ഡോ.വി.ആര്‍.പ്രബോധചന്ദ്രന്‍ നായര്‍
നാരായണീ നാദരൂപാ നാമരൂപ വിവര്‍ജിതാ
ഹ്രീങ്കാരീ ഹ്രീമതി ഹൃദ്യാ ഹേയോപാദേയവര്‍ജിതാ
മഹാവിഷ്ണുവിന്റെ പ്രസിദ്ധപര്യായമാണ് നാരായണന്‍. എങ്കിലും ശിവന്‍ എന്ന അര്‍ത്ഥത്തിലും അതിനുപ്രയോഗമുണ്ട്. ആകയാല്‍ നാരായണിക്ക് വിഷ്ണുവിന്റെ സഹോദരി, ശിവന്റെ പത്‌നി, മഹാവിഷ്ണു – മഹേശ്വരന്‍മരുടെ ശക്തി എന്നെല്ലാം അര്‍ത്ഥം കല്‍പിക്കാം.
പ്രപഞ്ചത്തിലെ എല്ലാ ശബ്ദങ്ങളിലും ദേവീചൈതന്യമാണുള്ളത്. അതിനാല്‍ ദേവി നാദരൂപയാണ്. (ശ്രീപരമേശ്വരന്‍ നാദതനുവാണെന്ന് പ്രസിദ്ധം:നാദതനുമനിശം – ശങ്കരം എന്നു തുടങ്ങുന്ന ത്യാഗരാജസ്വാമികളുടെ രചന). ഒരു നാമത്തിലും ഒരു രൂപത്തിലും ഒതുങ്ങാത്ത, ഏതു നാമത്തിനും ഏതുരൂപത്തിനും അതീതയായ ജഗദംബികയാണ്.
അമ്മ ഹ്രീം എന്ന ബീജാക്ഷരം സ്വരൂപമായവളും ലജ്ജാ(ഹ്രീ)ശീലയും ഹൃദയാഹ്ലാദകാരിണിയും ഭക്തജനഹൃദയങ്ങളില്‍ ഉയിര്‍ക്കൊള്ളുന്നവളുമത്രേ.
സ്വീകാര്യം (ഉപാദേയം), ത്യാജ്യം (ഹേയം) എന്ന വേര്‍തിരിവ് മായാമായമാകയാല്‍ അതിന്നതീതയാണ് അമ്മ. (ഹേയ – ഉപാദേയ)
രാജരാജാര്‍ച്ചിതാ രാജ്ഞീ രമ്യാ രാജീവലോചനാ
രഞ്ജനീ രമണീ രസ്യാ രണത് കിങ്കിണിമേഖലാ
രാജരാജന്‍ (= ചക്രവര്‍ത്തി, കുബേരന്‍, മനു) പൂജിക്കുന്ന ശ്രീപരമേശ്വരപട്ടമഹിഷി സുന്ദരിയും സന്തുഷ്ടയും സന്തോഷിപ്പിക്കുന്നവളുമാണ് (രമ്യ) താമരപ്പൂവിതള്‍ക്കണ്ണിയായദേവി (രാജീവം = താരമര, മാന്‍, മീന്‍ ; ലോചനം = കണ്ണ്)
ഭക്തജനങ്ങളെ തന്നില്‍ ലയിപ്പിക്കുകയും ശ്രീപരമേശ്വരന്ന് സ്വന്തം സിന്ദൂരവര്‍ണം പകര്‍ന്നു നല്‍കുകയും ചെയ്യുന്ന ദേവി (രഞ്ജനി) ഭക്തരോടും ഭര്‍ത്താവിനോടും യഥോചിതം കളിയാടുകയും (രമണി) അവരോടുകൂടി രസിക്കുകയും (രസ്യ) ചെയ്യുന്നു. ദേവിയുടെ അരഞ്ഞാണിലെ (മേഖല) കിങ്കിണികള്‍ കിലുങ്ങുന്നു.
Discussion about this post