തിരുവനന്തപുരം: കാര്‍ഷികമേഖലയില്‍ കേരളം സ്വയം പര്യാപ്തമാകണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. തിരുവനന്തപുരത്ത് കാംകോയുടെ പുതിയ ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തിന് എല്ലാ മേഖലയിലും വളരെ നഷ്ടമുണ്ടായിട്ടുണ്ട്. പ്രധാനമായും കാര്‍ഷിക മേഖലയിലാണ് കനത്ത നഷ്ടമുണ്ടായിരിക്കുന്നത്. റബര്‍ ഒഴികെയുള്ള ഒരു കൃഷിയിലും കേരളത്തിന് അഭിമാനിക്കാനായി ഒന്നുമില്ല മുഖ്യമന്ത്രി പറഞ്ഞു. പലതിനോടും നിഷേധാത്മകമായ സമീപനമാണ് കേരളം സ്വീകരിച്ചിരുന്നത്. 1960കളിലെ ട്രാക്ടര്‍ വിരുദ്ധസമരം നടത്തിയത് തൊഴില്‍ നഷ്ടമുണ്ടാക്കുമെന്നും തൊഴിലാളി വിരുദ്ധമാണെന്നും പറഞ്ഞായിരുന്നു. കാര്‍ഷിക യന്ത്രവത്കരണത്തെ അന്ന് കേരളം എതിര്‍ത്തത് പിന്നീടുള്ള കേരളീയ കാര്‍ഷികരംഗത്തെ പിന്നോട്ടടിച്ചു. ഇന്ന് തൊഴിലാളികളെ കിട്ടാനില്ല. ലോകം മുഴുവന്‍ യന്ത്രവത്കരണത്തെ സ്വാഗതം ചെയ്തുകഴിഞ്ഞു. വൈകിയാണെങ്കിലും കേരളം യന്ത്രവത്കരണ രംഗത്തേക്ക് എത്തുകയാണ്. പൊതുമേഖലയെക്കുറിച്ച് പലപ്പോഴും ചില തെറ്റായ ധാരണകളാണ് കേരളത്തിനുള്ളത്. വേണ്ടത്ര പ്രയോജനം നല്‍കാത്തതും കാര്യക്ഷമതയില്ലാത്തതുമായ മേഖലയാണിത് എന്നാണ് ആക്ഷേപം. എന്നാല്‍ ചെറിയ മൂലധനത്തോടെയും ചെറിയ തോതിലുള്ള പ്രവര്‍ത്തന പരിപാടികളോടെയും ആരംഭിച്ച കാംകോ ഇന്ന് അഭിമാനാര്‍ഹമായ നേട്ടമാണ് കൈവരിച്ചിരിക്കുന്നത്. ആധുനികവും സുരക്ഷിതവുമായ യന്ത്രങ്ങളുടെ വിപണനം വഴി കര്‍ഷകരുടെ വിശ്വാസം നേടിയെടുക്കാനും കാംകോയ്ക്ക് കഴിഞ്ഞുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
മണ്ണുസൗഹൃദവും കര്‍ഷകസൗഹൃദവുമായ ഉല്‍പ്പന്നമാണ് കാംകോയുടേതെന്ന് ചടങ്ങില്‍ അധ്യക്ഷനായിരുന്ന കൃഷിമന്ത്രി കെ.പി.മോഹനന്‍ പറഞ്ഞു. കാര്‍ഷികമേഖലയില്‍ തൊഴിലാളികളുടെ ദൗര്‍ലഭ്യം കണക്കിലെടുത്ത് കാംകോ വലിയ ഇടപെടല്‍ നടത്തിയിട്ടുണ്ട്. 50 കോടിയുടെ ബജറ്റോടെ പുതിയ ട്രാക്ടര്‍ നിര്‍മ്മാണം നടത്താനുള്ള ശ്രമം ഏറെ മുന്നോട്ടുപോയിട്ടുണ്ട്. കൂത്തുപറമ്പില്‍ നവംബര്‍ മാസത്തോടെ പുതിയ ട്രാക്ടറുകളുടെ ഉത്പാദനം ആരംഭിക്കുമെന്ന് മന്ത്രി പറഞ്ഞു.
കെ.മുരളീധരന്‍ എം.എല്‍.എ. മുഖ്യപ്രഭാഷണം നടത്തി. എം.എല്‍.എ.മാരായ പി.സി.വിഷ്ണുനാഥ്, അന്‍വര്‍ സാദത്ത്, എന്‍.കെ.പ്രേമചന്ദ്രന്‍ എം.പി., കാംകോ എം.ഡി. എന്‍.കെ.മനോജ്, കെ.ടി.ഡി.സി.ചെയര്‍മാന്‍ വിജയന്‍ തോമസ്, കൃഷി ഡയറക്ടര്‍ ആര്‍.അജിത്കുമാര്‍, ഹോര്‍ട്ടികള്‍ച്ചറല്‍ മിഷന്‍ ഡയറക്ടര്‍ ഡോ.കെ.പ്രതാപന്‍, കാംകോ ഡയറക്ടര്‍മാരായ കെ.എസ്.അനില്‍, കെ.പി.ചന്ദ്രന്‍, എം.എം.ഹമീദ്, വി.കെ.ശിവാനന്ദന്‍, പി.കെ.മോഹനന്‍, കാംകോ ഡെപ്യൂട്ടി ജി.എം. ജോളി തോമസ് എന്നിവര്‍ പ്രസംഗിച്ചു. കാംകോയുടെ പുതിയ ഉല്‍പ്പന്നങ്ങളായ ഡീസല്‍ പവര്‍ റീപ്പര്‍, ബ്രഷ് കട്ടര്‍, എന്നിവയുടെ വിപണനോദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിച്ചു.
Discussion about this post