സ്വയം നശിക്കാന്‍ തീരുമാനിച്ചാല്‍ ആരെയും ഭൂമിയില്‍ ഒരു ശക്തിക്കും രക്ഷിക്കാനാവില്ല. ഇത് ഒരു വ്യക്തിയെയും സമാജത്തെയും മാത്രമല്ല രാജ്യത്തെ സംബന്ധിച്ചും സത്യമായ വസ്തുതയാണ്. ഭാരതത്തിന്റെ തന്നെ ഭാഗമായിരുന്ന പാക്കിസ്ഥാന്‍ എന്ന രാജ്യം ഇന്ന് ചെന്നുപെട്ടിരിക്കുന്നത് നാശത്തിന്റെ അഗാധഗര്‍ത്തത്തിനരികിലാണ്; അല്ലെങ്കില്‍ ആത്മഹത്യാമുനമ്പില്‍ എത്തിനില്‍ക്കുന്നു എന്നും ഇതിനെ വിശേഷിപ്പിക്കാം. സ്വയം കൃതാനര്‍ത്ഥമാണ് പാക്കിസ്ഥാന്‍ ഇന്ന് എത്തിനില്‍ക്കുന്ന അത്യന്തം അപകടമായ അവസ്ഥ.
ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായ ഭാരതത്തിന്റെ വളര്‍ച്ചയെയും സുസ്ഥിരതയെയും ഇല്ലാതാക്കുക എന്ന അത്യന്തം ഹീനവും ഗര്‍ഹണീയവുമായ ലക്ഷ്യത്തിലൂടെയാണ് പാക്കിസ്ഥാന്‍ ഇന്ന് കടന്നുപോകുന്നത്. പക്ഷേ ആ രാജ്യത്തിന്റെ കാല്‍ക്കീഴിലെ മണ്ണ് ഒലിച്ചുപോകുകയാണെന്ന് മനസ്സിലാക്കാന്‍ ഇനിയും കഴിയുന്നില്ല. അല്ലെങ്കില്‍ എല്ലാമറിഞ്ഞിട്ടും ഭരണകൂടത്തിന്റെ നിയന്ത്രണത്തിനപ്പുറത്തേക്ക് കാര്യങ്ങള്‍ പോയി എന്നു കരുതണം. ആരു ഭരിച്ചാലും പാകിസ്ഥാന്റെ ഭരണം നിയന്ത്രിക്കുന്നത് ഐഎസ്‌ഐയും പട്ടാളവുമാണ്. ഭീകരര്‍ക്ക് സഹായഹസ്തവുമായി ഐഎസ്‌ഐക്കും പട്ടാളത്തിനും ഉള്ളില്‍ ഉന്നതരുള്ളപ്പോള്‍ ഭീകരത രാക്ഷസരൂപത്തില്‍ വളര്‍ന്നില്ലെങ്കിലേ അത്ഭുതമുള്ളൂ. ഏതാനും നാള്‍മുമ്പ് ഇന്ത്യയില്‍ ഭീകരപ്രവര്‍ത്തന ദൗത്യവുമായി കറാച്ചിതുറമുഖത്തുനിന്നും പുറപ്പെട്ട ബോട്ടിനെ സംബന്ധിക്കുന്ന വിവരങ്ങള്‍ വ്യക്തമാക്കുന്നത് ഭരണകൂടം തന്നെ ഭീകരതയ്ക്ക് വളംവയ്ക്കുന്നു എന്ന ഞെട്ടിപ്പിക്കുന്ന വസ്തുതയാണ്. ആ സംഭവത്തിന് ഏതാനും ദിവസങ്ങള്‍ക്കുമുമ്പു മാത്രമാണ് പെഷവാറിലെ ഒരു സ്‌കൂളില്‍ ലഷ്‌കര്‍ – ഇ- തോയിബ ഭീകരര്‍ ലോകത്തെ ഞെട്ടിച്ച ഭീകരാക്രമണം നടത്തിയത്. കുട്ടികള്‍ തന്നെയായിരുന്നു അവരുടെ ലക്ഷ്യം. പെഷവാര്‍ സംഭവത്തെ അപ്രസക്തമാക്കുന്ന തരത്തില്‍ ഇനിയും വന്‍ ഭീകരാക്രമണങ്ങള്‍ ഉണ്ടാകുമെന്നാണ് കഴിഞ്ഞദിവസം സംഘടനയുടെ തലവന്‍ മുന്നറിയിപ്പു നല്‍കിയിരിക്കുന്നത്.
പുതുവത്സര ദിനാഘോഷവേളയില്‍ ഗോവയില്‍ രക്തചൊരിച്ചില്‍ ഉണ്ടാക്കുക എന്നലക്ഷ്യവുമായാണ് ഭീകരര്‍ പാകിസ്ഥാനില്‍നിന്ന് പുറപ്പെട്ടത്. എന്നാല്‍ തീരരക്ഷാസേന ഏതാണ്ട് പന്ത്രണ്ടുമണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ദൗത്യത്തിലൂടെ പാക്കിസ്ഥാന്റെ ശ്രമം പരാജയപ്പെടുത്തുകയായിരുന്നു. ഭീകരദൗത്യം പൊളിഞ്ഞതോടെ കടലില്‍ തകര്‍ന്നത് മീന്‍പിടിത്ത ബോട്ടാണെന്ന് പറഞ്ഞ് രക്ഷപ്പെടാനുള്ള ലജ്ജാവഹമായ നീക്കമാണ് പാക്കിസ്ഥാന്‍ ഇപ്പോഴും നടത്തിക്കൊണ്ടിരിക്കുന്നത്. പാക് സേനയിലെ ഉന്നതരുമായി ബോട്ടിലുണ്ടായിരുന്ന ഭീകരര്‍ നടത്തിയ സംഭാഷണം ഭാരതത്തിന്റെ തീരരക്ഷാസേനയും മറ്റ് ഏജന്‍സികളും പിടിച്ചെടുത്തിട്ടുണ്ട്. മാത്രമല്ല ഈ ബോട്ടിന്റെ ഉപഗ്രഹ ചിത്രവും പുറത്തുവന്നു. ഇതിലൂടെ അന്താരാഷ്ട്ര സമൂഹത്തിനുമുന്നില്‍ പാക്കിസ്ഥാന്റെ കരിപുരണ്ട് വികൃതമായ ഭീകരമുഖം ഒരിക്കല്‍കൂടി തെളിഞ്ഞിരിക്കുകയാണ്. മുംബൈ മോഡല്‍ ഭീകരാക്രമണത്തിനാണ് കറാച്ചിയില്‍നിന്നു പുറപ്പെട്ട ഭീകരര്‍ അറബിക്കടലില്‍ ഒടുങ്ങുമ്പോള്‍ പാകിസ്ഥാന്‍ ഞെട്ടിയിരിക്കുമെന്നുറപ്പാണ്.
ഇതിനിടയിലാണ് അതിര്‍ത്തിയില്‍ ഏകപക്ഷീയമായി പാകിസ്ഥാന്‍ വെടിവയ്പ്പു തുടരുന്നത്. ഇതിലൂടെ ഭാരതത്തിന്റെ ഭാഗത്ത് ആള്‍നാശവും മറ്റു നാശനഷ്ടവുമുണ്ടായി. ഭാരതസേന കനത്ത തിരിച്ചടിതന്നെയാണ് നല്‍കുന്നത്. ഭീകരര്‍ക്കു കടന്നുകയറാനുള്ള വഴിയൊരുക്കുകയാണ് പാകിസ്ഥാന്റെ ആക്രമണ ലക്ഷ്യം. എന്നാല്‍ കടലിലും കരയിലും നമ്മുടെ ദേശസ്‌നേഹികളായ സൈനികര്‍ ജീവന്‍വെടിഞ്ഞു നടത്തുന്ന പോരാട്ടം ഭാരതത്തിന്റെ അജയ്യമായ ധീരതയുടെയും ധാര്‍മികതയുടെയും തെളിവാണ്. എന്നാല്‍ ഇതിനെപ്പോലും വിമര്‍ശനാത്മകമായി കാണുന്ന ചില രാഷ്ട്രീയ പാര്‍ട്ടികളും ചാനലുകളും ഉണ്ടെന്നുള്ളത് അത്യന്തം ഗൗരവമായാണ് കാണേണ്ടത്. ഇവരെയൊക്കെ ദേശവിരുദ്ധരായേ കാണാന്‍ കഴിയൂ. ഭാരതത്തില്‍ ശാന്തിയും സമാധാനവും നിലനില്‍ക്കുന്നെങ്കില്‍ അതിനുകാരണം ഹിന്ദുക്കള്‍ ഭൂരിപക്ഷം ഉണ്ടായതുകൊണ്ടുമാത്രമാണ്. ഇതു തിരിച്ചറിയാന്‍ മതേതരത്വത്തിന്റെ കപടമുഖവുമായി അണിനിരക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളും മാധ്യമങ്ങളും ഇനിയെങ്കിലും തയാറാകണം. ചെങ്കോട്ടയില്‍ സ്വാതന്ത്ര്യദിനത്തില്‍ ത്രിവര്‍ണപതാക ഉയര്‍ത്തിയത് നരേന്ദ്ര ദാമോദര്‍ദാസ് മോഡി എന്ന പ്രധാനമന്ത്രിയാണ് എന്ന് പാകിസ്ഥാന്‍ ഓര്‍ത്തില്ലെങ്കില്‍ അതിനുനല്‍കേണ്ടി വരുന്ന വില എല്ലാ കണക്കുകൂട്ടലുകള്‍ക്കും അപ്പുറമായിരിക്കും.
Discussion about this post