തിരുവനന്തപുരം: സംസ്ഥാനത്തെ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളുടെയും സ്വകാര്യ ക്ഷേത്രങ്ങളുടെയും അധീനതയിലുള്ള കുളം, കാവ്, ആല്‍ത്തറ എന്നിവയുടെ നവീകരണത്തിനായി ചുവടെപ്പറയുന്ന നിബന്ധനകള്‍ കൂടി ഉള്‍പ്പെടുത്തി ഉത്തരവായി.
എസ്റ്റിമേറ്റില്‍ പറയുംപ്രകാരമുള്ള സാധന സാമഗ്രികള്‍ ഘട്ടംഘട്ടമായി വിനിയോഗിക്കുന്ന മുറയ്ക്ക് ബില്ലുകളുടെയും വൗച്ചറുകളുടെയും അടിസ്ഥാനത്തില്‍ ദേവസ്വം ഓഫീസറുടെയും ദേവസ്വം ബോര്‍ഡ് അസിസ്റ്റന്റ് എഞ്ചിനീയറുടെയും സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ അതത് ദേവസ്വം ബോര്‍ഡുകളുടെ അധികാര പരിധിയില്‍പ്പെടുന്ന ക്ഷേത്രങ്ങള്‍ക്കും സമിതികള്‍ക്കും ഗഡുക്കളായി സംഖ്യ അനുവദിക്കണം. ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ അസിസ്റ്റന്റ് എഞ്ചിനീയറുടെ സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ സെക്രട്ടറി സ്വകാര്യ ക്ഷേത്രങ്ങള്‍ക്ക് തുക അനുവദിക്കണം. എസ്റ്റിമേറ്റില്‍ പറയുന്ന ജോലികളുടെ ഓരോഘട്ടവും പൂര്‍ത്തീകരിച്ച സര്‍ട്ടിഫിക്കറ്റ് ദേവസ്വം ബോര്‍ഡ്/ തദ്ദേശ സ്വയംഭരണ വകുപ്പ് അസിസ്റ്റന്റ് എഞ്ചിനീയര്‍ അതത് ദേവസ്വം ബോര്‍ഡിലേക്ക് / തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിക്ക് നല്‍കുന്ന മുറയ്ക്ക് സമിതികള്‍ക്ക് ബാക്കി നല്‍കേണ്ട സംഖ്യ പൂര്‍ണമായും അനുവദിച്ചു നല്‍കേണ്ടതാണ്. പുനരുദ്ധാരണ ജോലികള്‍ക്ക് ആവശ്യമായി വരുന്ന തൊഴിലാളികള്‍ക്ക് നല്‍കുന്ന വേതനം മസ്റ്റര്‍ റോള്‍ തയാറാക്കി സമിതി മുഖാന്തിരം നല്‍കുന്നതിനും ആയത് ദേവസ്വം ഓഫീസറും അസിസ്റ്റന്റ് എഞ്ചിനീയറും/ തദ്ദേശ സ്വയംഭരണ അസിസ്റ്റന്റ് എഞ്ചിനീയറും തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിയും സര്‍ട്ടിഫൈ ചെയ്യണം. പണികള്‍ എല്ലാം പൂര്‍ത്തീകരിക്കുന്ന മുറയ്ക്ക് ഇത് സംബന്ധിച്ച എല്ലാ വരവ് ചെലവ് കണക്കുകളും അനുബന്ധ രേഖകളും ദേവസ്വം ബോര്‍ഡിലേക്ക് / തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിക്ക് ഹാജരാക്കണം. കുളങ്ങളുടെ പുനരുദ്ധാരണത്തിന് വേണ്ടി ചെലവഴിക്കുന്ന ഫണ്ടിന്റെ കണക്കുകളും രജിസ്റ്ററുകളും ഓഡിറ്റിന് ഹാജരാക്കേണ്ട ചുമതല സമിതികള്‍ നിക്ഷിപ്തമായിരിക്കുമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.
Discussion about this post