനായ ഒരമാനുഷന്‍ കൊച്ചുകുട്ടികളോടൊന്നും അങ്ങനെ അടുക്കുകയില്ലെന്നേ നമുക്കു തോന്നൂ. എന്നാല്‍ അങ്ങനെയല്ല സ്വാമികളുടെ സ്വഭാവം. കൊച്ചുകുട്ടികളുടെ കളിക്കൂട്ടുകാരനായിരുന്നു ചട്ടമ്പിസ്വാമികള്‍. കുട്ടികളോടു കൂടുമ്പോള്‍ അദ്ദേഹവും ഒരു കുട്ടിയായിമാറും.
കുട്ടികളുടെ പ്രായമൊന്നും സ്വാമിക്കു പ്രശ്‌നമല്ല. അഞ്ചോ ആറോ മാസം പ്രായമായ കൈക്കുഞ്ഞുങ്ങളാവട്ടെ, മുതിര്‍ന്ന കുട്ടികളാവട്ടെ, സ്വാമി അവരെ രസിപ്പിച്ചുകൊള്ളും. ശാഠ്യം പിടിച്ചു കരയുന്ന കുഞ്ഞിനെ അദ്ദേഹം എടുത്താല്‍ കരച്ചല്‍ മാറും. കുഞ്ഞിനെ കളിപ്പിക്കാനും താരാട്ടുപാടിയുറക്കാനുമൊക്കെ അമ്മയെക്കാള്‍ വശമുണ്ടദ്ദേഹത്തിന്. ഒരിക്കല്‍ സ്വാമിയുടെ കൈയില്‍ വന്ന ഒരു കുഞ്ഞ് തിരികെ സ്വന്തം അമ്മയുടെ കൈകളിലേക്കു പോകാന്‍ മടി കാണിക്കുമത്രേ. സ്വാമിയുടെ കൂടെ കളിച്ച കുട്ടികള്‍ വീണ്ടും സ്വാമി വരുന്നതു കാത്തിരിക്കുമെന്നും കേട്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ പുറത്തുകേറി ആനകളിച്ചും താടിയില്‍ തൂങ്ങിയും അദ്ദേഹം തന്നെ ഉണ്ടാക്കിക്കൊടുക്കുന്ന പീപ്പി ഊതിയും അങ്ങനെ കളി തകര്‍ക്കുമ്പോള്‍ ആ രംഗം കാണുന്നവര്‍ക്ക് സര്‍വ്വജ്ഞനായ വിദ്യാധിരാജനാണെന്നു വിശ്വസിക്കാന്‍ പ്രയാസം തോന്നും.
കഥയും പാട്ടും കൂടാതെ, കുട്ടികളെ രസിപ്പിക്കാന്‍ സ്വാമി ചില അത്ഭുതങ്ങളും കാട്ടിയെന്നുവരും. ഒരിക്കല്‍ ഒരു ശിഷ്യന്റെ വീട്ടില്‍ ചെന്നു. കളിച്ചുകൊണ്ടുനിന്ന കുട്ടികളെല്ലാം സ്വാമിക്കു ചുറ്റും കൂടി. നേരം സന്ധ്യായാകാറായി. ‘ഇനി നാളെ കളിക്കാം.’ എന്നു പറഞ്ഞു സ്വാമി ചാവടിയില്‍ കയറിയിരിപ്പായി. അല്പനേരത്തെ മൗനത്തിനുശേഷം സ്വാമി പറഞ്ഞു. ‘നാളെരാവിലെ എനിക്കൊരു പൂജയുണ്ട്. കുറേ പൂക്കള്‍ വേണം. അതാ ആ റോസാച്ചെടികളിലൊക്കെ വിടരാറായ മൊട്ടുകളുണ്ടല്ലോ. രാവിലെ ശരിക്കും പൂക്കള്‍ കാണും. എല്ലാം പറിച്ച് അവിടെക്കൊണ്ടു വച്ചേക്കണം.’ എന്നിട്ടിത്രയുംകൂടി പറഞ്ഞു. ‘തറയില്‍ കിടക്കുന്ന പൂവെടുക്കരുത് കേട്ടോ. ചെടിയില്‍ നിന്നും പറിച്ചതുതന്നെവേണം.’ കുട്ടികള്‍ ഉത്സാഹത്തോടെ സമ്മതിച്ചു.
പിറ്റേന്ന് അതിരാവിലെ കുട്ടികള്‍ പൂക്കുടകളുമായി മുറ്റത്തേക്കോടി. കഷ്ടം! ചെടികളില്‍ ഒറ്റപ്പൂവിമില്ല. എല്ലാം നിലത്തുവീണു കിടക്കുന്നു. അവര്‍ ആകെവിഷമിച്ച് സ്വാമിയുടെ അടുക്കലേയ്‌ക്കോടി.
‘സ്വാമീ, പൂവെല്ലാം തറയില്‍!’ അവര്‍ ഒരുമിച്ചു പറഞ്ഞു.
‘അങ്ങനെ വരാനിടയില്ലല്ലോ. നിങ്ങള്‍ കള്ളം പറയുകയല്ലേ?’
‘സത്യം. സ്വാമി വന്നുനോക്കണം.’
എല്ലാപേരും മുറ്റത്തെത്തി. എന്തൊരത്ഭതം! ഒറ്റപ്പൂവും നിലത്തില്ല. എല്ലാം റോസാച്ചെടികളില്‍ത്തന്നെനിന്നു പുഞ്ചിരിക്കുന്നു!
മറ്റൊരുസംഭവംകൂടി പറയാം. പില്ക്കാലത്തു ഗവണ്‍മെന്റിന്റെ ജോയിന്റ് സെക്രട്ടറിയായ ശ്രാമാന്‍ എന്‍.കൃഷ്ണപിള്ള പയ്യനായിരുന്ന കാലത്തെ ഒരനുഭവം അദ്ദേഹം തന്നെ എഴുതിയിട്ടുള്ളതാണ്. തിരുവനന്തപുരം വഴുതയ്ക്കാട്ട് ഫോറസ്റ്റ് ഓഫീസ് മുടിക്കിലായിരുന്നു വീട്. വീട്ടുമുറ്റത്തു നല്ലൊരു മാതളം നിന്നിരുന്നു. പക്ഷേ മാതളങ്ങ വിളയാറാകുമ്പോഴേക്കും അണ്ണാനും മറ്റും തിന്നുകഴിയും. ഒരു കായയും കിട്ടാത്തതില്‍ അവിടത്തെ കുട്ടികള്‍ക്കു വിഷമമായി.
തിരുവനന്തപുറത്തുള്ളപ്പോള്‍ സ്വാമികള്‍ അവിടെച്ചെല്ലുക പതിവായിരുന്നു. അത്തവണ ചെന്നപ്പോള്‍ കുട്ടികള്‍ സങ്കടമറിയിച്ചു. ‘മാതളംപഴം അണ്ണാന്റെ ആഹാരമല്ലേ?’ സ്വാമികള്‍ ചോദിച്ചു. പക്ഷേ കുട്ടികള്‍ വിട്ടില്ല. നിര്‍ബ്ബന്ധം സഹിക്കവയ്യാതായപ്പോള്‍ ഒരു ഈര്‍ക്കില്‍കൊണ്ട് മാതളത്തിന്‍ തടിയില്‍ കുറേനേരം തട്ടിക്കൊണ്ടിരുന്നിട്ട് സ്വാമികള്‍ പറഞ്ഞു.
‘ഇനി ഈ മാതളത്തില്‍ അണ്ണാനോ കിളിയോ തൊടുകയില്ല.’ പിന്നീടൊരിക്കലും യാതൊരു പ്രാണിയും അതില്‍ കയറിയില്ല. കുട്ടികള്‍ക്ക് ഇഷ്ടം പോലെ മാതളങ്ങ കിട്ടുകയും ചെയ്തു.
മറ്റൊരുവീട്ടില്‍ സ്വാമിജി ചെന്നുകയറുമ്പോള്‍ അവിടത്തെകുഞ്ഞ് നിര്‍ത്താതെ കരയുന്നു. അമ്മ അതിനെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചിട്ടും സാധിക്കുന്നില്ല.
‘താരാട്ടുപാടാനറിയില്ലേ?’ സ്വാമികള്‍ ചോദിച്ചു.
‘താരാട്ടൊന്നുമറിയില്ല സ്വാമീ’ – അമ്മ.
അവിടെയിരുന്ന് സ്വാമികള്‍ ഒരു താരാട്ടെഴുതി. അതാണ് പിള്ളത്താലോലിപ്പ് എന്ന മനോഹരമായ താരാട്ടുകവിത. അതില്‍ നിന്നു നാലുവരിമാത്രം ഉദ്ധരിക്കാം.
‘അപ്പാ നീ വിദ്യ പഠിച്ചില്ലെങ്കില്‍
കുപ്പയ്ക്കു തുല്യം നീ കുഞ്ഞേ!
കുപ്പായം തൊപ്പിയുമൊന്നും അല്ല
ഇപ്പാരില്‍ ഭൂഷണം വിദ്യ’.
Discussion about this post