കേരള രാഷ്ട്രീയത്തെ പിടിച്ചുലച്ചുകൊണ്ടിരിക്കുന്ന ബാര്‍ കോഴ വിവാദം ഓരോ ദിവസം കഴിയുംതോറും പുതിയ തലങ്ങളിലേക്ക് വ്യാപിക്കുകയാണ്. ധനമന്ത്രി കെ.എം മാണിക്കെതിരെയാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. ബാര്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് ആവശ്യപ്പെട്ട അഞ്ചുകോടി രൂപയില്‍ ഒരുകോടിരൂപ ആദ്യഗഡുവായി കൈപ്പറ്റിയെന്നാണ് ബാര്‍ഹോട്ടല്‍ ഉടമകളുടെ അസോസിയേഷന്‍ വര്‍ക്കിംഗ് പ്രസിഡന്റ് ഡോ.ബിജു രമേശ് ആരോപണം ഉന്നയിച്ചത്. അദ്ദേഹം ആരോപണത്തില്‍ ഉറച്ചുനില്‍ക്കുകയും കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തുമെന്ന് പറയുകയും ചെയ്തിട്ടുണ്ട്. മാത്രമല്ല ഏതു പ്രത്യാഘാതങ്ങളെയും താന്‍ നേരിടാന്‍ തയ്യാറാണെന്ന് വ്യക്തമാക്കിയ ബിജു രമേശിനെതിരെ വധഭീഷണിയും ഉയര്‍ന്നിട്ടുണ്ട്.
പതിറ്റാണ്ടുകള്‍ നീണ്ട രാഷ്ട്രീയ പാരമ്പര്യമൊക്കെ ചൂണ്ടിക്കാട്ടി മാണിയെ പ്രതിരോധിക്കാനാണ് യു.ഡി.എഫ് നേതൃത്വം ശ്രമിക്കുന്നത്. ഇതു സംബന്ധിച്ച് പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രാഥമിക അന്വേഷണത്തിന് ആഭ്യന്തരമന്ത്രി ഉത്തരവിട്ടിട്ടുണ്ട്. അന്വേഷണം പൂര്‍ത്തിയാക്കാന്‍ മൂന്ന്മാസമാണ് നല്‍കിയിരിക്കുന്നത്. ഇതിലൂടെതന്നെ സംഭവം തേച്ചുമാച്ചുകളയാനുള്ള ശ്രമമാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നത്. ഇതിനെതുടര്‍ന്ന് സി.ബി.ഐ അന്വേഷണാവശ്യവുമായി വി.എസ്.അച്യുതാനന്ദന്‍ രംഗത്തെത്തി. മന്ത്രിമാരും മറ്റുമുള്‍പ്പെട്ട് ആരോപണങ്ങള്‍ സി.ബി.ഐയാണ് അന്വേഷിക്കേണ്ടതെന്ന സുപ്രീംകോടതിവിധി അദ്ദേഹം ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
മന്ത്രിസഭയിലെതന്നെ ഏറ്റവും മുതിര്‍ന്ന അംഗത്തിനെതിരെ അഴിമതി ആരോപിക്കുമ്പോള്‍ അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് ബോദ്ധ്യമില്ലാതെയല്ല ബിജുരമേശ് രംഗത്തെത്തിയിട്ടുള്ളത്. മാത്രമല്ല അദ്ദേഹം ചേമ്പര്‍ ഓഫ് കോമേഴ്‌സിന്റെയും ഒരു ഭാരവാഹിയാണ്. ഹോട്ടല്‍ വ്യവസായമേഖലയില്‍ പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ബിജുരമേശ് നിരുത്തരവാദപരമായി ഒരാരോപണമുന്നയിക്കുമെന്ന് കരുതാന്‍ നിര്‍വാഹമില്ല. ആ നിലയില്‍ സംഭവത്തെക്കുറിച്ച് സംസ്ഥാനസര്‍ക്കാരിന്റെ കീഴിലുള്ള ഒരു ഏജന്‍സിയുടെ അന്വേഷണം ഒരിക്കലും നീതിപൂര്‍വ്വമാകാന്‍ ഇടയില്ല. മറിച്ച് സി.ബി.ഐ തന്നെയാണ് ഈ കേസ് അന്വേഷിക്കേണ്ടത്. എന്നാല്‍ സി.ബി.ഐ അന്വേഷിച്ചാല്‍ സത്യം പുറത്തുവരും എന്ന ഭയം യു.ഡി.എഫിനെ വേട്ടയാടുന്നു.
കേന്ദ്രത്തില്‍ ബി.ജെ.പി സര്‍ക്കാരാണ് ഭരിക്കുന്നു എന്നതിനാല്‍ വി.എസിന്റെ ഈ ആവശ്യത്തോട് സി.പി.എം കേന്ദ്ര നേതൃത്വം മാത്രമല്ല സംസ്ഥാനനേതൃത്വവും മുഖംതിരിച്ചുനില്‍ക്കുകയാണ്. രാഷ്ട്രീയമായി ഈ പ്രശ്‌നത്തെ സി.ബി.ഐയിലൂടെ ഉപയോഗിക്കുമെന്നാണ് ഇതിന് കാരണമായി സി.പി.എം നേതൃത്വം പറയുന്നത്. എന്നാല്‍ സ്വതന്ത്ര ഏജന്‍സിയായ സി.ബി.ഐയെ ഒരു സംസ്ഥാന മന്ത്രി ഉള്‍പ്പെട്ട കോഴ കേസില്‍ സ്വാധീനിക്കുമെന്നു കരുതാന്‍ തക്കവണ്ണം വിഡ്ഢികളല്ല ഇതു കേള്‍ക്കുന്ന കേരളീയര്‍.
ഇടക്കാലത്ത് കെ.എം.മാണിയെ ഇടതുമുന്നണിയിലേക്ക് സ്വാഗതം ചെയ്യുകയും യു.ഡി.എഫ് മന്ത്രിസഭയെ മറിച്ചിട്ടുകൊണ്ട് ഇടതുമുന്നണിയുടെ നേതൃത്വത്തില്‍ ഒരു മന്ത്രിസഭ സ്വപ്നംകാണുകയും ചെയ്തവരാണ് സി.പി.എന്റെ സംസ്ഥാനനേതൃത്വം. അത് അന്ന് നടക്കാതെപോയെങ്കിലും ആ വിഷയത്തിലുള്ള പ്രതീക്ഷ വച്ചുപുലര്‍ത്തിയിരുന്നു എന്നതിനു തെളിവാണ് ബാര്‍വിഷയത്തില്‍ കോഴ ആരോപണം പുറത്തുവന്നപ്പോള്‍ അതിനോട് പ്രതികരിക്കാതെ മാറിനിന്ന പിണറായി വിജയന്റെ നിലപാട്.
ബാര്‍ കോഴ തൊട്ടാല്‍പൊള്ളുന്നവിഷയമായി മാറിക്കഴിഞ്ഞു. ആരോപണത്തെ സംബന്ധിച്ച് നിജസ്ഥിതി അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്. ആ അവകാശത്തിനുവേണ്ടിയാണ് സി.ബി.ഐ അന്വേഷണമെന്ന ആവശ്യവുമായി പ്രതിപക്ഷനേതാവ് രംഗത്തെത്തിയിട്ടുള്ളത്. അതിനോട് തന്നെയാവും കേരളത്തിലെ ഭൂരിപക്ഷം ജനങ്ങളും യോജിക്കുക.
സംശുദ്ധമായ രാഷ്ട്രീയത്തിന് ഉടമയാണ് കെ.എം.മാണിയെങ്കില്‍ ആരോപണത്തിന്റെ കറ കഴുകികളഞ്ഞ് അഗ്നിശുദ്ധനായി മുന്നോട്ടുവരുന്നതിനുള്ള അവസരമാണ് സി.ബി.ഐ അന്വേഷണം. മറിച്ച് സംസ്ഥാന സര്‍ക്കാരിന്റെ കീഴില്‍തന്നെയുള്ള വിജിലന്‍സിനെക്കൊണ്ട് പ്രാഥമികാന്വേഷണം നടത്തി ആരോപണത്തില്‍ കഴമ്പില്ലെന്ന് പറഞ്ഞുകൊണ്ട് തടിതപ്പാനുള്ള ശ്രമം മാണിയെ മാത്രമല്ല അതിനുകൂട്ടുനില്‍ക്കുന്നവരെയും സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുകയേ ഉള്ളൂ.
ഭരണകര്‍ത്താക്കള്‍ സംശയത്തിനതീതരായിരിക്കണം. അത് സ്വയം പ്രഖ്യാപിച്ചതുകൊണ്ടായില്ല. മറിച്ച് ജനാധിപത്യത്തില്‍ യജമാനന്മാരായ ജനങ്ങള്‍ക്കുകൂടി അതു ബോദ്ധ്യമാകണം. ബാര്‍ വിഷയത്തില്‍ അതിനുള്ള അവസരം നിഷേധിക്കുകയെന്നുവച്ചാല്‍ കോഴ കൈപ്പറ്റിയെന്നുതന്നെ ജനങ്ങള്‍ക്കു കരുതേണ്ടിവരും.
Discussion about this post