കേരളത്തില്‍ ഉല്‍പ്പാദിപ്പിക്കുന്ന പച്ചക്കറി ഇവിടത്തെ ഉപഭോഗത്തിന്റെ ചെറിയൊരു ശതമാനം മാത്രമാണ്. സംസ്ഥാനത്ത് ഉപയോഗിക്കുന്ന പച്ചക്കറികളിലേറെയും തമിഴ്‌നാട്ടില്‍നിന്നാണ് എത്തുന്നത്. ഈ പച്ചക്കറികള്‍ മുഴുവന്‍ ഉല്‍പ്പാദിപ്പിക്കുന്നതിന് അപകടകരമായ നിലയിലുള്ള കീടനാശിനി പ്രയോഗമാണ് നടത്തുന്നതെന്ന് ഏറെനാളായി ചര്‍ച്ചചെയ്യപ്പെടുന്ന വസ്തുതയാണ്. എന്നാല്‍ ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കുന്നതിന് ഉദാസീനമായ മനോഭാവമാണ് ഇതുവരെ കൈക്കൊണ്ടത്. വിപണിയിലെത്തിക്കുന്ന പച്ചക്കറികളില്‍ കീടനാശിനി കണ്ടെത്തിയാല്‍ കുറ്റക്കാര്‍ക്കെതിരെ പ്രോസിക്യൂഷന്‍ നടപടി സ്വീകരിക്കുന്നതുള്‍പ്പടെയുള്ള നീക്കങ്ങളിലേക്ക് ഇപ്പോള്‍ സര്‍ക്കാര്‍ പോകുന്നത് ശുഭാദര്‍ക്കമായ കാര്യമാണ്. ഇതോടൊപ്പംതന്നെ സുരക്ഷിത പച്ചക്കറിക്കായി അതോറിറ്റി രൂപീകരിക്കാനുള്ള തീരുമാനവും സ്വാഗതാര്‍ഹംതന്നെ.
സുരക്ഷിത പച്ചക്കറികള്‍ ലഭ്യമാക്കുന്നതിന് ഭക്ഷ്യസുരക്ഷാ കമ്മീഷണറുടെ നേതൃത്വത്തില്‍ അതോറിറ്റിക്ക് രൂപംനല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ലെങ്കിലും ജനങ്ങളുടെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്ന വിഷയത്തില്‍ ഇപ്പോഴെങ്കിലും ഒരു തീരുമാനത്തിലെത്താന്‍ കഴിഞ്ഞുവെന്നത് നല്ല കാര്യമാണ്. അതേസമയം പച്ചക്കറിയിലെ കീടനാശിനിയുടെ അളവ് പരിശോധിക്കാന്‍ സംസ്ഥാനത്തുള്ള സംവിധാനം തീരെ അപര്യാപ്തമാണ്. കാര്‍ഷിക സര്‍വ്വകലാശാലയുടെ തിരുവനന്തപുരത്തെ വെള്ളായണി ക്യാമ്പസില്‍ മാത്രമാണ് കീടനാശിനി സാമ്പിള്‍ പരിശോധിക്കാന്‍ നിലവില്‍ സംവിധാനമുള്ളത്. ഇതിന് രണ്ടായിരം രൂപ മുതല്‍ എണ്ണായിരം രൂപവരെയാണ് ഈടാക്കുന്നത്. ഈ സാഹചര്യത്തില്‍ പിടിച്ചെടുക്കുന്ന സാമ്പിളുകളില്‍ പകുതിപോലും പരിശോധനയ്ക്ക് അയയ്ക്കുന്നില്ല. സംസ്ഥാനത്തെ മറ്റു ലാബുകളിലൊന്നും കീടനാശിനിയുടെ അളവ് പരിശോധിക്കുന്നതിനിള്ള സംവിധാനമില്ല. കേന്ദ്രസര്‍ക്കാരിന്റെ അംഗീകാരമുള്ള ലാബുകളില്‍ ആയിരം രൂപയാണ് പരിശോധനാ ഫീസായി ഈടാക്കുന്നത്.
പച്ചക്കറികളിലെ കീടനാശിനിയുടെ അളവ് പരിശോധിക്കുന്നതിന് ദിവസങ്ങള്‍ വേണ്ടിവരും. ജില്ലതോറും ഇതിനായി ഒരു ലാബെങ്കിലും കുറഞ്ഞപക്ഷം സജ്ജീകരിച്ചെങ്കില്‍ മാത്രമേ കീടനാശിനി പ്രയോഗത്തിനെതിരെയുള്ള സര്‍ക്കാരിന്റെ നടപടി ഒരു പരിധിവരെയെങ്കിലും ഫലപ്രദമാക്കാന്‍ കഴിയു. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് എന്ത് നടപടിയാണ് ഉണ്ടാവുകയെന്ന് വ്യക്തമല്ല. പച്ചക്കറിയിലെ കീടനാശിനി തടയുന്നതിന് അടിസ്ഥാനപരമായി ചെയ്യേണ്ടത് ലാബുകള്‍ സജ്ജീകരിക്കലാണ്. ഇക്കാര്യത്തില്‍ യുദ്ധകാലാടിസ്ഥാനത്തിലുള്ള നടപടി സ്വീകരിച്ചില്ലെങ്കില്‍ കീടനാശിനിയുടെ അളവു കണ്ടെത്താനോ കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാനോ കഴിയില്ല.
കേരളത്തില്‍ ജൈവപച്ചക്കറി കൃഷി വ്യാപകമാക്കുന്നതിനുള്ള നടപടികളും ഈ പ്രവര്‍ത്തനത്തിനൊപ്പം സജീവമായി പരിഗണിക്കേണ്ടതാണ്. ആ നിലയില്‍ പച്ചക്കറിക്കായി അന്യസംസ്ഥാനങ്ങളെ ആശ്രയിക്കുന്നത് ഒരു പരിധിവരെയെങ്കിലും തടയിടാന്‍ കഴിഞ്ഞാല്‍ തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്നെത്തുന്ന പച്ചക്കറികളും കീടനാശിനിരഹിത മാര്‍ഗത്തിലൂടെ വിളയിച്ചെടുക്കാന്‍ ശ്രമിക്കും.
പച്ചക്കറിയിലെ കീടനിശിനിപ്രയോഗത്തിനെതിരെ സ്വീകരിക്കാന്‍ പോകുന്ന നടപടികള്‍ പ്രഹസനമാകാതിരിക്കണമെങ്കില്‍ പരിശോധന സംവിധാനത്തിനാണ് മുന്‍ഗണന നല്‍കേണ്ടത്. അത് ചെയ്യാതിരുന്നാല്‍ സര്‍ക്കാരിന്റെ ഈ നീക്കം വെറും പ്രഹസനമായി മാറുകയേയുള്ളു.
Discussion about this post