തിരുവനന്തപുരം: മൈക്ക് പെര്‍മിറ്റ് ആവശ്യമുളള ഉച്ചഭാഷിണികള്‍, മൈക്രോഫോണ്‍ എന്നിവ സ്വന്തമായിട്ടുളള വ്യക്തികള്‍, മതസ്ഥാപനങ്ങള്‍, സംഘടനകള്‍, സ്ഥാപനങ്ങള്‍ എന്നിവര്‍ അതത് താലൂക്ക് ഓഫീസുകളിലെ രജിസ്‌ട്രേഷന്‍ കേന്ദ്രങ്ങളില്‍ നവംബര്‍ 14 ന് മുന്‍പ് രജിസ്റ്റര്‍ ചെയ്യേണ്ടതാണെന്ന് ജില്ലാ കളക്‌ടര്‍ ബിജു പ്രഭാകര്‍ അറിയിച്ചു.
രജിസ്‌ട്രേഷന്‍ നടത്താത്ത വര്‍ക്ക് പൊതുസ്ഥലങ്ങളിലും മറ്റും ശബ്‌ദഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കുവാന്‍ അനുവാദം ലഭിക്കുന്നതല്ല. മതസ്ഥാപനങ്ങള്‍, ആരാധനാലയങ്ങള്‍, സാംസ്‌ക്കാരികകേന്ദ്രങ്ങള്‍ മുതലായ, വ്യാവസായിക അടിസ്ഥാനത്തില്‍ അല്ലാതെ ഇത്തരം ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നവര്‍ക്കും നിര്‍ദ്ദേശം ബാധകമാണ്. സൗണ്ട് സിസ്റ്റം ഒപ്പറേറ്റര്‍മാര്‍ക്കും വ്യാവസായിക അടിസ്ഥാനത്തില്‍ വിതരണം നടത്തുന്നവര്‍ക്കും കളക്‌ടറേറ്റില്‍ രജിസ്‌ടേഷന്‍ നടത്താം. സര്‍ട്ടിഫിക്കറ്റിന്റെയും അനുമതി പത്രത്തിന്റെയയും അസ്സല്‍ ഉച്ചഭാഷിണി പ്രവര്‍ത്തിക്കുന്ന സ്ഥലത്തെ പ്രധാന നിയന്ത്രണ ഉപകരണത്തിന് സമീപം പ്രദര്‍ശിപ്പിക്കേണ്ടതാണ്. വ്യക്തികളോ സ്ഥാപനങ്ങളോ രജിസ്‌ട്രേഷന്‍ ഇല്ലാതെ ഉച്ചഭാഷിണികള്‍ പ്രവര്‍ത്തിപ്പിച്ചാല്‍ ഉപകരണങ്ങള്‍ സര്‍ക്കാരിലേയ്‌ക്ക് കണ്ടുകെട്ടുമെന്നും പോലീസ് നിയമനടപടികള്‍ സ്വീകരിക്കുന്നതാണെന്നും കളക്‌ടര്‍ അറിയിച്ചു. അന്യജില്ലകളില്‍ നിന്നോ സംസ്ഥാനങ്ങളില്‍ നിന്നോ ഉത്സവങ്ങള്‍ക്കും മറ്റുമായി കൊണ്ടുവരുന്ന ശബ്‌ദഉപകരണങ്ങള്‍ക്ക് താല്‍ക്കാലികരജിസ്‌ട്രേഷന്‍ നടത്തേണ്ടതാണ്. ഇത് പാലിക്കാത്ത പക്ഷം പരിപാടിയുടെ സംഘാടകരോ ജില്ലയിലെ കരാറുകാരോ ബന്ധപ്പെട്ട വിതരണക്കാരനോ ഉത്തരവാദിയായിരിക്കും. രജിസ്‌ട്രേഷനായി നല്‍കുന്ന അപേക്ഷാഫോറത്തില്‍ വ്യാജസത്യപ്രസ്‌താവന നല്‍കിയതായോ തെറ്റായ വിവരങ്ങള്‍ നല്‍കിയതായോ കണ്ടെത്തിയാല്‍ രജിസ്‌ട്രേഷന്‍ റദ്ദാക്കുന്നതും ഒരുവര്‍ഷക്കാലം പ്രവര്‍ത്തനാനുമതി നിഷേധിക്കുന്നതുമാണ്. രജിസ്‌ട്രേഷന്‍ സംബന്ധിച്ച രേഖകള്‍ സബ് ഇന്‍സ്‌പെക്‌ടര്‍, വില്ലേജ് ഓഫീസര്‍ റാങ്കില്‍ കുറയാത്ത ഉദേ്യാഗസ്ഥര്‍ക്ക് ഏതുസമയത്തും ആവശ്യപ്പെടാനും പരിശോധിക്കുവാനുമുളള അധികാരം ഉണ്ട്.
Discussion about this post