ശബരിമല: മകരവിളക്ക് ദിനത്തില്‍ അയ്യപ്പ ദര്‍ശനത്ത സന്നിധാനത്തേക്കുള്ള ഭക്തജന പ്രവാഹം തുടരുന്നു. സൂര്യന്‍ ധനുരാശിയില്‍ നിന്ന് മകരംരാശിയിലേക്ക് മാറുന്ന വേളയില്‍ പൊന്നമ്പലമേട്ടില്‍ തെളിയുന്ന മകരജ്യോതിയും സംക്രമപൂജാസമയത്ത് ആകാശത്തു പ്രത്യക്ഷപ്പെടുന്ന ശുഭ്രനക്ഷത്രവും കണ്ടുതൊഴാന്‍ ഭക്തലക്ഷങ്ങളാണ് പൂങ്കാവനത്തില്‍ ദിവസങ്ങളായി കാത്തിരിക്കുന്നത്. പന്തളം വലിയകോയിക്കല്‍ ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ നിന്നും പരമ്പരാഗതപാതയിലൂടെ കാല്‍നടയായി ശിരസിലേറ്റി കൊണ്ടുവരുന്ന തിരുവാഭരണ പേടകങ്ങള്‍ വൈകിട്ട് നാലുമണിയോടെ കരിമലകയറി ശബരിപീഠത്തിലൂടെ ശരംകുത്തിയില്‍ എത്തിച്ചേരും. ശരംകുത്തിയില്‍ ഘോഷയാത്രയെ ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസര്‍ വി.എസ്. ജയകുമാറിന്റെ നേതൃത്വത്തില്‍ ദേവസ്വം ജീവനക്കാരും അയ്യപ്പസേവാസംഘം, അയ്യപ്പസേവാ സമാജം പ്രവര്‍ത്തകരും നിരവധി അയ്യപ്പന്മാരും ചേര്‍ന്ന് സ്വീകരിക്കും. തുടര്‍ന്ന് വാദ്യഘോഷങ്ങള്‍, ആലവട്ടം, വെഞ്ചാമരം, രാജമുദ്ര ഫലകം, മുത്തുക്കുട എന്നിവയുടെ അകമ്പടിയോടെ തിരുവാഭരണ പേടകങ്ങളെ പതിനെട്ടാംപടിയിലേക്കും പിന്നെ സോപാനത്തിലേക്കും ആനയിക്കും. രണ്ട് പേടകങ്ങള്‍ മാളികപ്പുറത്തേക്ക് കൊണ്ടുപോകും. ശ്രീകോവിലിന് മുന്നിലെത്തിക്കുന്ന തിരുവാഭരണ പേടകം തന്ത്രി കണ്ഠരര് രാജീവരരും മേല്‍ശാന്തി കൃഷ്ണദാസ് നമ്പൂതിരിയും ചേര്‍ന്ന് ഏറ്റുവാങ്ങി ശ്രീലകത്തിനുള്ളില്‍ കൊണ്ടുചെന്ന് അയ്യപ്പസ്വാമിക്ക് ചാര്‍ത്തി ദീപാരാധന നടത്തും. ഈ സമയം കിഴക്ക് പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിയുകയും ആകാശ നീലിമയില്‍ മകരനക്ഷത്രം ഉദിക്കുകയും ചെയ്യും. അഭൂതപൂര്‍വ്വമായ തിരക്കിന്റെ പശ്ചാത്തലത്തില്‍ സുരക്ഷയ്ക്കായി കൂടുതല്‍ പോലീസുകാരെ നിയോഗിച്ചിട്ടുണ്ട്.
Discussion about this post