ന്യൂഡല്‍ഹി: ഭൂമിയേറ്റെടുക്കല്‍ നിയമത്തില്‍ കേന്ദ്രസര്‍ക്കാര്‍ വരുത്തുന്ന ഭേദഗതികള്‍ക്കെതിരേ ആം ആദ്മി പാര്‍ട്ടി നടത്തിയ പ്രതിഷേധ സമരത്തിനിടെ കര്‍ഷകന്‍ ജീവനൊടുക്കി. പ്രതിഷേധത്തിനെത്തിയ രാജസ്ഥാന്‍ സ്വദേശിയായ ഗജേന്ദ്രയാണു ജീവനൊടുക്കിയത്. കേജരിവാള്‍ വേദിയുണ്ടായിരിക്കെയാണ് സംഭവം നടന്നത്.
പ്രതിഷേധ വേദിക്കു തൊട്ടടുത്തുണ്ടായിരുന്ന മരത്തില്‍ കയറിയ ഇയാള്‍ കഴുത്തില്‍ കുരുക്കിട്ടു മരത്തില്‍ ബന്ധിച്ചശേഷം താഴേക്കു ചാടുകയായിരുന്നു. ഉടന്‍തന്നെ മറ്റു പ്രവര്‍ത്തകര്‍ മരത്തില്‍ കയറി ഇയാളെ താഴെയിറക്കി റാം മനോഹര്‍ ലോഹ്യ ആശുപത്രിയിലെത്തിച്ചങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഞാന്‍ രാജസ്ഥാനില്‍നിന്നുള്ള ഒരു കര്‍ഷകന്റെ മകനാണ്. വിളകള്‍ നശിച്ചതോടെ അച്ഛന്‍ എന്നെ വീട്ടില്‍നിന്ന് ഇറക്കി വിട്ടു. എനിക്കു മൂന്നു കുട്ടികളുണ്ട് അവരെ പോറ്റാന്‍ മറ്റു വഴികള്‍ ഞാന്‍ കാണുന്നില്ല. ഇങ്ങനെ എഴുതിയ ഒരു കുറിപ്പ് താഴേക്കെറിഞ്ഞെശേഷമായിരുന്നു ഗജേന്ദ്ര ജീവനൊടുക്കിയത്. ഗജേന്ദ്രയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചശേഷവും റാലി തുടര്‍ന്നു. കേജരിവാള്‍ സംസാരിക്കുകയും ചെയ്തു. ഇതിനിടെയാണ് ആശുപത്രിയില്‍നിന്നു മരണവാര്‍ത്തയെത്തിയത്.
സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു. ഡല്‍ഹി സിറ്റി പോലീസ് കമ്മീഷണറാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗിന്റെ നിര്‍ദേശ പ്രകാരമാണു നടപടി. സംഭവം എഎപിക്കെതിരെയുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്നായിരുന്നു എഎപിയുടെ ആദ്യ പ്രതികരണം. എന്നാല്‍, എഎപി നടത്തിയ ഗൂഢാലോചനയാണിതെന്നു ബിജെപി തിരിച്ചടിച്ചു.
സംഭവത്തില്‍ എഎപിക്കെതിരേ കോണ്‍ഗ്രസ് രംഗത്തെത്തി. എഎപിയുടെ മനുഷ്യത്വമില്ലായ്മയാണു ഇതിലൂടെ വ്യക്തമാക്കുന്നതെന്നു കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ് പറഞ്ഞു. ഒരാളുടെ ജീവന്‍ നഷ്ടപ്പെടുന്ന അവസ്ഥയുണ്ടായിട്ടും റാലി നിര്‍ത്തിവയ്ക്കാന്‍ എഎപി തയാറായില്ലെന്നും അദേഹം കുറ്റപ്പെടുത്തി. റാം മനോഹര്‍ ലോഹ്യ ആശുപത്രിയിലെത്തിയ കോണ്‍സ്ര് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി ഗജേന്ദ്രയുടെ ബന്ധുക്കളെ ആശ്വസിപ്പിച്ചു.
ഗജേന്ദ്ര ജീവനൊടുക്കാന്‍ ശ്രമിച്ചിട്ടു രക്ഷിക്കാന്‍ പോലീസ് തയാറായില്ലെന്നു എഎപി ആരോപിച്ചു. മൂന്ന് എഎപി പ്രവര്‍ത്തകരായിരുന്നു മരത്തില്‍ കയറി ഇയാളെ താഴെയെത്തിച്ചത്.
Discussion about this post