ഡോ.എം.പി.ബാലകൃഷ്ണന്‍
പൂര്‍വ്വജന്മബന്ധംപോലെ പുതിയൊരു ശിഷ്യന്‍ വന്നുചേര്‍ന്നു. അന്നു ശങ്കുപിള്ളയ്ക്ക് ഇരുപത്തേഴ് വയസ്സിലധികം പ്രായമുണ്ടായിരുന്നില്ല. കൃഷിയും ഗുസ്തിയും നാട്ടുകാര്യങ്ങളുമായി പന്മനയില്‍ കഴിയുകയായിരുന്നു. ഭക്തനോ വേദാന്തിയോ അല്ല. സന്യാസിമാരെ അത്ര മതിപ്പുമില്ല. എങ്കിലും ചട്ടമ്പിസ്വാമിയെ കാണമമെന്നുതോന്നി. പതിനഞ്ചു നാഴികയ്ക്കപ്പുറത്ത് അമ്പലപ്പുഴയില്‍ സ്വാമിയുണ്ടെന്നറിഞ്ഞ് അങ്ങോട്ടു ചെന്നു. സ്വാമിതിരുവടികളെ നേരില്‍ കണ്ടപ്പോള്‍ എല്ലാം മറന്ന് ആ പാദങ്ങളില്‍വീണു നമസ്‌കരിക്കുകയും ചെയ്തു. എഴുന്നേറ്റു വിനായാന്വിതനായി നിന്ന ആ യുവാവിനോടു സ്വാമി ചോദിച്ചു. ‘കാരണവരേ, എപ്പഴാ വന്നത്?’ ഭാവിയില്‍ കേരള രാഷ്ട്രീയത്തിന്റെ കാരണവസ്ഥാനം വഹിച്ച ശ്രീ കുമ്പളത്തു ശങ്കുപ്പിള്ളയെ ആ യുവാവില്‍ അന്നേ സ്വാമി കണ്ടു! മടങ്ങുമ്പോള്‍ കുമ്പളം സുഹൃത്തിനോടു പറഞ്ഞുവത്രേ. ‘സ്വാമികള്‍ സാക്ഷാല്‍ വസിഷ്ഠന്‍തന്നെ!’
അങ്ങനെ ചട്ടമ്പിസ്വാമികളുടെ പ്രശസ്ത ശിഷ്യനായിത്തീര്‍ന്ന കുമ്പളത്തു ശങ്കുപ്പിള്ള പില്ക്കാലത്ത് പറഞ്ഞിട്ടുള്ളതും ‘അവിടത്തോട് ആത്മീയമായി ഞാന്‍ ഒന്നും തന്നെ ചോദിച്ചിട്ടില്ല. എനിക്ക് ഒന്നും ഉപദേശിച്ചു തന്നിട്ടുമില്ല.’ എന്നാണ്. എങ്കിലും സ്‌നേഹക്കടലായ ഗുരുവിന്റെ ഉള്ളം ശിഷ്യനെ അങ്ങോട്ടും ശിഷ്യന്റെ തന്റേടവും ഊര്‍ജ്ജസ്വലതയും ഗുരുവിനെ ഇങ്ങോട്ടും ആകര്‍ഷിച്ചു എന്നേവേണ്ടൂ. അല്പകാലംകൊണ്ട് അവര്‍തമ്മിലുള്ള ഹൃദയബന്ധം ഗാഢമായി.
ശിഷ്യന്റെ അതിഥിയായി സ്വാമികള്‍ കുറച്ചുകാലം കുമ്പളത്തുവീട്ടില്‍ താമസിച്ചു. രാത്രി വീട്ടിലും പകല്‍ വീടിനടുത്തുള്ള ശീതളമായ കാവിലുമായിരുന്നു വിശ്രമം. പ്രശാന്തമായ കാവും പരിസരവും സ്വാമികള്‍ക്കു ഹൃദ്യമായി. ഗുരുവിന്റെ സുഖസൗകര്യങ്ങളിലും ശുശ്രൂഷയിലും പുതിയ ശിഷ്യന്‍ സദാ ശ്രദ്ധാലുവായിരുന്നു. വീട്ടില്‍ ധാരാളം അംഗങ്ങളുണ്ടെങ്കിലും അവിടത്തേക്കുള്ള ആഹാരം കുമ്പളത്തിന്റെ ധര്‍മ്മപത്‌നി തന്നെ തയ്യാറാക്കി.
ഒരുദിവസം രാമസ്വാമി എന്നൊരു തകില്‍ക്കാരന്‍ സ്വാമിയെ വന്നു കണ്ടു. സുപ്രസിദ്ധ നാഗസ്വരവിദ്വാന്‍ കടവൂര്‍ കിട്ടപ്പണിക്കരുടെ തകില്‍ വായനക്കാരനായിരുന്നു രാമസ്വാമി. ‘ഗഞ്ചിറ വായിക്കാനറിയാമോ?’ എന്ന സ്വാമിയുടെ ചോദ്യത്തിന് ‘എല്ലാം തെരിയും’ എന്നായിരുന്നു മറുപടി.
സ്വാമി ഗഞ്ചിറ കൈയില്‍ കൊടുത്തു. തന്റെ കഴിവു മുഴുവന്‍ പ്രകടിപ്പിച്ചു രാമസ്വാമി ഗഞ്ചിറ വായിച്ചു. സ്വാമി താളമിട്ടുകൊണ്ടിരുന്നു. പക്ഷേ ആ താളത്തിനൊത്തു വായിക്കാന്‍ അയാള്‍ക്കു നന്നേ പണിപ്പെടേണ്ടിവന്നു. ഒടുവില്‍ പരാജയം സമ്മതിച്ചപ്പോള്‍ സ്വാമി നിഷ്പ്രയാസം അതു വായിച്ചു കേള്‍പ്പിച്ചുവത്രേ. താളവാദ്യങ്ങളുടെ പ്രയോഗത്തില്‍ ചട്ടമ്പിസ്വാമിയുടെ മുമ്പില്‍ താന്‍ എത്രയോ നിസ്സാരനെന്ന് മനസ്സിലാക്കിയ ആ പ്രശസ്ത തകില്‍ക്കാരന്‍ സാഷ്ടാംഗം പ്രണമിച്ചുകൊണ്ടുപറഞ്ഞു.
‘നീങ്കള്‍ കടുവുകള്‍ താന്‍ സ്വാമീ’.
സ്വാമി വിശ്രമിച്ചിരുന്ന മനയില്‍ കാവിന്റെ മുന്നിലെ പാടത്തിനുമപ്പുറം മറ്റൊരു കാവുണ്ട് – വന്‍വൃക്ഷങ്ങളും ചൂരല്‍പ്പടര്‍പ്പുകളും നിറഞ്ഞ, പകല്‍നേരത്തും ഇരുളൊഴിയാത്ത, ഒരു സര്‍പ്പക്കാവ്. നല്ലജാതി സര്‍പ്പങ്ങള്‍ യഥേഷ്ടം വിഹരിക്കുന്ന അതിനുള്ളില്‍ സാധാരണയായി ആളുകള്‍ ചെല്ലാറില്ല. സ്വാമികള്‍ക്ക് അതൊന്നു കാണണമെന്നു തോന്നി. ‘കാരണവരേ, നമുക്കു അതൊന്നു കാണണമെന്നു തോന്നി. ‘കാരണവരേ, നമുക്ക് ആ കാവൊന്നുപോയിക്കാണാം. ‘വളരെ പുരാതനവും പരിശുദ്ധവുമായ കാവ്.’ ഒരു പ്രത്യേക സ്ഥലം കൈയിലെ ഊന്നുവടികൊണ്ടു തൊട്ടുകാണിച്ച് വീണ്ടും പറഞ്ഞു. ‘ഇതൊരു പുണ്യസ്ഥലമാണ്. സമാധിസ്ഥാപനത്തിനു പറ്റിയ സ്ഥലം.’
ആയിടെ തിരുവനന്തപുരത്തു ചെന്ന് എല്ലാപേരെയും കണ്ടാല്‍ കൊള്ളാമെന്ന് അവിടുത്തേക്കു തോന്നി. ‘കുറേദിവസം കഴിഞ്ഞുപോരേ? എന്നു ചോദിച്ചതിന് ‘കിഴവന്‍ ചാവാന്‍നേരം ഇങ്ങുവരും കാരണവരേ’ എന്നായിരുന്നു സമാധാനം.
ഈ യാത്രയില്‍ സ്വാമികള്‍ തിരുവനന്തപുരത്തു പത്തുമാസത്തോളം തങ്ങി. പ്രിയപ്പെട്ടവരോടൊപ്പം മാറിമാറിത്താമസിച്ചു. സകലമാനപേര്‍ക്കും പരമാനന്ദമായി. അങ്ങനെയിരിക്കെ അവിടുത്തേക്ക് ശരീരസുഖം ഇല്ലാതായി. അതിസാരമായിരുന്നു രോഗം. ശിഷ്യരില്‍ത്തന്നെ പ്രഗല്ഭവൈദ്യന്മാരുണ്ടല്ലോ. അവര്‍ ശ്രദ്ധയോടെ ശുശ്രൂഷിച്ചു. എന്നാല്‍ വൈദ്യശാസ്ത്രത്തിന്റെ മറുകരകണ്ടിരുന്ന സ്വാമികള്‍ക്ക് ഇന്ന ചികിത്സ ചെയ്യണമെന്ന് നിര്‍ദ്ദേശിക്കാന്‍ ആരും ധൈര്യപ്പെട്ടില്ല. സ്വന്തം ജീവിതനടനത്തിന്റെ അന്ത്യരംഗം അടുത്തിരിക്കുന്നു എന്ന് അറിഞ്ഞിരുന്ന തിരുവടികള്‍ അതൊന്നും ആവശ്യമില്ലായെന്ന മനോഭാവമാണ് പ്രകടിപ്പിച്ചത്. എങ്കിലും ശിഷ്യവത്സലനായ അവിടുന്ന് അവരുടെ സംതൃപ്തിക്കുവേണ്ടിമാത്രം ആ പരിചരണങ്ങള്‍ സ്വീകരിച്ചു.
അല്പകാലം കൊണ്ട് ആരോഗ്യസ്ഥിതി മെച്ചപ്പെട്ടു. ഒരുവിധം നടക്കാമെന്നായപ്പോള്‍ സ്വാമികള്‍ പന്മനയ്ക്കു പോകാനിച്ഛിച്ച് കുമ്പളത്തിന് എഴുതി. എഴുത്തു കിട്ടിയപ്പോള്‍ ഉടന്‍ കുമ്പളവും കൂട്ടരും വളളത്തിലെത്തിച്ചേര്‍ന്നു.
തിരുവനന്തപുരത്തെ ശിഷ്യമണ്ഡലം മുഴുവന്‍ സ്വാമികളെ യാത്രയാക്കാന്‍ വള്ളക്കടവുവരെ അനുഗമിച്ചു. തൃപ്പാദം ഒന്നു വന്ദിക്കാന്‍ ഭക്തജനങ്ങള്‍ തിരക്കുകൂട്ടി. തിരുവടികള്‍ക്ക് അവരില്‍ ഓരോരുത്തരോടും നര്‍മ്മം കലര്‍ന്ന ഓരോ വാക്കെങ്കിലും പറയാന്‍ ഇല്ലാതിരുന്നില്ല. അങ്ങനെ എല്ലാവരെയും ഒരുപോലെ അനുഗ്രഹിച്ചിട്ടു സ്വാമിതിരുവടികള്‍ വള്ളത്തില്‍കയറി ഇരുന്നു.
വളളം നീങ്ങാന്‍ കല്പന കാത്തുനില്‍ക്കുകയായിരുന്നു കുമ്പളവുംമറ്റും. സ്വാമിതൃപ്പാദങ്ങളുടെ അനുവാദം ലഭിക്കാതെ പുറപ്പെടാന്‍ ആര്‍ക്കും ധൈര്യംവന്നില്ല. ഒരു മണിക്കൂറോളം അതുണ്ടായതുമില്ല. അങ്ങനെ മൗനംഭജിച്ച് ഏവരും നില്‌ക്കെ, ഒരു സ്ത്രീരൂപം അകലെനിന്നും ഓടിവരുന്നതുകണ്ടു. കുളത്തൂര്‍ ആശ്രമത്തിലെ യോഗിനിയമ്മയായിരുന്നു അത്. ആളുകള്‍ വഴിമാറിക്കൊടുത്തു. അമ്മ വള്ളത്തില്‍ക്കയറി തൃപ്പാദങ്ങളെ വണങ്ങി. യോഗിനിയമ്മയെനോക്കി സ്വാമി പറഞ്ഞു: ‘യാത്രയാണ്’.
വള്ളം അകന്നകന്നുമറയുന്നത് ആ സ്വാമിഭക്തരെല്ലാം കണ്ണീരിലൂടെ നോക്കിക്കണ്ടു.
പന്മനയ്ക്കുപോകുംവഴി സ്വാമിതൃപ്പാദങ്ങള്‍ ഇടയ്ക്ക് പ്രാക്കുളം തോട്ടുവയലില്‍ ബംഗ്ലാവില്‍ ഏതാനും ദിവസം വിശ്രമിച്ചു. ഗുരുപാദര്‍ അവിടെയുണ്ടെന്നറിഞ്ഞ് ശ്രീനാരായണഗുരുസ്വാമികള്‍ വന്നു. ഗുരുശിഷ്യന്മാര്‍ തമ്മിലുള്ള ആ കൂടിക്കാഴ്ച ഹൃദയസ്പൃക്കായിരുന്നു. അവസാനകാഴ്ചയെന്ന് ഇരുവര്‍ക്കും അറിയാവുന്ന മട്ടിലായിരുന്നു അവരുടെ പരസ്പരോപചാരക്രമം. ‘സ്വാമിതിരുവടികളുടെ മുഖത്തുനോക്കി ഗുരുസ്വാമി പറഞ്ഞു. ‘അവിടന്ന് നന്നേ ക്ഷീണിച്ചിരിക്കുന്നു. ഞാന്‍ മകരധ്വജം കൊടുത്തയക്കാം.’ തിരുവടികള്‍ ഒന്നു മന്ദഹസിച്ചതേയുള്ളൂ. കൊല്ലത്തുചെന്നയുടനേ ഗുരുസ്വാമികള്‍ മകരദ്ധ്വജം വാങ്ങി കൊടുത്തയക്കുകയും ചെയ്തു. അതുകണ്ട് സ്വാമിതിരുവടികള്‍ ചിരിച്ചുകൊണ്ടുപറഞ്ഞു. ‘ഈ നാണുവാശാന് ഒന്നും മനസ്സിലായില്ലേ? കൂടുപൊളിച്ചു പക്ഷി പറക്കാന്‍പോകുന്ന അവസരത്തില്‍ ഇതൊക്കെ എന്തിനാണ്?’ രണ്ടുമൂന്നുദിവസം കഴിഞ്ഞ് ഗുരുപാദരെക്കാണാന്‍ നാരായണഗുരുസ്വാമി വീണ്ടും വന്നു. മലയാളവര്‍ഷം 1099 മീനം 16-ാം തീയതി ഉച്ചതിരിഞ്ഞനേരം. അതൊരു ധന്യമുഹൂര്‍ത്തമായിരുന്നു. ശിഷ്യരുടെ നിര്‍ബന്ധപ്രകാരം ഒന്നുരണ്ടു ഫോട്ടോയെടുക്കാന്‍ സ്വാമിതൃപ്പാദങ്ങള്‍ സമ്മതിച്ചു.
‘നേരേ നടുക്കു ഗുരുപാദരിടംവലം തന്‍
പേരാര്‍ന്ന ശിഷ്യരിതുമട്ടിലിരുന്നു നന്നായ്
തോരാത ബാഷ്പനിരയോടു നമുക്കു കണ്ടി-
ങ്ങാരാല്‍ നമിപ്പതിനുടന്‍ പടമൊന്നെടുത്തു.’
മുഴങ്ങോട്ടുവിള കൃഷ്ണപിള്ള
ഇക്കാലത്ത് സ്വാമിതിരുവടികളെ അവരവരുടെ നാട്ടിലേക്ക് കൊണ്ടുപോകാന്‍ ഗൃഹസ്ഥശിഷ്യന്മാര്‍ പലരും ആഗ്രഹിച്ചു. കൊല്ലത്തുകാരോടു സ്വാമി പറഞ്ഞു. ‘ഏതായാലും മേടം ഇരുപത്തിമൂന്നു കഴിഞ്ഞോട്ടെ, തെക്കോട്ടുതന്നെ വന്നേക്കാം.’
പന്മന സി.പി.പി. സ്മാരക വായനശാലയായിരുന്നു സ്വാമികള്‍ക്കു വിശ്രമിക്കാനൊരുക്കിയിരുന്നത്. ക്ഷീണം നാള്‍ക്കുനാള്‍കൂടിവന്നെങ്കിലും അവിടുത്തെ മുഖപ്രസാദത്തിന് യാതൊരു മങ്ങലുമുണ്ടായില്ല. വിദ്വാന്മാരും ശാസ്ത്രജ്ഞരും ഉദ്യോഗസ്ഥരും പ്രഭുക്കന്മാരും സാധാരണക്കാരുമടങ്ങിയ ശിഷ്യഗണം തിരുവടികളെ പരിചരിക്കുന്നത് മഹാഭാഗ്യമായിക്കരുതി വന്നുപൊയ്‌ക്കൊണ്ടിരുന്നു. ശ്രീ കുമ്പളത്തിന്റെ നേതൃത്വത്തില്‍ വരുന്നവര്‍ക്കു വേണ്ട സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി. വരുന്നവരോടെല്ലാം വിദ്യാധിരാജന്‍ വാത്സല്യപൂര്‍വ്വം സംസാരിച്ചു. നേരംപോക്കു പറഞ്ഞു. ശാസ്ത്രചര്‍ച്ചകളും സംഗീതാലാപനങ്ങളും മുടങ്ങിയില്ല. ഗഞ്ചിറ, ഫിഡില്‍, വീണ മുതലായവയുടെ നാദം അന്തരീക്ഷത്തെ സംഗീതസാന്ദ്രമാക്കിക്കൊണ്ടിരുന്നു. അവിടത്തെ നിതാന്തസഖാക്കളായ തവള, എലി മുതലായ ജീവികള്‍ തങ്ങളുടെ അഭയദാതാവിന്റെ സുഖവിവരം അന്വേഷിച്ച് കട്ടിലിന്നടിയില്‍ വന്നുംപോയുമിരുന്നു. ഒരുദിവസം ഒരു മഞ്ഞച്ചേരയും വന്നു.
മ. വ. ആയിരത്തിതൊണ്ണൂറ്റിയൊന്‍പതു മേടം ഇരുപത്തിമൂന്നാം തീയതി പുലര്‍ന്നു. അന്നു കാര്‍ത്തിക നക്ഷത്രം. സ്വാമികള്‍ കുമ്പളത്തിനെ അരികില്‍ വിളിച്ചു പറഞ്ഞു. ‘കാരണവര്‍ ഇന്ന് എങ്ങും പോകരുത്. നാലുമണി കഴിഞ്ഞോട്ടെ.’
മൂന്നുമണി കഴിഞ്ഞപ്പോള്‍, സന്തത സഹചാരിയായ പദ്മനാഭപ്പണിക്കരുടെ സഹായത്തോടെ സ്വാമികള്‍ എണീറ്റിരുന്നു. സ്വയം പത്മാസനം ബന്ധിച്ചു. ദൃഷ്ടികള്‍ ഏകാഗ്രമായി. ‘മതി എല്ലാം ശരിയായി.’ ആ തിരുനാവില്‍ നിന്നുതിര്‍ന്ന അവസാനവാക്കുകള്‍! മുഖം കൂടുതല്‍ പ്രകാശമാര്‍ന്നതുപോലെ കാണപ്പെട്ടു.
വാര്‍ത്ത കേരളമാകെ പെട്ടെന്നു പരന്നു. ആ നാമമെങ്കിലും കേട്ടിട്ടില്ലാത്തവര്‍ ഇല്ലല്ലോ. ആയിരത്താണ്ടുകള്‍ക്കിടയ്‌ക്കെങ്ങാനുദിച്ചു ലോകത്തെ അന്ധതമസ്സില്‍ നിന്നും അറിവിന്റെ ജ്യോതിസ്സിലേക്ക് നയിക്കുന്ന അപൂര്‍വ്വ സഹസ്രകിരണന്റെ അസ്തമയമായി മൂന്നു കേരളീയരെ സംബന്ധിച്ചിടത്തോളം ആ മഹാസമാധി.
ബ്രഹ്മശ്രീ ചട്ടമ്പിസ്വാമികള്‍ സമാധിയടഞ്ഞ വിവരം വര്‍ക്കല ശിവഗിരിമഠത്തില്‍ വിശ്രമിക്കുകയായിരുന്ന ശ്രീനാരായണഗുരുവിനെ ഉടനെ അറിയിച്ചു. അറിഞ്ഞ ഉടന്‍ ശ്രീനാരായണന്‍ മഠത്തില്‍ അന്ന് ഉപവാസമനുഷ്ഠിക്കാന്‍ കല്പന നല്‍കി. വിശേഷാല്‍ പൂജയും പ്രാര്‍ത്ഥനയും നടത്താനും ഏര്‍പ്പാടാക്കി. എന്നിട്ടു മുറിക്കുള്ളില്‍ കയറി കതകടച്ചു ധ്യാനത്തില്‍ മുഴുകി. ഉണര്‍ന്നശേഷം പുറത്തുവന്നു താഴെക്കാണുന്ന പദ്യങ്ങള്‍ പറഞ്ഞുകൊടുത്ത് ഒരു ശിഷ്യനെക്കൊണ്ടെഴുതിച്ചു.
‘സര്‍വ്വജ്ഞ ഋഷിരുത്ക്രാന്തഃ
സദ്ഗുരുശ്ശുകവര്‍ത്മനാ
ആഭാതി പരമവ്യോമ്‌നി
പരിപൂര്‍ണ്ണകലാനിധിഃ
ലീലയാകാലമധികം
നീത്വാന്തേ സ മഹാപ്രഭുഃ
നിസ്വം വപുസ്സമുത്‌സൃജ്യ
സ്വം ബ്രഹ്മവപുരാസ്ഥിതഃ’
(സര്‍വ്വജ്ഞനും ഋഷിയും സദ്ഗുരുവുമായ ശ്രീ ചട്ടമ്പിസ്വാമിതിരുവടികള്‍ ശുകമാര്‍ഗ്ഗത്തില്‍കൂടി ഉയര്‍ന്നു പരാകാശത്തില്‍ പരിപൂര്‍ണ്ണകലാനിധിയായി പ്രകാശിക്കുന്നു. ആ മഹാപ്രഭു നമ്മുടെയിടയില്‍ വളരെനാള്‍ വിനോദമാത്രനായി കഴിഞ്ഞതിനുശേഷം, തന്റേതല്ലാത്ത ഈ മര്‍ത്ത്യശരീരം ഉപേക്ഷിച്ചു വീണ്ടും സ്വന്തം ബ്രഹ്മശരീരം കൈവരിച്ചിരിക്കുന്നു.)
‘ശ്രീബുദ്ധനേയും ശ്രീശങ്കരനേയും ഒഴിച്ചാല്‍ സര്‍വ്വജ്ഞപദംകൊണ്ട് ഉപശ്ലോകിക്കപ്പെടാവുന്ന യോഗ്യന്മാരെ ചരിത്രം അറിയുന്നില്ല. സത്യവാക്കായ ഭഗവാന്‍ ശ്രീനാരായണഗുരുദേവന്‍ പറയുന്നു വിദ്യാധിരാജ പരമഭട്ടാരക ശ്രീചട്ടമ്പിസ്വാമികള്‍ സര്‍വ്വജ്ഞനാണെന്ന്. ചരിത്രത്തിനു മൂന്നാമതൊരു സര്‍വ്വജ്ഞനെ അംഗീകരിക്കാതിരിക്കുവാന്‍ ഇനി സാധ്യമല്ല.’
Discussion about this post