തിരുവനന്തപുരം: ആയുര്‍വേദം ജീവിതചര്യയാക്കണമെന്ന് ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം. തിരുവനന്തപുരത്ത് ആയുര്‍വേദ കോളേജിന്റെ ശതോത്തര രജതജൂബിലി ആഘോഷങ്ങളുടെ സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആയുര്‍വേദം ഒരു ചികിത്സാമേഖലയെന്നതിലുപരി മനുഷ്യരുടെ മാനസിക -ശാരീരിക-ആത്മീയ സൗഖ്യത്തിന് കാരണമാകുന്നതാണ്. മനുഷ്യനേയും പ്രകൃതിയെയും ഒന്നായിക്കാണുന്ന ആയുര്‍വേദത്തിന്റെ സമഗ്രചികിത്സാ സമ്പ്രദായം ആധുനിക മനുഷ്യസമൂഹത്തിന്റെ ജീവിതചര്യയ്ക്ക് യുക്തമായ ചികിത്സാരീതിയാണെന്നും അദ്ദേഹം പറഞ്ഞു. പാശ്ചാത്യലോകം ഇന്ന് ക്രമാനുഗതമായി ആയുര്‍വേദത്തെ പിന്‍തുടരുന്നുണ്ട്. പ്രകൃതിയെ നശിപ്പിക്കാന്‍ തുടങ്ങിയതോടെയാണ് മനുഷ്യരില്‍ രോഗങ്ങള്‍ കടന്നുവരാന്‍ തുടങ്ങിയത്. ആരോഗ്യമുള്ള ജീവിതത്തിന് പ്രകൃതി ആവശ്യമാണ്. പ്രകൃതിയും മനുഷ്യനും പരസ്പരപൂരകമായ ആയുര്‍വേദത്തില്‍നിന്നും ആധുനിക ഭിഷഗ്വരന്‍മാര്‍ക്ക് ഏറെ പഠിക്കാനുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു.
ആയുര്‍വേദത്തില്‍ അര്‍ത്ഥപൂര്‍ണമായ ഗവേഷണങ്ങള്‍ നടക്കേണ്ടതുണ്ടെന്ന് ചടങ്ങില്‍ അദ്ധ്യക്ഷനായിരുന്ന പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ പറഞ്ഞു. ആയുര്‍വേദ മെഡിക്കല്‍ ഡയറക്ടര്‍ ഡോ.ടി.ശിവദാസ്, ആരോഗ്യ സര്‍വകലാശാല പ്രോ-വൈസ്ചാന്‍സലര്‍ ഡോ.രത്‌നാകരന്‍, ഡോ.മോഹന്‍ലാല്‍, ഡോ.പി.കെ.അശോകന്‍, ആയുര്‍വേദ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.ഉഷാകുമാരി തുടങ്ങിയവര്‍ പ്രസംഗിച്ചു.
Discussion about this post