ബംഗളൂരു: ബംഗളൂരു-എറണാകുളം ഇന്റര്‍സിറ്റി എക്‌സ്പ്രസ് പാളം തെറ്റിയുണ്ടായ അപകടത്തില്‍ അഞ്ചു മലയാളികള്‍ ഉള്‍പ്പെടെ 10 പേര്‍ മരിച്ചു. തൃശൂര്‍ പൂവത്തൂര്‍ സ്വദേശി അമന്‍ (9) ഇട്ടീര ആന്റണി (57), കൊളോണില്‍ എന്നിവരാണ് മരിച്ച മലയാളികള്‍. മരിച്ച മറ്റുള്ളവരുടെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. എറണാകുളത്തേയ്ക്കുള്ള ട്രെയിനായതിനാല്‍ യാത്രക്കാരില്‍ ഭൂരിഭാഗവും മലയാളികളാണെന്നു സൂചനയുണ്ട്. ട്രെയിന്‍ പുറപ്പെട്ട് ഒന്നര മണിക്കൂറിനുള്ളിലായിരുന്നു അപകടം. രാവിലെ 6.15ന് ബംഗളൂരുവില്‍ നിന്നും എറണാകുളത്തേയ്ക്കു തിരിച്ച ട്രെയിനാണ് അപകടത്തില്‍പ്പെട്ടത്. മരിച്ചവരുടെ എണ്ണത്തെക്കുറിച്ച് റെയില്‍വേ ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ആറു ബോഗികളാണ് പാളം തെറ്റിയത്.
ബംഗളൂരു-തമിഴ്‌നാട് അതിര്‍ത്തി പ്രദേശമായ ഹുസൂരിനടുത്തുള്ള ആനേയ്ക്കല്‍ എന്ന സ്ഥലത്തുവച്ച് രാവിലെ 7.45 ഓടെയാണ് ട്രെയിന്‍ പാളം തെറ്റിയത്. ബംഗളൂരുവില്‍ നിന്നും 45 കിലോമീറ്റര്‍ അകലെയായിരുന്നു അപകടം. അപകടത്തില്‍ മരിച്ചവരില്‍ കൂടുതലും മലയാളികളാണെന്ന് റിപ്പോര്‍ട്ടുണ്ട്. ട്രെയിനിലെ ഡി 8 ബോഗിയുടെ മുകളിലേക്ക് പാന്‍ട്രി കാര്‍ ഇടിച്ചു കയറുകയായിരുന്നു. ഡി-8 ബോഗിയിലെ ഒന്നു മുതല്‍ 48 വെരയുള്ള യാത്രക്കാര്‍ക്ക് അതീവ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഡി-9 ബോഗിയിലുള്ളവര്‍ക്കും പരിക്കുണ്ട്. അപകടത്തില്‍പ്പെട്ടവരെ സമീപമുള്ള ആശുപത്രിയിലേക്കു മാറ്റി.
അപകടത്തിന്റെ കാരണം അറിവായിട്ടില്ല. ഒരു വളവില്‍ വച്ചായിരുന്നു അപകടം സംഭവിച്ചതെന്നും ട്രെയിന്‍ അമിതവേഗതയില്‍ ആയിരുന്നില്ലെന്നും യാത്രക്കാര്‍ പറഞ്ഞു. അപകടം ഏതെങ്കിലും അട്ടിമറിയുടെ ഭാഗമാണോ എന്നു സംശയമുണ്ട്. അപകടം നടന്ന ബോഗികള്‍ പാന്‍ട്രി കാറിനു മുന്‍പിലായിരുന്നു. പെട്ടെന്നു ബ്രേക്കിട്ടപ്പോള്‍ ബോഗികളിലേക്ക് മറ്റു ബോഗികള്‍ ഇടിച്ചുകയറിയതിനെത്തുടര്‍ന്നാണ് അപകടം നടന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. ബോഗി പൂര്‍ണമായി തകര്‍ന്നതിനെത്തുടര്‍ന്നു രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായിരുന്നു. ബോഗി വെട്ടിപ്പൊളിച്ചാണ് മൃതദേഹങ്ങളും പരിക്കേറ്റവരെയും പുറത്തെടുത്തത്.
ബംഗളൂരുവില്‍ നിന്നും വിദൂരസ്ഥലമായതിനാല്‍ രക്ഷാപ്രവര്‍ത്തനത്തിന് താമസം അനുഭവപ്പെട്ടു. അപകടം നടന്ന് ഒരു മണിക്കൂറിനു ശേഷമാണ് കാര്യമായ രക്ഷാപ്രവര്‍ത്തനം നടന്നത്. പോലീസ്, ഫയര്‍ഫോഴ്‌സ് എന്നിവര്‍ ദുരന്തം നടന്നതിനു ശേഷം വളരെ വൈകിയാണു സംഭവസ്ഥലത്ത് എത്തിയത്. യാത്രക്കാര്‍ തന്നെയാണ് അപകടത്തില്‍പ്പെട്ടവരെ രക്ഷപ്പെടുത്തിയത്. മലയാളികളായ യാത്രക്കാര്‍ ബംഗളൂരുവിലെ മലയാളി അസോസിയേഷനുകളുമായി ബന്ധപ്പെട്ട് ഇവര്‍ എത്തിച്ച പത്ത് ആംബുലന്‍സുകളിലാണ് ആദ്യം യാത്രക്കാരെ ആശുപത്രിയിലേക്ക് എത്തിച്ചത്.
അപകട വിവരമറിഞ്ഞ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി റെയില്‍വേ ഉദ്യോഗസ്ഥരെ വിളിച്ച് വിവരങ്ങള്‍ ആരാഞ്ഞിരുന്നു. കേന്ദ്രമന്ത്രി സദാനന്ദഗൗഡ അപകടസ്ഥലത്തേക്ക് തിരിച്ചു. എറണാകുളം റേഞ്ച് ഐജി അപകടസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. യാത്രക്കാരെ നാട്ടിലെത്തിക്കാന്‍ പത്തു ബസുകള്‍ സംഭവസ്ഥലത്തേക്ക് അയച്ചിട്ടുണ്ട്. എറണാകുളത്തേക്ക് 12പേരും ആലുവയിലേക്ക് അഞ്ചു പേരും തൃശൂരിലേക്ക് 18 പേരും പാലക്കാടേക്ക് 13 പേരുമാണ് ഡി-8 കോച്ചില്‍ ബുക്കു ചെയ്തിരുന്നതെന്ന് റെയില്‍വെ അറിയിച്ചു. അറുപതു യാത്രക്കാരാണ് ഈ കോച്ചില്‍ ഉണ്ടായിരുന്നത്.
Discussion about this post