തിരുവനന്തപുരം: നിയമസഭയില്‍ പ്രതിപക്ഷ എംഎല്‍എമാര്‍ സംഹാര താണ്ഡവമാടുകയായിരുന്നുവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. നിയമസഭയുടെ ചരിത്രത്തില്‍ കേട്ടിട്ടില്ലാത്ത കാര്യങ്ങളാണെന്നും നിയമസഭാ ചരിത്രത്തിലെ കറുത്ത ദിനമാണ് ഇന്നെന്നും മുഖ്യമന്ത്രി പറഞ്ഞു. സംഭവബഹുലമായ ബജറ്റ് ദിന നടപടികള്‍ക്ക് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷ എംഎല്‍എമാരില്‍ ചിലര്‍ ആശുപത്രിയിലാണെന്ന് മാധ്യമങ്ങളില്‍ നിന്നും അറിഞ്ഞു. അവര്‍ കള്ളത്തരം കാണിച്ചാണ് ആശുപത്രിയില്‍ കിടക്കുന്നതെന്ന് പറയുന്നില്ല. എംഎല്‍എമാരുടെ ആക്രമണത്തില്‍ പരിക്കേറ്റ് വാച്ച് ആന്‍ഡ് വാര്‍ഡിലെ 12 പേര്‍ ആശുപത്രിയിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
സഭയില്‍ അക്രമസംഭവങ്ങള്‍ നടന്നത് സ്പീക്കറുടെ ഇരിപ്പിടത്തിന് സമീപവും ഭരണകക്ഷി എംഎല്‍എമാര്‍ ഇരിക്കുന്നിടത്തുമാണെന്ന് പറഞ്ഞ മുഖ്യമന്ത്രി പ്രതിപക്ഷാംഗങ്ങള്‍ ഇരിക്കുന്നിടത്തേക്ക് ആരും പോയിട്ടില്ലെന്നും ചൂണ്ടിക്കാട്ടി. ഇന്നു നിയമസഭയില്‍ ഇടതുപക്ഷം സ്വീകരിച്ച നിലപാട് ശരിയായോ എന്ന് അവര്‍തന്നെ പരിശോധിക്കണം. മാര്‍ച്ച് 31നു മുന്‍പ് ബജറ്റ് അവതരിപ്പിച്ച് പാസാക്കേണ്ട ഭരണഘടനാപരമായ ഉത്തരവാദിത്തം സര്‍ക്കാരിനുണ്ട്. അതു തടയാനാണ് ഇന്ന് പ്രതിപക്ഷം ശ്രമിച്ചത്. ബജറ്റ് അവതരിപ്പിച്ച് പാസാക്കാനായില്ലെങ്കില്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടും. ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍പോലും കഴിയില്ല. ധനകാര്യമന്ത്രിയുള്ളപ്പോള്‍ മറ്റുള്ളവര്‍ ബജറ്റ് അവതരിപ്പിക്കണമെന്ന് പറയുന്നതില്‍ കാര്യമില്ലെന്നും മുഖ്യമന്ത്രി സൂചിപ്പിച്ചു.
സ്പീക്കറെ തടയുന്നത് നിയസഭയുടെ ചരിത്രത്തില്‍ ആദ്യമാണ്, മുഖ്യമന്ത്രി പറഞ്ഞു. ബജറ്റവതരണത്തിന് മുന്‍പും സ്പീക്കര്‍ പ്രതിപക്ഷ നേതാക്കളെ വിളിച്ച് ബജറ്റവതരണത്തോട് സഹകരിക്കണമെന്ന് ആവശ്യപ്പെട്ടതാണ്. സഹകരിക്കില്ലെന്ന് അവര്‍ വ്യക്തമാക്കിയപ്പോഴാണ് സംഘര്‍ഷം ഉണ്ടാവാതിരിക്കാന്‍ ധനമന്ത്രിയുടെ സീറ്റ് പിന്‍നിരയിലേക്ക് മാറ്റിത്തരണമെന്ന് താന്‍ എഴുതിക്കൊടുത്തത്. മന്ത്രിമാരുടെ സീറ്റു മാറ്റുന്നത് സംബന്ധിച്ച് മുഖ്യമന്ത്രിയ്ക്ക് നിര്‍ദേശങ്ങള്‍ നല്‍കാം. സ്പീക്കറാണ് തീരുമാനിക്കുക. അങ്ങനെയാണ് മന്ത്രി മാണി പിന്‍നിരയില്‍ നിന്നും ബജറ്റ് അവതരിപ്പിച്ചത്. രണ്ടു പേജ് വായിക്കുകയും ശേഷം ബജറ്റ് മേശപ്പുറത്ത് വയ്ക്കുകയും ചെയ്തു – മുഖ്യമന്ത്രി പറഞ്ഞു.
Discussion about this post