കേരളം നിരവധി സമരങ്ങള്‍ കണ്ടിട്ടുണ്ട്. സമരത്തിന് പുതിയ പേരുകള്‍ കണ്ടെത്തുന്നതില്‍ കേരളീയരോളം മിടുക്കുള്ളവര്‍ ആരുമില്ല. ഇപ്പോള്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ നടന്നു വരുന്ന ആദിവാസികളുടെ നില്‍പ്പുസമരം പോലും ഗാന്ധിയന്‍ സമരമാതൃകയിലെ പുതിയ ആശയമാണ്. എന്നാല്‍ കേരളം പുതിയൊരു സമരമുറയുടെ ആഹ്വാനം കണ്ട് ലജ്ജിക്കേണ്ട അവസ്ഥയിലാണ്. ചുംബനസമരമെന്ന പേരില്‍ കൊച്ചിയിലെ മറൈന്‍ഡ്രൈവില്‍ നവംബര്‍ രണ്ടിന് സമരം സംഘടിപ്പിക്കാന്‍ തീരുമാനിച്ചെങ്കിലും പോലീസ് അതിന് അനുവാദം നല്‍കിയിട്ടില്ല.
‘കിസ് ഓഫ് ലൗ’ എന്ന സംഘടനയാണ് ഇതിന്റെ സംഘാടകര്‍. സോഷ്യല്‍മീഡിയകളിലൂടെ വ്യാപകപ്രചാരണമാണ് ഇതുമായി ബന്ധപ്പെട്ടു നടക്കുന്നത്. ചുംബിക്കാന്‍ ഞങ്ങള്‍ക്കു സ്വാതന്ത്ര്യമുണ്ട് എന്നു മുദ്രാവാക്യമുയര്‍ത്തിക്കൊണ്ടാണ് ഒരുകൂട്ടം ചെറുപ്പക്കാര്‍ രംഗത്തെത്തിയിരിക്കുന്നത്. കോഴിക്കോട്ടെ ഒരു ഹോട്ടലില്‍ പരസ്യചുംബനം നടക്കുന്നതു സംബന്ധിച്ച് ഒരു ചാനല്‍ ദൃശ്യങ്ങള്‍ പുറത്തുവിട്ടിരുന്നു. ഇതിനെ തുടര്‍ന്നു യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ആ ഹോട്ടല്‍ ആക്രമിച്ച് ചിലനാശനഷ്ടങ്ങള്‍ വരുത്തി. ഇതിനെ തുടര്‍ന്നാണ് സദാചാരപോലീസിനെതിരെ എന്നപേരില്‍ ചുംബന സമരത്തിനായി കൂട്ടായ്മ രൂപപ്പെട്ടത്.
ഹോട്ടലിനെതിരെ അക്രമം നടത്തിയിട്ടുണ്ടെങ്കില്‍ അതുസംബന്ധിച്ച് നിയമനടപടികള്‍ സ്വീകരിക്കേണ്ടത് പോലീസാണ്. മാത്രമല്ല ആഹോട്ടലില്‍ നടന്നുവെന്നു പറയപ്പെടുന്ന സദാചാരവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച ദൃശ്യങ്ങളെക്കുറിച്ച് നിഷേധക്കുറിപ്പൊന്നും വന്നിട്ടുമില്ല. ആ നിലയില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകുമ്പോള്‍ യുവജനസംഘടനകള്‍ പ്രതികരിക്കുക സ്വാഭാവികമാണ്. അത് ആരുടെയും വസ്തുവകകള്‍ നശിപ്പിച്ചുകൊണ്ടാവരുതെന്നു മാത്രം. എന്നാല്‍ ഇതിനെതിരെ കേട്ടുകേള്‍വിയില്ലാത്തവണ്ണം രഹസ്യമായി ചെയ്യേണ്ടകാര്യങ്ങള്‍ പരസ്യമായി ചെയ്യുന്നതിന് തങ്ങള്‍ക്ക് അവകാശമുണ്ടെന്നു പറഞ്ഞുകൊണ്ട് യുവാക്കള്‍ രംഗത്തെത്തുന്നത് ഒരിക്കലും നീതീകരിക്കാനാവില്ല.
കാലം മാറുമെങ്കിലും മാറാത്തചില മൂല്യങ്ങളുണ്ടെന്നു മറന്നുപോകുന്നവര്‍ നമ്മുടെ നാടിന്റെ പൈതൃകത്തെയും സംസ്‌കൃതിയെയുമാണ് നിഷേധിക്കുന്നത്. അമ്മയിലൂടെയും അമ്മിഞ്ഞപ്പാലിലൂടെയും പകര്‍ന്നുകിട്ടിയ മൂല്യബോധമാണ് ഭാരതീയന്റെ ജീവിതവഴിയിലെ വിളക്കായി ഉള്ളില്‍ ജ്വലിച്ചു നില്‍ക്കുന്നത്. അത് ഊതിക്കെടുത്താന്‍ ശ്രമിച്ചാല്‍ സ്വയം അന്ധകാരത്തില്‍ പെട്ട് നാശത്തിന്റെ അഗാധഗര്‍ത്തത്തിലേക്ക് വീണുപോവുമെന്ന കാര്യം യുവജനങ്ങള്‍ മറന്നുപോകരുത്.
പ്രതിഷേധിക്കാനും എതിരഭിപ്രായം പറയാനുമുള്ള സ്വാതന്ത്ര്യമാണ് ജനാധിപത്യത്തിന്റെ ജീവവായു. എന്നാല്‍ അത് മൂല്യനിഷേധത്തിന്റെയും നാടിന്റെ സാംസ്‌കാരിക പാരമ്പര്യത്തിനും എതിരുമാവരുത്. ഇത് തിരിച്ചറിയാനുള്ള വിവേകം ചുംബനസമരവുമായി രംഗത്തെത്തിയിട്ടുള്ളവര്‍ പ്രകടിപ്പിക്കണം. മാറിനടക്കാനുള്ള സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ട് പക്ഷേ അത് ‘മലം’ ചുമന്നുകൊണ്ടാകരുത്.
Discussion about this post