തിരുവനന്തപുരം: മലയാള ഭാഷാ നിയമം കൊണ്ടു വരുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സാംസ്‌ക്കാരിക വകുപ്പിന്റെ ആഭിമുഖ്യത്തില്‍ പിആര്‍ഡിയുടെ സഹകരണത്തോടെ തിരുവനന്തപുരം കനകക്കുന്നു കൊട്ടാരം ഗ്രൗണ്ടില്‍ സംഘടിപ്പിച്ച ശ്രേഷ്ഠഭാഷാ ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ശ്രേഷ്ഠ ഭാഷാ പദവി കൊണ്ടു തൃപ്തിപ്പെട്ടാല്‍ പോരാ മലയാള ഭാഷയോട് കേരളത്തിന് നീതി പുലര്‍ത്താനാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. നിര്‍ബന്ധമായും മലയാളം പഠിച്ചിരിക്കണം. മലയാള ഭാഷാനിയമം കൊണ്ടു വരണമെന്ന് പലതട്ടില്‍ നിന്നും ഉയര്‍ന്ന ആവശ്യം പരിഗണിച്ച സര്‍ക്കാര്‍ അതിനുള്ള നടപടികളുടെ അന്തിമ ഘട്ടത്തിലാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വിദേശ മലയാളികളുടെ കുട്ടികളെ കേരളത്തിന്റെ സംസ്‌ക്കാരവും മലയാള ഭാഷയും പഠിപ്പിക്കുകയെന്നത് സര്‍ക്കാര്‍ വെല്ലുവിളിയായി സ്വീകരിച്ചിരിക്കുകയാണ്. മലയാളം മിഷന്‍ വഴി പ്രവര്‍ത്തനങ്ങള്‍ വിപുലമായി നടത്തി വരുന്നു. ഭാഷയ്ക്കും സംസ്‌ക്കാരത്തിനും അനുയോജ്യമായ പ്രവര്‍ത്തനങ്ങളുമായി മുന്നേറാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഭരണ നടപടികളില്‍ മലയാളം കൊണ്ടു വരുന്നതിനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമാക്കണമെന്ന് ചടങ്ങില്‍ ഭാഷാ കംപ്യൂട്ടിംഗ് സോഫറ്റ്‌വെയറുകളുടെ പ്രകാശനം നിര്‍വഹിച്ചുകൊണ്ട് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ പറഞ്ഞു. കേരളത്തിന്റെ ഭാഷയും സംസ്‌ക്കാരവും ഉയര്‍ത്തിപ്പിടിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകണമെന്ന് ചടങ്ങില്‍ അധ്യക്ഷനായിരുന്ന സാംസ്‌ക്കാരിക വകുപ്പു മന്ത്രി കെ.സി.ജോസഫ് പറഞ്ഞു. ചടങ്ങില്‍ ബോധേശ്വരന്‍ രചിച്ച കേരള ഗാനത്തിന് സംഗീതസംവിധായകന്‍ എം.ജയചന്ദ്രന്‍ ഈണം നല്‍കി പുറത്തിറക്കിയ സി.ഡി. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന് നല്‍കി പ്രകാശനം ചെയ്തു. കേരള ഭാഷാ നിഘണ്ടു മുഖ്യമന്ത്രിയില്‍ നിന്ന് സുഗതകുമാരി ഏറ്റുവാങ്ങി. ഔദ്യോഗിക ഭാഷാ വകുപ്പിന്റെ പുരസ്‌ക്കാര വിതരണം കെ.മുരളീധരന്‍ എം.എല്‍.എ. നിര്‍വഹിച്ചു. സാസ്‌കാരി വകുപ്പ് സെക്രട്ടറി റാണിജോര്‍ജ്ജ് ഔദ്യോഗിക ഭാഷ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
കെ. മുരളീധരന്‍ എം.എല്‍.എ, മുന്‍ കേന്ദ്രമന്ത്രി ഒ. രാജഗോപാല്‍, സാംസ്‌കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ്, സുഗതകുമാരി, ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ.എം.ആര്‍.തമ്പാന്‍, സി-ഡാക് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ബി.രമണി തുടങ്ങിയവര്‍ സംബന്ധിച്ചു.
Discussion about this post