തിരുവനന്തപുരം: കുറ്റകൃത്യമില്ലാത്ത കേരളമാണ് ലക്ഷ്യമെന്നും ഇതിനായി പോലീസ് സേനയെ കൂടുതല്‍ കാര്യക്ഷമമാക്കുമെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. കുറ്റകൃത്യമില്ലാതാക്കുന്നതിന് പൊതുസമൂഹത്തിന്റെ പിന്തുണകൂടി തേടുമെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരം സിറ്റി പോലീസിന്റെ ഫ്രണ്ട്‌സ് ഓഫ് പോലീസ് പദ്ധതി ട്രാഫിക് പോലീസ് സ്റ്റേഷന്‍ ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പോലീസിനെ സഹായിക്കുന്ന പൊതുജനങ്ങള്‍ക്ക് തിരിച്ചറിയില്‍ കാര്‍ഡ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ നല്‍കുന്ന പദ്ധതിയാണ് ഫ്രണ്ട്‌സ് ഓഫ് പോലീസ്. കാര്യക്ഷമതയുള്ള പോലീസ് എന്ന ആശയം മുന്‍നിര്‍ത്തി ലോകത്താദ്യമായി ലണ്ടനില്‍ നടപ്പാക്കിയ പദ്ധതിയെ അടിസ്ഥാനമാക്കിയാണ് തിരുവനന്തപുരം സിറ്റി പോലീസിന്റെ ഈ നൂതന ആശയം പ്രാവര്‍ത്തികമാക്കുന്നത്. പദ്ധതി വിജയകരമാണെന്ന് കണ്ടാല്‍ മറ്റു ജില്ലകളിലേക്കും വ്യാപിപ്പിക്കുമെന്നും മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. മുന്‍പ് സത്യം കമ്പ്യൂട്ടര്‍ തട്ടിപ്പ് കേസ് തെളിയിച്ച സിറ്റി പോലീസ് കമ്മീഷണര്‍ എച്ച്.വെങ്കിടേഷിനെ ചടങ്ങില്‍ മന്ത്രി അനുമോദിച്ചു. കേരളത്തിലെ ജനങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ വിഷുകൈനീട്ടമാണ് ഈ പദ്ധതിയെന്ന് ആശംസാ സന്ദേശത്തില്‍ മന്ത്രി വി.എസ്.ശിവകുമാര്‍ പറഞ്ഞു. കെ.മുരളീധരന്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ മേയര്‍ അഡ്വ.കെ.ചന്ദ്രിക, കോര്‍പ്പറേഷന്‍ പ്രതിപക്ഷകക്ഷിനേതാവ് ജോണ്‍സണ്‍ ജോസഫ്, സിറ്റി പോലീസ് കമ്മീഷണര്‍ എച്ച്.വെങ്കിടേഷ്, ഡിസിപി ജോളി ചെറിയാന്‍, ശംഖുമുഖം എസി ജവഹര്‍ ജനാര്‍ദ് തുടങ്ങിയവര്‍ പങ്കെടുത്തു.
Discussion about this post