ശ്രീനഗര്‍: കാശ്മീരില്‍ ഉണ്ടായ ഭീകരാക്രമണങ്ങള്‍ക്ക് പിന്നില്‍ പാകിസ്ഥാനെന്ന് കരസേന വ്യക്തമാക്കി. ഇതിനുള്ള കൂടുതല്‍ തെളിവുകള്‍ കരസേനക്ക് ലഭിച്ചു. കണ്‌ടെടുത്ത ആയുധങ്ങള്‍ പാകിസ്ഥാന്‍ നിര്‍മ്മിതമാണെന്ന് സൈന്യം കണ്‌ടെത്തി. ഇത് പാകിസ്ഥാന്‍ സൈന്യം ഉപയോഗിക്കുന്നതിന് സമാനമാണെന്നും ലഫ്റ്റനന്റ് ജനറല്‍ സുബ്രതാ സാഹ പറഞ്ഞു. ലഷ്‌കര്‍ ഇ തോയിബ ഭീകരരാണ് അക്രമണം നടത്തിയതെന്നും അദ്ദേഹം സ്ഥിരീകരിച്ചു.
തെരഞ്ഞെടുപ്പ് അട്ടിമറിക്കുന്നതിനായാണ് ആക്രമണം നടത്തിയതെന്നും നാലിടത്തും വ്യക്തമായ ആസൂത്രണത്തോടെയായിരുന്നു ആക്രമണമെന്നും അദ്ദേഹം പറഞ്ഞു. മികച്ച പരിശീലനം ലഭിച്ച ഭീകരരാണ് ആക്രമണത്തില്‍ പങ്കെടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഞായറാഴ്ച കാശ്മീരില്‍ നിന്നും കൂടുതല്‍ ആയുധങ്ങള്‍ കണ്‌ടെടുത്തതോടെയാണ് ആക്രമണങ്ങളില്‍ പാകിസ്ഥാന്റെ പങ്ക് സ്ഥീരികരിച്ചുകൊണ്ട് സൈന്യം രംഗത്തുവന്നത്. ആക്രമണത്തിനെത്തിയ ഭീകരരുടെ ഭക്ഷണപ്പൊതിയില്‍ നിന്ന് പാക് ചാര സംഘടനയായ ഐഎസ്‌ഐയുടെ മുദ്ര കണ്‌ടെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ആയുധങ്ങളും പാക് നിര്‍മ്മിതമാണെന്ന് കണ്‌ടെത്തിയത്.
കഴിഞ്ഞ ദിവസം കാശ്മീരില്‍ വ്യത്യസ്ത സ്ഥലങ്ങളില്‍ അതിര്‍ത്തി കടന്നെത്തിയ തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ മൂന്നു പോലീസുകാരും എട്ടു സൈനികരും ഉള്‍പ്പെടെ ഇരുപതു പേര് മരിച്ചിരുന്നു. ആറുമണിക്കൂറോളം സൈന്യവും തീവ്രവാദികളുമായി ഏറ്റുമുട്ടി. ജമ്മു-കാശ്മീരില്‍ മൂന്നാംഘട്ട പോളിംഗ് ചൊവ്വാഴ്ച നടക്കുന്നതിനാല്‍ സുരക്ഷ ശക്തമാക്കാന്‍ സൈന്യത്തിനു നിര്‍ദേശം നല്‍കിയിട്ടുണ്ട് . തിങ്കളാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോഡി കാശ്മീര്‍ സന്ദര്‍ശിക്കും.
അതിര്‍ത്തിയില്‍ നടന്ന ഭീകരാക്രമണങ്ങളില്‍ പാകിസ്ഥാന്റെ പങ്ക് വ്യക്തമാക്കുന്ന തെളിവുകള്‍ ലഭിച്ചതിനു പിന്നാലെ ആക്രമണത്തിനെതിരെ രൂക്ഷ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്രമോഡി രംഗത്തെത്തി. ഭീകരര്‍ ലക്ഷ്യം വച്ചത് ഇന്ത്യന്‍ ജനാധിപത്യത്തെയാണെന്നും ഇന്ത്യയുടെ പരമാധികാരത്തിനു മേല്‍ പാക് പിന്തുണയുള്ള ഭീകരര്‍ നടത്തുന്ന കടന്നാക്രമണങ്ങളെ എന്തു വില കൊടുത്തും ചെറുക്കുമെന്നും മോഡി പറഞ്ഞിരുന്നു.
Discussion about this post