* ആറുമാസത്തിനുള്ളില്‍ കൂലിത്തര്‍ക്കത്തില്‍ അന്തിമതീരുമാനം
തിരുവനന്തപുരം: ജില്ലയില്‍ പാചകവാതക സിലിണ്ടര്‍ കയറ്റിറക്ക് കൂലി കൂട്ടി ജില്ലാ കളക്ടര്‍ ബിജു പ്രഭാകറിന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ തീരുമാനമായി. കൂലിത്തര്‍ക്കം പരിഹരിക്കാന്‍ കയറ്റിറക്ക് തൊഴിലാളികള്‍ക്ക് ലോഡൊന്നിന് 950 രൂപ നിരക്കില്‍ നല്‍കാനാണ് തീരുമാനം. മുന്‍കാല പ്രാബല്യത്തീയതി സംബന്ധിച്ച് കയറ്റിറക്ക് തൊഴിലാളികളും ലോറി ഉടമകളും തമ്മില്‍ സമവായമെത്താത്തതിനാല്‍ ഇക്കാര്യം പിന്നീട് ലേബര്‍ കമ്മീഷണര്‍ തീരുമാനിക്കും.
ഇടക്കാലാശ്വാസമായി ജില്ലാ കളക്ടര്‍ നിര്‍ദേശിച്ച വര്‍ധനവ് 2014 ജൂലൈ ഒന്നുമുതല്‍ ലോറിയുടമകള്‍ നല്‍കും. ആറുമാസത്തിനുള്ളില്‍ കൂലിത്തര്‍ക്കം സംബന്ധിച്ച കാര്യത്തില്‍ സര്‍ക്കാര്‍തലത്തില്‍ അന്തിമതീരുമാനമുണ്ടാക്കാന്‍ ശ്രമിക്കാനും യോഗത്തില്‍ ധാരണയായി. നിലവില്‍ 830 രൂപയാണ് ഒരു ലോഡ് സിലിണ്ടറുകളുടെ കയറ്റിറക്കിന് തൊഴിലാളികള്‍ക്ക് നല്‍കിയിരുന്നത്. വര്‍ധനവ് വേണമെന്ന ആവശ്യമുയര്‍ന്നപ്പോള്‍ നേരത്തെ ലേബര്‍ ഓഫീസറുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ ലോഡൊന്നിന് 920 രൂപയായി കൂട്ടാന്‍ നിര്‍ദ്ദേശമുയര്‍ന്നിരുന്നു. ഇക്കാര്യത്തില്‍ തൊഴിലാളി യൂണിയനുകളും ലോറിയുടമകളും തമ്മില്‍ ധാരണയാകാത്തതിനാലാണ് ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ വീണ്ടും ചര്‍ച്ച നടന്നത്.
ചര്‍ച്ചയില്‍ ഡെപ്യൂട്ടി റേഷനിംഗ് കണ്‍ട്രോളര്‍ (വിജിലന്‍സ്) രാജേന്ദ്രന്‍ നായര്‍, ജില്ലാ സപ്ലൈ ഓഫീസര്‍ ഇന്‍ ചാര്‍ജ് കെ.പി. മോഹനചന്ദ്രന്‍, ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍പേഴ്‌സണ്‍ എം. ഷെജീന, സി.ഐ.ടി.യു, ഐ.എന്‍.ടി.യു.സി, യു.ടി.യു.സി, എ.ഐ.ടി.യു.സി, ബി.എം.എസ് യൂണിയന്‍ പ്രതിനിധികള്‍, ലോറി ഉടമകള്‍, എണ്ണക്കമ്പനി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു
Discussion about this post