ന്യൂഡല്‍ഹി: 45-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് നവംബര്‍ 20ന് ഗോവയില്‍ ആരംഭിക്കും. ഇന്ത്യന്‍ പനോരമയുടെ പ്രത്യേക വിഭാഗം ഇക്കുറി വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളാണ്. പാര്‍ശ്വവത്കരിക്കപ്പെട്ട ഈ മേഖലയിലെ വനിതകളുടെ അതിജീവന സമരങ്ങളാണ് പ്രമേയം. ഇതര മേഖലകളിലെന്നോണം ചലച്ചിത്രരംഗത്തും വിലപ്പെട്ട സംഭാവന നല്‍കുന്ന ചൈനാചിത്രങ്ങള്‍ക്കാണ് ഇത്തവണ പ്രാമുഖ്യം.
നവംബര്‍ 30 വരെ നീളുന്ന മേളയുടെ ഉദ്ഘാടനം രജനീകാന്തും അമിതാഭ് ബച്ചനും ചേര്‍ന്ന് നിര്‍വഹിക്കും. ഗാന്ധി സിനിമ സംവിധാനംചെയ്ത വിഖ്യാത ചലച്ചിത്രകാരന്‍ റിച്ചാഡ് ആറ്റന്‍ബറോയെ പ്രത്യേകമായി അനുസ്മരിക്കുമെന്ന് വാര്‍ത്താസമ്മേളനത്തില്‍ വാര്‍ത്താ വിതരണ പ്രക്ഷേപണവകുപ്പ് സഹമന്ത്രി രാജ്യവര്‍ധന്‍സിങ് റാഥോഡ് അറിയിച്ചു.
മൊഹ്‌സന്‍ മഖ്മല്‍ബഫ് സംവിധാനംചെയ്ത ഇറാന്‍ സിനിമ ‘ദി പ്രസിഡന്റ്’ ആണ് ഉദ്ഘാടനചിത്രം. ചൈനാ ചലച്ചിത്രകാരന്‍ വോങ് കാര്‍ വോയ് സംവിധാനംചെയ്ത ദി ഗ്രാന്‍ഡ് മാസ്റ്റര്‍ ആണ് മേളയുടെ സമാപനത്തിലെ ആകര്‍ഷണം. ചലച്ചിത്രമേഖലയിലെ ആജീവനാന്ത നേട്ടത്തിനുള്ള പുരസ്‌കാരവും ഇക്കുറി വോങിനാണ്. 1983, നോര്‍ത്ത് 24 കാതം, ഞാന്‍ സ്റ്റീവ് ലോപ്പസ്, ദൃശ്യം, മുന്നറിയിപ്പ്, ഞാന്‍, സ്വപാനം തുടങ്ങിയവയാണ് മേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മലയാളചിത്രങ്ങള്‍.
75 രാജ്യങ്ങളാണ് മേളയില്‍ പങ്കെടുക്കുന്നത്. 179 അന്താരാഷ്ട്ര ചിത്രങ്ങളാണ് മേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. ലോകസിനിമ വിഭാഗത്തില്‍ 61 ചിത്രങ്ങളും ഫെസ്റ്റിവല്‍ കാലിഡോസ്‌കോപ്പില്‍ 20 സിനിമയുമുണ്ട്. ഏഷ്യന്‍ ചിത്രങ്ങള്‍ ഏഴും ഡോക്യുമെന്ററികള്‍ ആറും.
പ്രത്യേക വിഭാഗമായ വടക്കുകിഴക്കന്‍ മേഖലയില്‍നിന്ന് ഏഴ് ചിത്രങ്ങളുണ്ടാകും. കുട്ടികളുടേതടക്കമുള്ള ഇതര വിഭാഗങ്ങളില്‍ 90 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. മികച്ച ചിത്രം, സംവിധായകന്‍, നടന്‍, നടി, സ്‌പെഷല്‍ ജൂറി അവാര്‍ഡുകള്‍ മേളയുടെ അവസാനദിവസം സമ്മാനിക്കും. സെന്റിനറി അവാര്‍ഡ് ഫോര്‍ ദി ഇന്ത്യന്‍ ഫിലിം പേഴ്‌സണാലിറ്റി ഓഫ് ദി ഇയര്‍ പുരസ്‌കാരം രജനീകാന്തിന് നല്‍കും.
Discussion about this post