ഗോഹട്ടി: ബോഡോ ഭീകരാക്രമണമുണ്ടായ ആസാമില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് സന്ദര്‍ശനം നടത്തി. എന്തു വിലകൊടുത്തും ബോഡോ ഭീകരവാദത്തെ അടിച്ചമര്‍ത്തുമെന്നും ഭീകരവാദികളുമായി ഒരു തരത്തിലുള്ള ചര്‍ച്ചക്കും തയാറല്ലെന്നും രാജ്‌നാഥ് സിംഗ് സോണിത്പൂര്‍ ജില്ലയിലെ സംഘര്‍ഷ മേഖല സന്ദര്‍ശിച്ച ശേഷം വ്യക്തമാക്കി. ഭീകരപ്രവര്‍ത്തനത്തെ നേരിടുന്നതിനായി കൂടുതല്‍ കേന്ദ്ര സേനയെ ആസാമിലേക്ക് അയക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സോണിത്പൂരില്‍ രാഷ്ട്രീയ സാമുദായിക നേതാക്കളുമായും രാജ്‌നാഥ് സിംഗ് കൂടിക്കാഴ്ച നടത്തി. രാജ്‌നാഥ് സിംഗിനൊപ്പം കേന്ദ്രമന്ത്രിമാരായ കിരണ്‍ റിജു, ജുവല്‍ ഓറം, ആസാം മുഖ്യമന്ത്രി തരുണ്‍ ഗോഗോയി എന്നിവരും ആക്രമണ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു. അതേസമയം, ആസാമിലെ സോണിത്പൂര്‍, കൊക്രജാര്‍ ജില്ലകളിലെ നാലു സ്ഥലങ്ങളില്‍ ബോഡോ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 79 ആയി. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ഏതാനും പേര്‍ കൂടി മരണത്തിനു കീഴടങ്ങിയതോടെയാണ് മരണസംഖ്യ ഉയര്‍ന്നത്. രണ്ടു ജില്ലകളിലെ നാലു സ്ഥലങ്ങളിലായി നാഷണല്‍ ഡെമോക്രാറ്റിക് ഫ്രണ്ട് ഓഫ് ബോഡോലാന്‍ഡ് (സോംഗ്ബിജിത്) വിഭാഗമാണ് ആക്രമണം നടത്തിയത്. ഇതേത്തുടര്‍ന്ന് സോണിത്പൂര്‍ ജില്ലയില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. ബോഡോ തീവ്രവാദികളുടെ ആക്രമണത്തെത്തുടര്‍ന്ന് സംസ്ഥാനത്ത് അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇന്ത്യ-ഭൂട്ടാന്‍ അതിര്‍ത്തിയിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. നാലു ജില്ലകളില്‍ ഭീകരര്‍ക്കായുള്ള തെരച്ചില്‍ കേന്ദ്ര സേനയും സംസ്ഥാന പോലീസും ഊര്‍ജിതമാക്കി.
Discussion about this post