ജറുസലേം: പൈലറ്റിനെ ക്രൂരമായി കൊലപ്പെടുത്തിയ ഐഎസിന്റെ നടപടിയ്ക്ക് അതേ നാണയത്തില്‍ ജോര്‍ദാന്‍ മറുപടി നല്‍കി. ജോര്‍ദാന്റെ തടവിലുണ്ടായിരുന്ന ഐഎസ് ഭീകര വനിത അടക്കം രണ്ടു പേരെ തൂക്കിക്കൊന്നു. ഐഎസ് ഭീകര വനിത സജിത അല്‍ റിഷാവി, മറ്റൊരു ഭീകരന്‍ സിയാദ് കര്‍ബോല്‍ എന്നിവരെയാണ് തൂക്കിലേറ്റിയത്. തങ്ങളുടെ പൈലറ്റിനെ വധിക്കുന്ന ദൃശ്യങ്ങള്‍ ഐഎസ് പുറത്തു വിട്ട ഉടന്‍ ശക്തമായ മറുപടി നല്‍കാന്‍ ജോര്‍ദാന്‍ തീരുമാനിക്കുകയായിരുന്നു.
ഡിസംബറില്‍ ബന്ദിയാക്കിയ ജോര്‍ദാനിയന്‍ പൈലറ്റ് മുവാത് അല്‍ കസാസ്‌ബെയെ ഐഎസ് ഭീകരര്‍ ചൊവ്വാഴ്ചയാണ് വധിച്ചത്. ഇയാളെ ജീവനോടെ ചുട്ടെരിക്കുകയായിരുന്നു. തുടര്‍ന്ന് ഇസ്‌ലാമിക് സ്റ്റേറ്റിന്റെ വെബ്‌സൈറ്റില്‍ കൊലപാതകത്തിന്റെ ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ചു. ഡിസംബറില്‍ എഫ്-16 വിമാനം സിറിയയിലെ ഐഎസ് സ്വാധീന മേഖലയില്‍ തകര്‍ന്നു വീണപ്പോഴായിരുന്നു പൈലറ്റ് ഐഎസിന്റെ പിടിയിലായത്. ഇയാളെ വച്ചുള്ള വിലപേശല്‍ ഐഎസ് നാളുകളായി തുടരുകയായിരുന്നു.
പൈലറ്റിനു പകരം സജിദ അല്‍ റിഷാവിയെ മോചിപ്പിക്കാന്‍ ശ്രമം നടന്നിരുന്നു. ഇതിനു ജോര്‍ദാന്‍ സമ്മതിക്കുകയും ചെയ്തു. എന്നാല്‍ റിഷാവിയെ മോചിപ്പിക്കുന്നതിന് മുമ്പ് പൈലറ്റ് ജീവിച്ചിരിപ്പുണ്‌ടെന്നു തെളിവ് വേണമെന്ന് ജോര്‍ദാന്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് പൈലറ്റിനെ വധിക്കുന്ന ദൃശ്യങ്ങള്‍ ഐഎസ് പുറത്തു വിട്ടത്. ഉടന്‍ തന്നെ ഭീകരരെ തൂക്കിലേറ്റാന്‍ ജോര്‍ദാന്‍ തീരുമാനിക്കുകയായിരുന്നു.
2005ല്‍ ജോര്‍ദാനില്‍ നടത്തിയ ചാവേറാക്രമണത്തില്‍ 60 പേര്‍ കൊല്ലപ്പെട്ട കേസിലായിരുന്നു സജിത ശിക്ഷിക്കപ്പെട്ടത്. 2008ല്‍ ഒരു ജോര്‍ദാന്‍കാരനെ കൊലപ്പെടുത്തിയ കേസിലാണ് സിയാദിനെ പിടികൂടിയത്. പൈലറ്റിനെ നിഷ്‌കരുണം വധിച്ച ഐഎസിന്റെ നടപടിക്കെതിരെ ശക്തമായ പ്രതിഷേധമായിരുന്നു ലോകത്തിന്റെ വിവധ കോണുകളില്‍ നിന്നുയര്‍ന്നത്. അമേരിക്കയും ജപ്പാനും സംഭവത്തെ അപലപിച്ചു.
രണ്ടു ജാപ്പനീസ് ബന്ദികളെ കഴിഞ്ഞയാഴ്ച ഐഎസ് തലയറുത്തു വധിച്ചിരുന്നു. നിരപരാധികളെ ബന്ദികളാക്കിയ ശേഷം വിലപേശുകയും ഒടുവില്‍ നിഷ്‌കരുണം വധിക്കുകയും അതിനു ശേഷം ദൃശ്യങ്ങള്‍ പുറത്ത വിടുകയും ചെയ്യുന്ന ഐഎസ് ക്രൂരതയ്ക്ക് നിരവധി പേരാണ് ഇരയായിട്ടുള്ളത്. എന്നാല്‍ ഇത്ര ശക്തമായ തിരിച്ചടി ഐഎസിന് ലഭിക്കുന്നത് ഇതാദ്യമാണ്. സിറിയിയല്‍ സഖ്യസേനക്കൊപ്പം ജോര്‍ദാനും ഐഎസിനെതിരെ പോരാടുന്നുണ്ട്. ഇത് ശക്തമാക്കുമെന്ന് ജോര്‍ദാന്‍ വ്യക്തമാക്കി.
Discussion about this post