തിരുവനന്തപുരം: യുവാക്കളില്‍ രാജ്യസ്‌നേഹവും അച്ചടക്കവും വളര്‍ത്തുന്നതില്‍ എന്‍.സി.സി.മാതൃകയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പാങ്ങോട് കരിയപ്പ ഓഡിറ്റോറിയത്തില്‍ 66-ാം എന്‍.സി.സി.ദിനാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഒരു രാജ്യത്തെ ചെറുപ്പക്കാര്‍ അച്ചടക്കമുള്ളവരും രാജ്യത്തോട് കൂറുള്ളവരുമാകണം. രാജ്യത്തിന്റെ ഭാവിക്ക് പ്രധാനം ഇതാണ്. സ്വാതന്ത്ര്യം കിട്ടിയശേഷം വലിയ പ്രാധാന്യം നല്‍കി അന്നത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു രൂപംകൊടുത്ത എന്‍.സി.സി. പ്രസ്ഥാനം രാജ്യത്തെ ചെറുപ്പക്കാര്‍ക്ക് പ്രതീക്ഷനല്‍കുന്ന ആശാകേന്ദ്രമായി മാറിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാര്‍ എന്‍.സി.സിക്ക് എല്ലാ പിന്തുണയും നല്‍കും. കട്ടപ്പനയില്‍ ഈ വര്‍ഷം സര്‍ക്കാര്‍ പുതിയ ബറ്റാലിയന്‍ അനുവദിച്ചിരുന്നു. കേരളത്തില്‍ എന്‍.സി.സി.ക്കായി സ്ഥലം കണ്ടെത്തി നല്‍കുകയും 32 കോടി രൂപയുടെ നിര്‍മ്മാണാനുമതി ഇതിനോടകം കൊടുക്കുകയും ചെയ്തിട്ടുണ്ട്. ഇത് എന്‍.സി.സി. അര്‍ഹിക്കുന്ന പരിഗണന തന്നെയാണ് -മുഖ്യമന്ത്രി പറഞ്ഞു. ക്യാമ്പിനിടെ അബദ്ധത്തില്‍ വെടിയേറ്റ് ചികിത്സക്കിടെ ആശുപത്രിയില്‍ മരിച്ച അനസിന്റെ വീട് 28-ാം തീയതി സന്ദര്‍ശിച്ച് മാതാപിതാക്കളുമായി സംസാരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കുടുംബത്തിനുവേണ്ടി സംസ്ഥാന സര്‍ക്കാരിന് എന്തുചെയ്യാനാകുമെന്ന കാര്യം അനസിന്റെ മാതാപിതാക്കളുമായി ആലോചിച്ച് തീരുമാനിക്കും. സര്‍ക്കാരിന് ചെയ്യാനാവുന്നതെല്ലാം ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
എന്‍.സി.സി. അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ (ഒഫിഷ്യേറ്റിങ്) എന്‍.സനല്‍കുമാര്‍ അദ്ധ്യക്ഷനായിരുന്നു. എന്‍.സി.സി. വകുപ്പ് നിലവില്‍ വരുന്നതിന് മുന്‍പ് ബ്രിട്ടീഷ് ഭരണകാലഘട്ടത്തിന് ശേഷം 1949-ല്‍ ഒന്നാം ട്രാവന്‍കൂര്‍ കൊച്ചിന്‍ ബറ്റാലിയന്‍ എന്‍.സി.സി.എന്നാണ് എന്‍.സി.സിയെ അറിയപ്പെട്ടിരുന്നത്. ആ കാലഘട്ടത്തിലെ കേഡറ്റും ഇന്ത്യന്‍ ആര്‍മിയില്‍ എമര്‍ജന്‍സി കമ്മീഷനിലൂടെ പ്രവേശനം ലഭിച്ച 87 വയസ്സുള്ള ക്യാപ്റ്റന്‍ തോമസ് മിരാന്തയെ മുഖ്യമന്ത്രി പൊന്നാടയണിയിച്ച് ആദരിച്ചു. 2014-ല്‍ മികച്ച പ്രകടനം കാഴ്ചവച്ച കേഡറ്റുകള്‍ക്ക് മുഖ്യമന്ത്രി സമ്മാനദാനവും നടത്തി. നേവല്‍ കേഡറ്റുകള്‍ നിര്‍മ്മിച്ച ഷിപ്പ് മോഡലുകളും, എയര്‍ വിംഗ് കേഡറ്റുകള്‍ നിര്‍മ്മിച്ച മൈക്രോ ലൈറ്റിന്റെ മോഡലുകളും, ആര്‍മി വിംഗിന്റെ മോഡലുകളും, സ്റ്റാളുകളും, ഫ്‌ളാഗ് ഏരിയായും മുഖ്യമന്ത്രി സന്ദര്‍ശിച്ചു. 2015 ജനുവരി 26-ന് റിപ്പബ്ലിക് ദിനത്തില്‍ പങ്കെടുക്കുന്നതിനുള്ള കേഡുറ്റുകളുടെ കലാ സാംസ്‌കാരിക പരിപാടികളും ചടങ്ങില്‍ അവതരിപ്പിച്ചു. അശ്വാരൂഡസേനയുടെ അകമ്പടിയോടെ കേഡറ്റുകള്‍ മുഖ്യമന്ത്രിക്ക് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി. പൊതു ജനങ്ങള്‍ക്കുവേണ്ടി പാങ്ങോട് മിലിറ്ററി ഗ്രൗണ്ടില്‍ 1 കേരള ആര്‍.ആന്റ് വി.സ്വാഡ്രനിലെ 11 അംഗ എന്‍.സി.സി. ടീം അശ്വാഭ്യാസ പ്രകടനവും നടത്തി.
ചടങ്ങില്‍ ഡയറക്ടര്‍ കേണല്‍ പി.ജി.കൃഷ്ണയും ഗ്രൂപ്പ് കമാന്‍ഡര്‍മാരും പങ്കെടുത്തു.
Discussion about this post