ശബരിമല: മണ്ഡല-മകരവിളക്ക് മഹോത്സവത്തിന്റെ സമാപനം കുറിച്ച് ദോഷപരിഹാരങ്ങള്‍ക്കും കൈപ്പിഴകളും മറ്റും ശമിക്കുന്നതിനും വേണ്ടി മാളികപ്പുറത്ത് കുന്നയ്ക്കാട്ട് കുറുപ്പന്‍മാരുടെ നേതൃത്വത്തില്‍ ഗുരുതി നടത്തി. എല്ലാ വര്‍ഷവും മകരവിളക്ക് മഹോത്സവം കഴിഞ്ഞ് നടയടയക്കുന്നതിന്റെ തലേദിവസം രാത്രിയില്‍ മാളികപ്പുറത്ത് ഗുരുതി നടത്താറുണ്ട്. കുന്നയ്ക്കാട്ട് കുറുപ്പന്‍മാര്‍ക്ക് ഗുരുതിയും കളമെഴുത്ത് പാട്ടും നടത്തുവാന്‍ പന്തളം രാജാവ് ആചാരപ്രകാരം അനുവാദം നല്‍കിയതാണ് . അയ്യപ്പന്റെ കളമെഴുത്തും പാട്ടും നടത്തിയ മാളികപ്പുറത്ത് മണിമണ്ഡപത്തിന് സമീപമാണ് ഗുരുതി നടത്തിയത്. ഗുരുതി നടത്തിയവര്‍ക്ക് പന്തളം രാജപ്രതിനിധി മകയിരം തിരുനാള്‍ കേരളവര്‍മ്മരാജ ദക്ഷിണ നല്‍കിയതോടെയാണ് ഗുരുതി സമാപിച്ചത്. ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസര്‍ വി.എസ്. ജയകുമാര്‍, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ടി.കെ. അജിത്ത് പ്രസാദ്, പോലീസ് ലെയ്‌സണ്‍ ഓഫീസര്‍ രാംദാസ് തുടങ്ങിയവര്‍ ഗുരുതി വീക്ഷിക്കുവാന്‍ എത്തിയിരുന്നു. ഗുരുതി ചടങ്ങുകള്‍ വീക്ഷിക്കുന്നതിന് ആയിരക്കണക്കിന് അയ്യപ്പഭക്തര്‍ മാളികപ്പുറത്ത് തടിച്ചുകൂടി.
Discussion about this post