തിരുവനന്തപുരം: ധനകാര്യമന്ത്രി കെ.എം.മാണിക്കെതിരെ പ്രതിപക്ഷ കക്ഷികള്‍ ആഹ്വാനം ചെയ്ത നിയമസഭ വളയല്‍ സമരം ഇന്നു വൈകുന്നേരം മുതല്‍ ആരംഭിക്കും. എല്‍ഡിഎഫും യുവമോര്‍ച്ചയും നടത്തുന്ന നിയമസഭാ വളയല്‍ സമരത്തെ നേരിടാന്‍ കനത്ത പോലീസ് സന്നാഹമാണു തലസ്ഥാനത്ത് ഒരുക്കിയിരിക്കുന്നത്. ബാര്‍കോഴ കേസില്‍ പ്രതിയായ ധനമന്ത്രിയെ ബജറ്റ് അവതരിപ്പിക്കാന്‍ നിയമസഭയിലേക്കു കടക്കാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് എല്‍ഡിഎഫ് നേതൃത്വവും യുവമോര്‍ച്ചയും. അതേസമയം, നിയമസഭയിലേക്ക് ആരെയും കടത്തിവിടാന്‍ അനുവദിക്കേണെ്ടന്നും പ്രതിപക്ഷ കക്ഷി നേതാക്കള്‍ ആലോചിക്കുന്നു. ധനമന്ത്രിയെ നിയമസഭക്കകത്തു താമസിപ്പിച്ചു വെള്ളിയാഴ്ച ബജറ്റ് അവതരിപ്പിക്കാനും ഭരണപക്ഷം നീക്കം നടത്തുന്നുണ്ട്. അങ്ങനെ സംഭവിച്ചാല്‍ ധനമന്ത്രിയെ പ്രതിപക്ഷ എംഎല്‍എമാര്‍ തടയും.
ധനമന്ത്രിയെ ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാകാതെ എങ്ങനെ നിയമസഭയിലേക്കു കടത്താമെന്നതിനെക്കുറിച്ച് ഉന്നതതലത്തില്‍ കൂടിയാലോചനകള്‍ നടക്കുകയാണ്. നിയമസഭക്കകത്തു ധനമന്ത്രിയെ ഇന്നു താമസിപ്പിച്ചു വെള്ളിയാഴ്ച ബജറ്റ് അവതരിപ്പിക്കുന്നതു പാര്‍ട്ടിയുടെയും മാണിയുടെയും ഇമേജിനെ ദോഷകരമായി ബാധിക്കുമെന്നും കേരള കോണ്‍ഗ്രസ്-എം അഭിപ്രായപ്പെടുന്നുണ്ട്. എതിര്‍പക്ഷത്തെ ഭയക്കുന്നുവെന്ന ആക്ഷേപം സഹിക്കേണ്ടി വരുമെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.
നിയമസഭക്കു 150 മീറ്റര്‍ അകലെ ബാരിക്കേഡ് തീര്‍ത്തു സമരക്കാരെ തടയാനാണു പോലീസിന്റെ നീക്കം. നിയമസഭ സ്ഥിതി ചെയ്യുന്ന പ്രദേശത്തെ ആറു സോണുകളാക്കി തിരിച്ച് ഓരോ സോണിന്റെയും സുരക്ഷാ ചുമതല ഓരോ എസ്പിമാര്‍ക്കു നല്‍കും. വേണ്ടിവന്നാല്‍ നിയമസഭാ കവാടം സ്ഥിതിചെയ്യുന്ന 200 മീറ്റര്‍ ചുറ്റളവില്‍ 144 പ്രഖ്യാപിക്കുന്നതിനെക്കുറിച്ചും പോലീസ് ആലോചിക്കുന്നുണ്ട്. അതേസമയം നിയമസഭക്കകത്തേക്ക് എംഎല്‍എമാരെയും കടത്തിവിടാന്‍ അനുവദിക്കാത്ത വിധത്തിലാണു സമരമെങ്കില്‍ വന്‍ ക്രമസമാധാന പ്രശ്‌നങ്ങള്‍ക്കു വഴിവയ്ക്കാന്‍ ഇടയാകും. ഇത് എംഎല്‍എമാരുടെ അവകാശലംഘനവും ഭരണഘടനാ ലംഘനവുമാകും. അങ്ങനെ സംഭവിച്ചാല്‍ സമരക്കാരെ ശക്തമായി നേരിടാനാണു പോലീസിന് ഉന്നതതലത്തില്‍ നിന്നും കൊടുത്തിരിക്കുന്ന നിര്‍ദേശം.
സമരത്തെ നേരിടുന്നതു സംബന്ധിച്ചു കൂടുതല്‍ അവലോകനം നടത്താനായി എഡിജിപിയുടെ നേതൃത്വത്തില്‍ ഇന്ന് ഉച്ചക്കു യോഗം ചേരുന്നുണ്ട്്്. സമരക്കാരെ നേരിടാനായി എആര്‍, എസ്എപി, കമാന്‍ഡോസ്, ദ്രുതകര്‍മസേന ഉള്‍പ്പെടെയുള്ള പോലീസ് സംഘത്തെയും ജലപീരങ്കി, ടിയര്‍ഗ്യാസ്, ഗ്രനേഡ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങളും പോലീസ് ഒരുക്കും. സമരത്തില്‍ എല്‍ഡിഎഫിന്റെ തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള പ്രവര്‍ത്തകരും നേതാക്കളും മാത്രമാണു പങ്കെടുക്കുന്നത്. അതേസമയം വിവിധ ജില്ലകളില്‍ നിന്നും യുവമോര്‍ച്ച പ്രവര്‍ത്തകരെ തലസ്ഥാനത്തെത്താന്‍ പാര്‍ട്ടി നേതൃത്വം നിര്‍ദേശിച്ചിട്ടുണ്ട്. ഇന്നു വൈകുന്നേരത്തോടെ എല്‍ഡിഎഫ് പ്രവര്‍ത്തകരും യുവമോര്‍ച്ചക്കാരും തലസ്ഥാന നഗരം കൈയടക്കും. സമരക്കാരെ നിരീക്ഷിക്കാന്‍ കൂടുതല്‍ നിരീക്ഷണ കാമറകളും ഷാഡോ പോലീസിനെയും സജ്ജമാക്കിയിട്ടുണ്ട്.
Discussion about this post