ശബരിമല: മണ്ഡല മഹോത്സവത്തിനായി ശബരിമല അയ്യപ്പ ക്ഷേത്രനട തുറന്നു. നട തുറക്കുന്ന പുണ്യമുഹൂര്‍ത്തവും കാത്ത് അയ്യപ്പന്‍മാരുടെ നീണ്ടനിരയാണ് സന്നിധാനത്തുണ്ടായിരുന്നത്. ഇന്നലെ വൈകുന്നേരം തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി നാരായണന്‍ നമ്പൂതിരിയാണു ക്ഷേത്രനട തുറന്ന് ദീപം തെളിച്ചത്. തുടര്‍ന്ന് മേല്‍ശാന്തി പതിനെട്ടാംപടി ഇറങ്ങി ആഴി ജ്വലിപ്പിച്ചു. ഇതിനുശേഷമാണ് തീര്‍ഥാടകരെ പതിനെട്ടാംപടി കയറ്റാന്‍ അനുവദിച്ചത്. ഇന്നലെ പ്രത്യേക പൂജകളുണ്ടായിരുന്നില്ല. ദേവസ്വം കമ്മീഷണര്‍ പി.വേണുഗോപാല്‍, എക്‌സിക്യൂട്ടീവ് ഓഫീസര്‍ വി.എസ്.ജയകുമാര്‍, വിജിലന്‍സ് എസ്പി ഗോപകുമാര്‍ എന്നിവര്‍ നട തുറന്നപ്പോള്‍ സന്നിധാനത്തുണ്ടായിരുന്നു.
ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരായി തെരഞ്ഞെടുക്കപ്പെട്ട ഇ.എന്‍.കൃഷ്ണദാസ് നമ്പൂതിരിയും എസ്.കേശവന്‍ നമ്പൂതിരിയുമാണ് തീര്‍ഥാടനകാലത്തിനു തുടക്കം കുറിച്ച് ആദ്യം പതിനെട്ടാംപടി കയറിയത്. ഇരുമുടിക്കെട്ടുമായെത്തിയ ഇരുവരും ശരണംവിളികളോടെ പടി ചവിട്ടി ശ്രീകോവിലിനു മുമ്പിലെത്തി തൊഴുതു. പിന്നീട് നിയുക്ത മേല്‍ശാന്തിമാര്‍ ദര്‍ശനത്തിനുശേഷം ക്ഷേത്രം തന്ത്രിയുടെ അടുത്തെത്തി അനുഗ്രഹം വാങ്ങി. ആചാരാനുഷ്ഠാനങ്ങള്‍ക്കു തടസമുണ്ടാക്കാതെ ഒരു വര്‍ഷത്തെ പൂജകള്‍ പുറപ്പെടാ ശാന്തിമാരായി നടത്തണമെന്ന നിര്‍ദേശവും തന്ത്രി നല്‍കി.
രാത്രി ഏഴോടെ നിയുക്ത മേല്‍ശാന്തി ഇ.എന്‍.കൃഷ്ണദാസ് നമ്പൂതിരിയുടെ സ്ഥാനാഭിഷേക ചടങ്ങ് സന്നിധാനത്ത് നടന്നു. ചടങ്ങുകള്‍ക്ക് തന്ത്രി കണ്ഠര് രാജീവരര്‍ മുഖ്യകാര്‍മികത്വം വഹിച്ചു ക്ഷേത്ര സോപാനത്തില്‍ പ്രത്യേക പീഠത്തില്‍ ഇരുത്തിയാണ് സ്ഥാനാഭിഷേക ചടങ്ങ് നടന്നത്. ക്ഷേത്ര കോവിലില്‍ പൂജിച്ച കലശം അഭിഷേകം നടത്തി. പിന്നീട് ശ്രീകോവിലിലെത്തിച്ച് തന്ത്രി നിയുക്ത മേല്‍ശാന്തിക്ക് അയ്യപ്പന്റെ മൂലമന്ത്രം ചെവിയില്‍ ഓതിക്കൊടുത്തു.
മാളികപ്പുറത്ത് നിയുക്ത മേല്‍ശാന്തി എസ്.കേശവന്‍ നമ്പൂതിരിയുടെ സ്ഥാനാഭിഷേകവും തന്ത്രിയുടെ കാര്‍മികത്വത്തില്‍ നടന്നു. മാളികപ്പുറം ക്ഷേത്ര ശ്രീകോവിനു മുമ്പിലായിരുന്നു ചടങ്ങുകള്‍. രാത്രി 10നു സ്ഥാനമൊഴിയുന്ന മേല്‍ശാന്തി നാരായണന്‍ നമ്പൂതിരി ശബരിമല ക്ഷേത്ര നടയും മനോജ് എമ്പ്രാന്തിരി മാളികപ്പുറം നടയും അടച്ച് താക്കോലുകള്‍ ദേവസ്വം മാനേജര്‍ക്കു കൈമാറി. പുറപ്പെടാ ശാന്തിമാരെന്ന നിലയില്‍ ഒരുവര്‍ഷം ശബരിമല സന്നിധാനത്തു താമസിച്ച് പൂജകള്‍ നിര്‍വഹിച്ച ഇരുവരും രാത്രിയോടെ മലയിറങ്ങി. ഇന്നു പുലര്‍ച്ചെ നട തുറന്നത് പുതിയ മേല്‍ശാന്തിമാരാണ്.
ഇന്നലെ വൈകുന്നേരം ക്ഷേത്ര നട തുറക്കുമ്പോള്‍ ദര്‍ശനത്തിനുള്ള അയ്യപ്പഭക്തരുടെ ക്യൂ ശരംകുത്തിവരെ നീണ്ടിരുന്നു. മുന്‍കാലങ്ങളില്‍നിന്നു വ്യത്യസ്തമായി ഇന്നലെ രാവിലെ മുതല്‍തന്നെ പമ്പയില്‍നിന്നു തീര്‍ഥാടകരെ സന്നിധാനത്തേക്കു കയറ്റിവിട്ടിരുന്നതിനാല്‍ ഉച്ചയോടെ നടപ്പന്തലുകള്‍ നിറഞ്ഞിരുന്നു. മുന്‍കൊല്ലങ്ങളില്‍ നട തുറക്കുന്ന ദിവസം ഉച്ചകഴിഞ്ഞു മാത്രമേ പമ്പയില്‍നിന്നു സന്നിധാനത്തേക്കു കയറ്റിവിട്ടിരുന്നുള്ളൂ. ആദ്യദിനത്തിലെ തിരക്ക് നിയന്ത്രിക്കാന്‍ പോലീസിനായില്ല. വൈകുന്നേരം നാലിനാണ് നട തുറക്കുന്നത്. രാത്രി 10 വരെ ദര്‍ശനം അനുവദിക്കും. 41 ദിവസത്തെ വ്രതാനുഷ്ഠാനങ്ങള്‍ക്കുശേഷം ഡിസംബര്‍ 27നാണ് മണ്ഡലപൂജ. മന്ത്രി വി.എസ്. ശിവകുമാര്‍, ദേവസ്വം ബോര്‍ഡംഗങ്ങള്‍ എന്നിവര്‍ സന്നിധാനത്തെത്തി ക്രമീകരണങ്ങള്‍ വിലയിരുത്തി.
Discussion about this post