ശ്രീഹരിക്കോട്ട: ഭാരതത്തിന്റെ ഏറ്റവും ശക്തമായ ഉപഗ്രഹവിക്ഷേപിണിയായ ജിഎസ്എല്‍വി മാര്‍ക്ക് ത്രീ വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ്ധവാന്‍ സ്പേസ് സെന്റില്‍ നിന്ന് രാവിലെ 9.30-നാണ് ജിഎസ്എല്‍വി മാര്‍ക്ക് ത്രീ വിക്ഷേപണം നടന്നത്. വിക്ഷേപണം വിജയകരമെന്ന് ഐഎസ്ആര്‍ഒ വൃത്തങ്ങള്‍ അറിയിച്ചു.
ഐഎസ്ആര്‍ഒയുടെ ഹ്യൂമന്‍ സ്പേസ് ഫ്ലൈറ്റ് പ്രോഗ്രാം വികസിപ്പിച്ച ക്രൂ മൊഡ്യൂളായാണു ജിഎസ്എല്‍വി മാര്‍ക്ക് 3 വിക്ഷേപിച്ചിരിക്കുന്നത്. ദൗത്യം വിജയിച്ചതോടെ മനുഷ്യരെ ബഹിരാകാശത്തോ ചന്ദ്രനിലോ എത്തിച്ചു തിരിച്ചെത്തിക്കാനുള്ള സാങ്കേതികവിദ്യയും ശേഷിയും ഇന്ത്യക്കു സ്വന്തം.
ജിഎസ്എല്‍വി മാര്‍ക്ക് ത്രീ വിജയിച്ചതോടെ നാലു ടണ്ണിലധികം ഭാരമുള്ള ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാന്‍ ഇന്ത്യയ്ക്കു കഴിയുമെന്നു തെളിഞ്ഞിരിക്കുകയാണ്. ഇതോടൊപ്പമുള്ള പേടകം (ക്രൂ മൊഡ്യൂള്‍) വിജയകരമായി തിരിച്ചെത്തിച്ചതോടെ ഒരു ചാന്ദ്രയാത്ര ഇന്ത്യക്ക് ഇനി ചിന്തിക്കാം. 126 കിലോമീറ്റര്‍ ഉയരത്തില്‍ വെച്ചാണ് വിക്ഷേപണ വാഹനത്തില്‍ നിന്ന് മൊഡ്യൂള്‍ ക്രൂ വേര്‍പെട്ടത്. പാരച്യൂട്ടുകളുടെ സഹായത്തോടെ താഴേക്ക് തിരിക്കുന്ന മൊഡ്യൂള്‍ ക്രൂ പോര്‍ട്ട് ബ്ലെയറില്‍ നിന്ന് 600 കിലോമീറ്റര്‍ അകലെയായി ബംഗാള്‍ ഉള്‍ക്കടലില്‍ പതിച്ചു.
ജിഎസ്എല്‍വിക്ക് 140 കോടി രൂപ നിര്‍മാണ ചെലവു വന്നപ്പോള്‍ പേടകത്തിനു 15 കോടി രൂപ വേണ്ടിവന്നു. മൊത്തം ചെലവ് 155 കോടി രൂപയാണ്.
Discussion about this post