ഗോഹട്ടി: സിനിമകളില്‍ പോലീസുകാരെ മോശമായി ചിത്രീകരിക്കുന്നതിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോഡി. സിനിമകളില്‍ പോലീസുകാരെ ചിത്രീകരിക്കുന്ന രംഗങ്ങള്‍ സാധാരണ ജനങ്ങള്‍ക്കിടയില്‍ പോലീസ് സേനയെക്കുറിച്ചു മോശം പ്രതിച്ഛായ സൃഷ്ടിക്കുന്നുവെന്ന് മോഡി കുറ്റപ്പെടുത്തി. ഗോഹട്ടിയില്‍ സംസ്ഥാന ഡി.ജി.പിമാരും രഹസ്യാന്വേഷണ ഉദ്യോഗസ്ഥരും പങ്കെടുത്ത സുരക്ഷ യോഗത്തില്‍ അദ്ദേഹം ഇത്തരത്തില്‍ പ്രതികരിച്ചത്.
പോലീസുകാരെ കുറിച്ചു നല്ലതു പറയാന്‍ സര്‍ക്കാര്‍ പബ്ലിക് റിലേഷന്‍ വകുപ്പുമായി ചേര്‍ന്നു സിനിമ സംവിധായകരെ പ്രേരിപ്പിക്കേണ്ടതുണ്ട്. സാധാരണക്കാരില്‍ സിനിമ സൃഷ്ടിക്കുന്ന സ്വാധീനം വലുതാണ്. അതിനാല്‍ സിനിമ പ്രവര്‍ത്തകരുടെ സഹകരണമില്ലാതെ പോലീസ് വകുപ്പിനു വിജയിക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
സിനിമകളില്‍ പോലീസിനെ മറികടക്കുന്ന നായകന്‍മാരാണ് ഉള്ളത്. ജനങ്ങളുടെ കാഴ്ചപ്പാട് മാറ്റിയെടുക്കാന്‍ യാഥാര്‍ത്ഥ്യ ബോധത്തിന്റെ അടിസ്ഥാനത്തില്‍ ദീര്‍ഘകാല പദ്ധതികളെക്കുറിച്ച് ആലോചിക്കേണ്ടതുണ്‌ടെന്നും മോഡി പറഞ്ഞു.
Discussion about this post