ഭാരതം നേരിടുന്ന രണ്ട് പ്രധാന വെല്ലുവിളികളാണ് ഭീകരവാദവും മാവോയിസ്റ്റുകളുടെ സാന്നിധ്യവും. ഒന്ന് രാജ്യത്തിനു പുറത്തുനിന്നുള്ള സഹായത്തോടുകൂടിയാണ് നടക്കുന്നതെങ്കില്‍ രണ്ടാമത്തേത് രൂപപ്പെട്ടത് രാജ്യത്തിനുള്ളില്‍ നിന്നുതന്നെയാണ്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും ദക്ഷിണേന്ത്യയില്‍ ആന്ധ്രാപ്രദേശിലും തെലങ്കാനയിലുമാണ് മാവോയിസ്റ്റുകള്‍ക്ക് ശക്തമായ സാന്നിധ്യമുള്ളത്. എന്നാല്‍ കേരളത്തിലും മാവോയിസ്റ്റുകളുടെ സാന്നിധ്യത്തെക്കുറിച്ച് പറഞ്ഞുകേള്‍ക്കാന്‍ തുടങ്ങിയിട്ട് കുറേ നാളുകളായി. ഇക്കാര്യത്തില്‍ പോലീസ് ഇപ്പോഴും ഇരുട്ടില്‍ തപ്പുകയാണ്.
മാവോയിസ്റ്റുകള്‍ക്ക് വേരോട്ടമുള്ള മറ്റ് സംസ്ഥാനങ്ങളിലെ സാമൂഹ്യ സാഹചര്യം ആ പ്രസ്ഥാനത്തിന് വളരാനുള്ള വളക്കൂറായി മാറുകന്നുണ്ട്. എന്നാല്‍ ഇതില്‍നിന്നു തുലോം വ്യത്യസ്തമാണ് കേരളത്തിലെ സ്ഥിതി. പശ്ചിമബംഗാളിലെ നക്‌സല്‍ ബാരിയില്‍ അറുപതുകളുടെ അന്ത്യത്തില്‍ ഉണ്ടായ കലാപമാണ് രാജ്യത്ത് തീവ്ര ഇടതുപക്ഷ സാന്നിധ്യം പ്രകടിപ്പിച്ച ആദ്യത്തെ സംഭവം. ഇതെത്തുടര്‍ന്ന് നക്‌സല്‍ബാരി പ്രസ്ഥാനത്തിന് കേരളത്തില്‍ വേരോട്ടമുണ്ടാവുകയും പുല്‍പ്പള്ളിയിലും തലശ്ശേരിയിലും പോലീസ് സ്‌റ്റേഷന്‍ ആക്രമിക്കുന്നതുള്‍പ്പടെ നിരവധി സംഭവങ്ങളും ഉണ്ടായി. എന്നാല്‍ ഈ പ്രസ്ഥാനത്തെ മുച്ചൂടും ഇല്ലാതാക്കുന്നതില്‍ – പല കാര്യങ്ങളിലും വിയോജിപ്പുണ്ടെങ്കിലും – അന്നത്തെ ആഭ്യന്തരമന്ത്രിയായിരുന്ന കെ. കരുണാകരന്‍ വഹിച്ച പങ്ക് വളരെ വലുതാണ്. അതിനുശേഷം തീവ്രവാദ സാന്നിധ്യമുള്ള ഒരു പ്രസ്ഥാനത്തിനും കേരളത്തില്‍ വേരുപിടിക്കാനായില്ല.
ഇക്കഴിഞ്ഞ ചൊവ്വാഴ്ച കൊച്ചി പനമ്പള്ളി നഗറിലെ നിറ്റ ജലാറ്റിന്‍ കോര്‍പ്പറേറ്റ് ഓഫീസ് അടിച്ചുതകര്‍ത്ത സംഭവത്തിനു പിന്നില്‍ മാവോയിസ്റ്റുകളാണെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. സെക്യൂരിറ്റി ജീവനക്കാരനെ ഭീഷണിപ്പെടുത്തിയശേഷം ഓഫീസ് തല്ലിത്തകര്‍ത്ത സംഘം പരിസരത്തുള്ളവര്‍ നോക്കി നില്‍ക്കെയാണ് ഒരു കൂസലുമില്ലാതെ മടങ്ങിയത്. മുഖം മറച്ചെത്തിയ സംഘം പത്തുമിനിറ്റുകൊണ്ട് ആക്രമണം നടത്തി സായുധ വിപ്ലവത്തിന് ആഹ്വാനം ചെയ്യുന്ന നോട്ടീസും വിതറിയാണ് തിരിച്ചുപോയത്.
നിറ്റ ജലാറ്റിന്റെ ചാലക്കുടി കാതിക്കുടത്തിനടുത്തുള്ള കമ്പനി മലിനീകരണം നടത്തുന്നു എന്നാരോപിച്ച് അവിടെ വളരെക്കാലമായി സമരം നടക്കുകയാണ്. ഇതു സംബന്ധിച്ച് നിയമപോരാട്ടവും നടക്കുന്നുണ്ട്. എന്നാല്‍ പ്രശ്‌നത്തിന് ഇതുവരെ പരിഹാരം കാണാന്‍ കഴിഞ്ഞിട്ടില്ല. മലിനീകരണം ജനജീവിതത്തെ സാരമായി ബാധിക്കുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇക്കാര്യത്തില്‍ ഭരണപക്ഷമോ പ്രതിപക്ഷമോ തങ്ങള്‍ക്കൊപ്പമില്ലെന്ന് ജനങ്ങള്‍ക്കു തോന്നിയാല്‍ അത്തരം സന്ദര്‍ഭങ്ങള്‍ മുതലെടുക്കാന്‍ മാവോയിസ്റ്റ് പ്രസ്ഥാനം പോലുള്ള സംഘടനകള്‍ ശ്രമിക്കും. കേരളത്തിന്റെ സാഹചര്യത്തില്‍ തങ്ങള്‍ക്ക് പച്ചപിടിക്കാന്‍ ഇത്തരം സമരങ്ങളിലൂടെ കഴിയുമെന്ന കണക്കുകൂട്ടലാണ് ഓഫീസ് അടിച്ചുതകര്‍ത്തതിനു പിന്നില്‍.
ഏറെ വിവാദമുണ്ടാക്കിയ ചുംബന സമരത്തിനു പിന്നില്‍ പോലും മാവോയിസ്റ്റുകളുടെ സാന്നിധ്യം തിരിച്ചറിഞ്ഞിട്ടുണ്ട്. സദാചാര പോലീസിനെതിരെ എന്ന പേരില്‍ സംഘടിപ്പിച്ച ആ സമരത്തിന്റെ നേതൃത്വം മാവോയിസ്റ്റുകളുടെ അദൃശ്യ കരങ്ങളിലേക്ക് എത്തിയെന്നാണ് രഹസ്യാന്വേഷണ വൃത്തങ്ങള്‍ വെളിവാക്കുന്നത്.
ഭരണകൂടം നീതി നിഷേധിക്കുന്നതായും അക്കാര്യത്തില്‍ തങ്ങളോടൊപ്പം പ്രതിപക്ഷകക്ഷികള്‍ പോലുമില്ലെന്ന് ജനങ്ങള്‍ക്കു തോന്നുകയും ചെയ്യുന്ന ഒരു അരക്ഷിതാവസ്ഥയില്‍നിന്നു മതലെടുക്കാന്‍ മാവോയിസ്റ്റ് സംഘടനകള്‍ ശ്രമിക്കും. അതിലൂടെ കേരളത്തിന്റെ മുഖ്യധാരയിലേക്ക് കടന്നുവരാനുള്ള ശ്രമമാണ് നിറ്റ ജലാറ്റിന്റെ ഓഫീസ് അടിച്ചുതകര്‍ത്തതിലൂടെ മാവോയിസ്റ്റുകള്‍ നടത്തിയിരിക്കുന്നത്.
പോലീസിലെ രഹസ്യാന്വേഷണ വിഭാഗത്തെപ്പോലും ഞെട്ടിച്ചിരിക്കുകയാണ് കൊച്ചി സംഭവം. നേരത്തെ കരുതിയിരുന്നതിനെക്കാള്‍ ശക്തമായ സാന്നിധ്യം കേരളത്തില്‍ മാവോയിസ്റ്റുകള്‍ക്കുണ്ടെന്ന് ഈ സംഭവത്തോടെ തെളിഞ്ഞിരിക്കുകയാണ്. ഇനിയും പോലീസ് കൈയുംകെട്ടി നോക്കിയിരുന്നാല്‍ കേരളത്തെ ഉറക്കംകെടുത്തുന്ന എഴുപതുകളിലെ നക്‌സലൈറ്റ് സാന്നിധ്യം പോലെ മാവോയിസ്റ്റുകളും മാറും. ഇക്കാര്യത്തില്‍ രാഷ്ട്രീയത്തിനതീതമായി എല്ലാ ജനാധിപത്യ വിശ്വാസികളും മാവോയിസ്റ്റു പ്രസ്ഥാനത്തിനെതിരെ അണിനിരക്കണം.
Discussion about this post