തിരുവനന്തപുരം: 13-ാം നിയമസഭയുടെ 12-ാം സമ്മേളനം ഡിസംബര്‍ ഒന്നിന് ആരംഭിക്കുമെന്ന് സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ അറിയിച്ചു. ഒന്നു മുതല്‍ 18 വരെ 14 ദിവസം സഭ സമ്മേളിക്കും. നിയമനിര്‍മ്മാണ കാര്യങ്ങളാണ് ഈ സമ്മേളനം പരിഗണിക്കുക. പതിനൊന്ന് ദിവസം നിയമ നിര്‍മ്മാണങ്ങള്‍ക്കായി നീക്കിവെച്ചിട്ടുണ്ടെന്ന് സ്പീക്കര്‍ പറഞ്ഞു.
രണ്ട് ദിവസം (ഡിസംബര്‍ 5, 12) അനൗദേ്യാഗികാംഗങ്ങളുടെ കാര്യത്തിനും ഒരു ദിവസം (ഡിസംബര്‍ 16) ഉപധനാഭ്യര്‍ത്ഥനകളുടെ ചര്‍ച്ചക്കായും നീക്കിവെച്ചിട്ടുണ്ട്. 19 ഓര്‍ഡിനന്‍സുകള്‍ക്ക് പകരമുള്ള ബില്ലുകളാണ് പരിഗണിക്കാനുള്ളത്. ഡിസംബര്‍ ഒന്നിന് സബ്ജക്ട് കമ്മറ്റി റിപ്പോര്‍ട്ട് ചെയ്ത പ്രകാരമുള്ള 2014 ലെ സര്‍വ്വകലാശാലാ നിയമങ്ങള്‍ (മൂന്നാം ഭേദഗതി) ബില്‍, 2014 ലെ കേരള പഞ്ചായത്ത് രാജ് (രണ്ടാം ഭേദഗതി) ബില്‍ എന്നിവ പരിഗണിക്കും. ഡിസംബര്‍ രണ്ടിന് 2014 ലെ കേരള മാരിടൈം ബോര്‍ഡ് ബില്‍, 2014 ലെ കേരള കാര്‍ഷിക സര്‍വ്വകലാശാല (ഭേദഗതി) ബില്‍ എന്നിവ സബ്ജക്ട് കമ്മറ്റിക്ക് അയക്കണമെന്ന പ്രമേയം ചര്‍ച്ചക്ക് വരും. മറ്റ് ദിവസങ്ങളില്‍ പരിഗണിക്കേണ്ട ബില്ലുകള്‍ സംബന്ധിച്ച് ഡിസംബര്‍ ഒന്നിനു ചേരുന്ന ബിസിനസ് അഡൈ്വസറി കമ്മറ്റി തീരുമാനിക്കും. 2014-15 സാമ്പത്തിക വര്‍ഷത്തെ ബഡ്ജറ്റിലേക്കുള്ള ഉപധനാഭ്യര്‍ത്ഥനകളെയും 2003-04, 2009-10, 2010-11, 2011-12 സാമ്പത്തിക വര്‍ഷങ്ങളിലെ അധിക ധനാഭ്യര്‍ത്ഥനകളെയും സംബന്ധിച്ച ചര്‍ച്ചയും വോട്ടെടുപ്പും ഡിസംബര്‍ 15 ന് നടക്കും. ഇവയുടെ ധനവിനിയോഗ ബില്ലുകള്‍ ഡിസംബര്‍ 18 ന് പരിഗണിക്കും. കേരള കാര്‍ഷിക സര്‍വ്വകലാശാലാ (ഭേദഗതി), കേരള ഫിഷ് സീഡ്, കേരള ദേവസ്വം നിയമന ബോര്‍ഡ്, പഞ്ചായത്ത് രാജ്(ഭേദഗതി), കേരള ഠൗണ്‍ ആന്‍ഡ് കണ്‍ട്രിപ്ലാനിംഗ്, കേരള സാങ്കേതിക സര്‍വ്വകലാശാല, സര്‍വ്വകലാശാലാ നിയമങ്ങള്‍ മൂന്നാം ഭേദഗതി, പി. എസ്. സി. അധിക ചുമതലകള്‍, കേരള ഷോപ്‌സ് ആന്‍ഡ് കൊമേഴ്‌സ്യല്‍ സ്ഥാപന ഭേദഗതി, വാറ്റ് ഭേദഗതി, കേരള വസ്തു നികുതി ഭേദഗതി, പ്ലാന്റേഷന്‍ ടാക്‌സ് ഭേദഗതി, കേരള ടാക്‌സേഷന്‍ നിയമ ഭേദഗതി, കെ. എസ്. ആര്‍. ടി. സി. – യാത്രക്കാരുടെ ഇന്‍ഷ്വറന്‍സ് തുടങ്ങിയവക്കുള്ള ഭേദഗതി, ടോള്‍ ഭേദഗതി, കേരള മുന്‍സിപ്പാലിറ്റി ഭേദഗതി, കേരള മാരിടൈം ബോര്‍ഡ്, കേരള സ്റ്റാമ്പ് ഭേദഗതി, കേരള മോട്ടോര്‍ വാഹന നികുതി ഭേദഗതി എന്നിവയാണ് ഓര്‍ഡിനന്‍സുകള്‍. ഇവയ്ക്കു പകരമുള്ള നിയമനിര്‍മ്മാണങ്ങളാണ് സമ്മേളനത്തില്‍ പരിഗണിക്കുക. നിയമ നിര്‍മ്മാണ കാര്യങ്ങളില്‍ ആരോഗ്യകരമായ ചര്‍ച്ചകളും എല്ലാ ഭാഗങ്ങളില്‍ നിന്നുമുള്ള ഇടപെടലുകളും ഉണ്ടാകേണ്ടതുണ്ടെന്ന് സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ അഭിപ്രായപ്പെട്ടു. നിയമങ്ങള്‍ ചര്‍ച്ച കൂടാതെ പാസാക്കുന്ന പ്രവണത പ്രോത്സാഹിപ്പിക്കപ്പെടരുതെന്നും സ്പീക്കര്‍ പറഞ്ഞു. ചര്‍ച്ചകളിലൂടെ മാത്രമേ ജനവികാരം പൂര്‍ണ്ണമായും പ്രകടിപ്പിക്കപ്പെടുകയുള്ളൂ എന്നതിനാല്‍ അര്‍ത്ഥവത്തായ ചര്‍ച്ചകളാണ് പ്രതീക്ഷിക്കുന്നതെന്നും സ്പീക്കര്‍ പറഞ്ഞു.
Discussion about this post