തിരുവനന്തപുരം: രണ്ടായിരത്തി പതിനാലിലെ രാജാരവിവര്‍മ പുരസ്‌കാരത്തിന് ബാലന്‍ നമ്പ്യാരെ തിരഞ്ഞെടുത്തതായി സാംസ്‌കാരിക മന്ത്രി കെ.സി.ജോസഫ് അറിയിച്ചു. ആധുനിക ചിത്രകലാരംഗത്ത് നല്‍കിയ അമൂല്യ സംഭാവനകള്‍ കണക്കിലെടുത്താണ് ബാലന്‍ നമ്പ്യാര്‍ക്ക് ബഹുമതി സമ്മാനിക്കുന്നത്. കണ്ണൂര്‍ കണ്ണപുരം സ്വദേശിയും കേന്ദ്ര ലളിതകല അക്കാദമി മുന്‍ചെയര്‍മാനുമായ ബാലന്‍ നമ്പ്യാര്‍(78) ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും വെനീസ് ബിനാലെപോലുള്ള പ്രശസ്തമായ വേദികളിലും തിളങ്ങിയ കലാ പ്രതിഭയാണ്.
കേന്ദ്ര ലളിതകല അക്കാദമിയുടെ ദേശീയ പുരസ്‌കാരമുള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ നേടിയ അദ്ദേഹം തെയ്യത്തെക്കുറിച്ചും ഇരുപത്തിയാറ് ക്ഷേത്രകലകളെക്കുറിച്ചും നടത്തിയ പഠനങ്ങള്‍ പുസ്തകങ്ങളായിട്ടുണ്ട്. ചിത്ര ശില്‍പകലയ്ക്ക് വിലപ്പെട്ട സംഭാവനകള്‍ നല്‍കിയ കലാകാരന്‍മാരെ ആദരിക്കുന്നതിന് സംസ്ഥാന സര്‍ക്കാരാണ് പുരസ്‌കാരം ഏര്‍പ്പെടുത്തിയിട്ടുള്ളത്. 1,50,000 രൂപയും പ്രശംസാ പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. ചിത്രകാരനും കേരള ലളിതകലാ അക്കാദമി മുന്‍ ചെയര്‍മാനുമായ കെ.എ.ഫ്രാന്‍സിസ് അദ്ധ്യക്ഷനും, സാംസ്‌കാരിക വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി റാണി ജോര്‍ജ്, ചിത്രകാരനും കലാനിരൂപകനുമായ കെ.കെ.മാരാര്‍, ജയ്പൂര്‍ സര്‍വകലാശാല ചിത്രകലാവിഭാഗം മേധാവിയും ശില്പിയുമായ തോമസ് കോവൂര്‍, മാതൃഭൂമി മുന്‍ ചീഫ് ആര്‍ട്ടിസ്റ്റും ചിത്രകാരനും കലാനിരൂപകനുമായ ജെ.ആര്‍.പ്രസാദ് എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് രാജാരവിവര്‍മ പുരസ്‌കാരത്തിന് ബാലന്‍ നമ്പ്യാരെ തിരഞ്ഞെടുത്തത്.
Discussion about this post