തിരുവനന്തപുരം: കിഴക്കേകോട്ടയിലെ വെള്ളപ്പൊക്കം ഒഴിവാക്കാന്‍ ഓടയ്ക്ക് മുകളിലുള്ള കയ്യേറ്റം ഒഴിപ്പിക്കുന്നതിന്റെ പുരോഗതി ചീഫ് സെക്രട്ടറി ജിജി തോംസണ്‍ നേരിട്ടെത്തി വിലയിരുത്തി. മണക്കാട്, കരിമഠം, അട്ടക്കുളങ്ങര എന്നിവിടങ്ങളിലെ കയ്യേറ്റം ഒഴിപ്പിക്കല്‍ പ്രവര്‍ത്തികളാണ് ചീഫ് സെക്രട്ടറി നിരീക്ഷിച്ചത്.
ഓടയ്ക്ക് മുകളിലെ കയ്യേറ്റങ്ങള്‍ കണ്ടെത്തി ശക്തമായ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. മഴക്കാലത്തിനു മുന്‍പ് കയ്യേറ്റമൊഴിപ്പിച്ച് ഓടകള്‍ പ്രവര്‍ത്തനക്ഷമമാക്കുന്നതിനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. പ്രവര്‍ത്തികള്‍ പാതിവഴിയില്‍ ഉപേക്ഷിക്കില്ലെന്നും ഊര്‍ജസ്വലമായി മുന്നോട്ടുകൊണ്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു. ഇവിടെ പുതിയ കനാല്‍ ഉണ്ടാക്കണമെന്നതാണ് ഇപ്പോഴത്തെ സ്ഥിതി. ആളുകള്‍ക്ക് പരമാവധി നഷ്ടം ഒഴിവാക്കിക്കൊണ്ട് മാനുഷികപരിഗണനയോടെ ഇത് പൂര്‍ത്തിയാക്കും. വേലിയേറ്റ സമയത്ത് വേളി കായലില്‍ നിന്ന് കനാലുകളിലേക്ക് തിരികെ വെള്ളം കയറാത്ത രീതിയില്‍ നിര്‍മ്മാണം നടത്താനാണ് ഉദ്ദേശിക്കുന്നത്. 5.2 മീറ്റര്‍ വീതിയുണ്ടായിരുന്ന കനാലിന് ഇപ്പോള്‍ ഒന്നര മീറ്റര്‍ വീതിയെ ഉള്ളു എന്നദ്ദേഹം ചൂണ്ടിക്കാട്ടി. മറ്റു ജില്ലകളില്‍ നിന്നും ഇത്തരത്തില്‍ കയ്യേറ്റമൊഴിപ്പിക്കണമെന്ന ആവശ്യം വന്നിട്ടുണ്ട്. ഇക്കാര്യത്തില്‍ എന്തുചെയ്യണമെന്ന് ആലോചിക്കും. അടുത്ത മന്ത്രിസഭായോഗത്തില്‍ ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്തുമെന്നും ചീഫ് സെക്രട്ടറി അറിയിച്ചു. ഓട കടന്നുപോകുന്ന പ്രദേശം ചീഫ് സെക്രട്ടറിക്കൊപ്പം തിരുവനന്തപുരം ജില്ലാ കളക്ടര്‍ ബിജു പ്രഭാകര്‍, മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സന്ദര്‍ശിച്ചു.
Discussion about this post