അദ്ധ്യായം – 7
ഡോ.പൂജപ്പുര കൃഷ്ണന്‍നായര്‍
ശരീരം, ഇന്ദ്രിയങ്ങള്‍, പ്രാണന്‍, ബുദ്ധി എന്നിവയ്‌ക്കെല്ലാം അതീതമാണ് ആത്മാവ്. അതു ശുദ്ധവും ജ്ഞാനസ്വരൂപവും ആനന്ദമയവും തത്താമസി തുടങ്ങിയ മഹാവാക്യങ്ങളുടെ അര്‍ത്ഥവും ആകാരരഹിതവും കാലാതീതവും വികല്പങ്ങള്‍ തീണ്ടാത്തതതും മാറ്റങ്ങളില്ലാത്തതും അഖണ്ഡവും ഈ ലോകത്തു കാണുന്ന എല്ലാറ്റിന്റെയും ഉത്പത്തിസ്ഥാനവും പ്രപഞ്ചം മുഴുവന്‍ വ്യാപിച്ചു നില്‍ക്കുന്നതും എല്ലാം കര്മ്മങ്ങളും വികാരങ്ങളും ചിന്തകളും കണ്ടുകൊണ്ടിരിക്കുന്നതും എല്ലാം അറിയുന്നതും എല്ലാറ്റിന്റെയും നിയന്താതാവുമാണ്.
‘ദേഹേന്ദ്രിയപ്രാണബുദ്ധ്യാദികള്‍ക്കെല്ലാ-
മാഹന്തമേലേ വസിപ്പതാന്മാവുകേള്‍
ശുദ്ധ, സ്വയംജ്യോതി, രാനന്ദപൂര്‍ണ്ണമായ്,
തത്ത്വാര്‍ത്ഥമായ്, നിരാകാരമായ്, നിത്യമായ്,
നിര്‍വികല്പം, പരം നിര്‍വികാരം, ഘനം
സര്‍വൈകകാരണം, സര്‍വജഗന്മയം,
സര്‍വൈകസാക്ഷിണം, സര്‍വജ്ഞ, മീശ്വരം
സര്‍വദാ ചേതസ് ഭാവിച്ചുകൊള്‍ക നീ.’
ശരീരമോ മനസ്സോ ബുദ്ധിയോ ഇന്ദ്രിയങ്ങളോ പ്രാണനോ ഒന്നുമല്ല ആത്മാവ്. അവയുടെ ചേര്‍ച്ച മൂലമുണ്ടാകുന്ന ഉത്പന്നവുമല്ല. ഇവയെല്ലാമുണ്ടാക്കിയും നിലനിര്‍ത്തിയും നിയന്ത്രിച്ചും ഇവക്കെല്ലാമതീതമായി കുടികൊള്ളുന്ന ബോധമാണ് ആത്മാവ്. ശരീരമനോബദ്ധികള്‍ക്കു വരുന്ന മാറ്റങ്ങളും ദുഃഖാദികളും ആത്മാവിന് ബാധിക്കുന്നേയില്ല. മറിച്ച് ജീവാത്മാവിനനുസരിച്ച് ശരീരാദികള്‍ക്കു മാറ്റം വരുന്നു എന്നറിയണം. മറിച്ച് ജീവാത്മാവിനനുസരിച്ച് ശരീരാദികള്‍ക്കു മാറ്റം വരുന്നു എന്നറിയണം. ഈ തത്ത്വം അറിയുന്നയാളാണു ഗുരു. കാശിയില്‍ വച്ചു കണ്ടുമുട്ടിയ ചണ്ഡാലന്റെ പാദങ്ങളില്‍ നമസ്‌കരിച്ചുകൊണ്ടു ശങ്കരാചാര്യസ്വാമികള്‍ ചൊല്ലിയ മനീഷാപഞ്ചകം ഇക്കാര്യം വിളംബരം ചെയ്യുന്നു.
ജാഗ്രത്‌സ്വപ്ന സുക്ഷിപ്തിക്കു സ്ഫുടതരാ
യാ സംവിദുജ്ജ്യംഭതേ
യാബ്രഹ്മാദി പിപീലികാന്തതനുഷു
പ്രോതാ ജഗത്സാക്ഷിണീ,
സൈവാവം, നച ദൃശ്യവസ്ത്വിതിദൃഢ
പ്രജ്ഞാപിയസ്ത്യാസ്തി ചേത്,
ചണ്ഡാലോfസ്തു സതു ദ്വിജോfസ്തു ഗുരുരി
ത്യേഷാ മനീഷാ മമ.
(ജാഗ്രത്, സ്വപ്നം, സുഷുപ്തി എന്നീ അവസ്ഥകള്‍ മൂന്നിലും അനുഭവവേദ്യമാകുന്ന ആ ബോധം – യാതൊന്നാണോ ബ്രഹ്മവുമുതല്‍ ഉറുമ്പുവരെയുള്ളവരില്‍ വ്യാപിച്ചിരിക്കുന്നത്, യാതൊന്നാണോ ലോകത്തു നടക്കുന്നതെല്ലാം കണ്ടുകൊണ്ടിരിക്കുന്നത് – അതാണു ഞാന്‍; അല്ലാതെ ദൃശ്യമായ ശരീരമനോബുദ്ധ്യാദികളല്ല എന്ന ദൃഢമായ അറിവ് ആര്‍ക്കാണോ ഉള്ളത് അയാള്‍ ജന്മംകൊണ്ടു ചണ്ഡാലനായാലും ബ്രാഹ്മണനായാലും ഗുരുതന്നെയാണ് എന്നാണ് എന്റെ ഉറച്ച അഭിപ്രായം.)
Discussion about this post