തിരുവനന്തപുരം: പോലീസ് സ്‌റ്റേഷനുകള്‍ പൊതുജനങ്ങള്‍ക്ക് പ്രാപ്യമാകണമെന്നും ആത്മവിശ്വാസത്തോടെ ജനങ്ങള്‍ക്ക് ചെന്നു കയറാവുന്ന ഇടമായി സ്‌റ്റേഷനുകള്‍ മാറണമെന്നും ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം. കമ്യൂണിറ്റി പോലീസിങ് സംവിധാനത്തിന്റെ പുതുവഴികള്‍ ചര്‍ച്ച ചെയ്യാന്‍ കേരള പോലീസ് റിസര്‍ച്ച് ആന്റ് ഡവലപ്‌മെന്റ് ദേശീയ ബ്യൂറോയുമായി ചേര്‍ന്ന് സംഘടിപ്പിച്ച ദ്വിദിന ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സാങ്കേതിക വിദ്യയുടെ സൗകര്യം ഉപയോഗപ്പെടുത്തി പ്രഥമ വിവര റിപ്പോര്‍ട്ട് തയാറാക്കുന്നതുപോലെയുള്ള നടപടിക്രമങ്ങള്‍ ലഘൂകരിക്കണം. സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയാനായി സൈബര്‍ മേഖലയിലെ പോലീസിംഗ് സംവിധാനം വിപുലീകരിക്കണം. സംസ്ഥാനത്ത് ഫോറന്‍സിക് ലബോറട്ടറികളുടെ എണ്ണം കുറവാണ്. ഇത് കേസന്വേഷണങ്ങളെ ബാധിക്കുന്നുണ്ട്. പലപ്പോഴും പരിശോധനാ ഫലം അടിയന്തരമായി ലഭിക്കാതെയും വര്‍ഷങ്ങളോളം കെട്ടിക്കിടക്കുന്ന വിധത്തിലുള്ള സാഹചര്യം ഉണ്ടാവുകയും ചെയ്യുന്നു.ലാബുകളുടെ എണ്ണം കൂട്ടുന്നത് ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കും.ഇതിനുള്ള നടപടികള്‍ക്ക് ആക്കം കൂട്ടണം. കുറ്റകൃത്യങ്ങള്‍ കുറയ്ക്കുകയെന്ന വെല്ലുവിളിയാണ് പോലീസ് നേരിടുന്നത്. ഇതിനുള്ള ഫലപ്രദമായ നീക്കങ്ങള്‍ ആവശ്യമാണ്. കമ്മ്യൂണിറ്റി പോലീസിംഗ് സംവിധാനം ഇതിന് മികച്ച പരിഹാരമാണ്.ജനമൈത്രി പോലീസിംഗ് സംവിധാനം കൂടുതല്‍ സുതാര്യവും സുശക്തവുമാക്കി മാറ്റണമെന്നും ഗവര്‍ണര്‍ പറഞ്ഞു.ഫേസ് ബുക്ക് ഉള്‍പ്പെടെയുള്ള സാമൂഹ്യമാധ്യമങ്ങളുടെ സഹായത്തോടെ പ്രവര്‍ത്തന മേഖല വിപുലീകരിക്കാന്‍ പോലീസ് ശ്രദ്ധിക്കണം. ഇന്ത്യന്‍ ശിക്ഷാ നിയമത്തില്‍ വന്നിട്ടുള്ള മാറ്റങ്ങളും കൂട്ടിച്ചേര്‍ക്കലുകളും ഇന്നും കേരളമുള്‍പ്പെടെയുള്ള പല സംസ്ഥാനങ്ങളിലെയും പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ബോധ്യമില്ലെന്ന് ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി. പാര്‍ലമെന്റ് കൊണ്ടു വന്ന നിയമഭേദഗതികളും മറ്റും സമഗ്രമായി പഠിക്കുന്നതിനുള്ള നടപടികള്‍ ആവശ്യമാണ്. ഇത്തരം നിയമങ്ങള്‍ സംഗ്രഹിച്ചുള്ള ലഘുലേഖകള്‍ പ്രസിദ്ധീകരിക്കുകയും അതു വഴി ഉദ്യോഗസ്ഥരില്‍ അത്തരം മാറ്റങ്ങള്‍ സംബന്ധിച്ചുള്ള അവബോധം ഉണ്ടാക്കാനുള്ള നടപടികളും സ്വീകരിക്കണമെന്ന് ഗവര്‍ണര്‍ നിര്‍ദേശിച്ചു.
50 ട്രൈബല്‍ പോലീസ് സ്‌റ്റേഷനുകളിലുള്‍പ്പെടെ സംസ്ഥാനത്തെ 248 പോലീസ് സ്‌റ്റേഷനുകളില്‍ ഇപ്പോള്‍ ജനമൈത്രി സുരക്ഷാ പദ്ധതി നടപ്പിലായിട്ടുണ്ടെന്ന് ചടങ്ങില്‍ അധ്യക്ഷനായിരുന്ന ആഭ്യന്തര-വിജിലന്‍സ് മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. പദ്ധതി സംസ്ഥാനത്തെ എല്ലാ പോലീസ് സ്‌റ്റേഷനുകളിലേക്കും വ്യാപിപ്പിക്കും.ഇതിന്റെ ഭാഗമായി ബീറ്റ് ഓഫീസര്‍മാര്‍ക്കുള്‍പ്പെടെ കൂടുതല്‍ പരിശീലനം നല്‍കി വരുന്നതായും ആഭ്യന്തരമന്ത്രി പറഞ്ഞു. ജനങ്ങള്‍ക്ക്, പ്രത്യേകിച്ചും പ്രായമായവര്‍ക്ക് കൂടുതല്‍ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള ചുമതല സംസ്ഥാന പോലീസിനുണ്ട്. സ്ത്രീകളുടെയും കുട്ടികളുടേയും സുരക്ഷ ഉറപ്പാക്കുന്നതിലും കുറ്റകൃത്യങ്ങള്‍ തടയുന്നതിലും ജനമൈത്രി പോലീസ് പദ്ധതി ഏറെ പ്രയോജനകരമാണ്. ജനങ്ങളിലേക്ക് കൂടുതല്‍ അടുത്തു കൊണ്ടിരിക്കുന്ന പോലീസ് സംവിധാനത്തില്‍ തുടര്‍ പരിശീലനങ്ങളൊരുക്കി പദ്ധതി കൂടുതല്‍ ഫലപ്രദമാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പ്രഞ്ഞു. നിര്‍ഭയ കേരളം സുരക്ഷിത കേരളം പദ്ധതി ഇപ്പോള്‍ സര്‍ക്കാര്‍ കൊച്ചിയില്‍ നടപ്പാക്കിയിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ സഹായം കൂടി പദ്ധതിക്ക് ലഭ്യമാക്കാനുള്ള മാര്‍ഗങ്ങള്‍ തേടും.സംസ്ഥാനത്തെ എല്ലാ പോലീസ് സ്‌റ്റേഷനിലും നടപ്പാക്കാന്‍ ലക്ഷ്യം വയ്ക്കുന്ന പദ്ധതി അടുത്തപടിയായി തിരുവനന്തപുരം ജില്ലയില്‍ നടപ്പാക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post