തിരുവനന്തപുരം: ഒരു വിഭാഗം സര്‍ക്കാര്‍ ജീവനക്കാരും അദ്ധ്യാപകരും ജനുവരി 22 ന് നടത്തുന്ന പണിമുടക്കിന് ഡയസ്നോണ്‍ ബാധകമാക്കി ഉത്തരവു പുറപ്പെടുവിച്ചു. ഈ ദിവസത്തെ ഹാജര്‍ പട്ടിക ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ജില്ലാ സബ് ഓഫീസുകളില്‍ നിന്ന് സമാഹരിച്ച് രാവിലെ 10.30 ന് പൊതുഭരണ വകുപ്പിനെ അറിയിക്കാനും ഉത്തരവില്‍ നിര്‍ദേശിച്ചിട്ടുണ്ട്.
ഒഴിവാക്കാനാവാത്ത സാഹചര്യങ്ങള്‍ മുന്‍നിര്‍ത്തി മാത്രമേ പണിമുടക്കു ദിവസം അവധി അനുവദിക്കുകയുളളു. മെഡിക്കല്‍ അവധിക്കുളള അപേക്ഷയോടൊപ്പം മെഡിക്കല്‍ ഓഫീസറുടെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. ഏതു വിധത്തിലുളള അപേക്ഷകളും നിരസിക്കുവാന്‍ അവധി അനുവദിക്കുന്ന ഓഫീസര്‍ക്ക് അധികാരമുണ്ടായിരിക്കും. സമരം ചെയ്യാത്ത ജീവനക്കാര്‍ക്ക് സംരക്ഷണം നല്‍കും. ഓഫീസ് ഗേറ്റുകളില്‍ ആള്‍ക്കൂട്ടം ഒഴിവാക്കും. ജീവനക്കാര്‍ തടസ്സങ്ങളില്ലാതെ ഓഫീസിലെത്താന്‍ സൗകര്യമൊരുക്കും. ഓഫീസ് തലവന്‍ സമരത്തിലേര്‍പ്പെട്ട് ഓഫീസ് തുറക്കാതെ വരുന്ന സാഹചര്യത്തില്‍ ജീവനക്കാര്‍ ജില്ലാ ഓഫീസര്‍ മുമ്പാകെ റിപ്പോര്‍ട്ടു ചെയ്യേണ്ടതും ജില്ലാ ഓഫീസര്‍ ഓഫീസ് പ്രവര്‍ത്തനം സാധാരണ നിലയില്‍ പ്രവര്‍ത്തിക്കുന്നതിനു നടപടികള്‍ കൈക്കൊളേളണ്ടതുമാണ്. ഓഫീസ് മേധാവികള്‍ ഓഫീസിന്റെ താക്കോല്‍ സൂക്ഷിക്കേണ്ടതും കൃത്യസമയത്ത് ഓഫീസ് തുറക്കുന്നതിന് നടപടികള്‍ കൈക്കൊള്ളേണ്ടതാണ്. ഡി.ജി.പി യുമായി കൂടി ആലോചിച്ച് വകുപ്പ് മേധാവികള്‍ക്ക് ഓഫീസില്‍ രാത്രി കാവല്‍ ഏര്‍പ്പെടുത്താം. ജില്ലാ കളക്ടര്‍മാര്‍ക്ക് ആവശ്യാനുസരണം സ്വകാര്യവാഹനം വാടകയ്ക്കെടുക്കുന്നതിനും അനുമതി നല്‍കിയിട്ടുണ്ട്. ഡയസ്നോണ്‍ ദിവസത്തെ ശമ്പളം ഫെബ്രുവരിയിലെ ശമ്പളത്തില്‍ നിന്ന് പിടിക്കും. ഗസറ്റ് ഓഫീസര്‍മാര്‍ ശമ്പള ബില്ലിനൊപ്പം അറ്റന്റന്‍സ് സര്‍ട്ടിഫിക്കറ്റും സമര്‍പ്പിക്കണം.
അക്രമത്തിനു മുതിരുകയോ പൊതുവകകള്ക്ക് നാശനഷ്ടം വരുത്തുകയോ ചെയ്യുന്നവര്‍ക്കെതിരെ ശിക്ഷാ നടപടികള്‍ സ്വീകരിക്കും. പണിമുടക്കു ദിവസം ഹാജരാകാത്ത പ്രൊവിഷണല്‍ ജീവനക്കാരെ സര്‍വീസില്‍ നിന്ന് നീക്കം ചെയ്യും. ജനുവരി 22 ലെ ഹാജര്‍ സംബന്ധിച്ച വിശദാംശങ്ങള്‍ ടെലിഫോണ്‍ മുഖേന കളക്ടര്‍മാക്കും വകുപ്പുതലവന്മാര്ക്കും രാവിലെ 10.30 ന് മുമ്പു തന്നെ പൊതുഭരണ വകുപ്പില്‍ അറിയിക്കാം. ഇതു സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് ജനുവരി 23 ന് തന്നെ പൊതുഭരണ വകുപ്പിന് നല്‍കുകയും വേണം. അവശ്യസര്‍വീസുകളുടെ പ്രവര്‍ത്തനം ഉറപ്പാക്കുന്നതിന് നടപടികളും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ സ്വീകരിക്കണം. സംഘര്‍ഷം ഒഴിവാക്കുന്നതിന് പോലീസ് നടപടി സ്വീകരിക്കും. നിര്‍ദേശങ്ങള്‍ കുറ്റമറ്റ രീതിയില്‍ നടപ്പാക്കുന്നതിനും ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് ഉത്തരവില്‍ നിര്‍ദേശിച്ചിട്ടുണ്ട്.
Discussion about this post